greenland-nasa-pic

ഗ്രീൻലാൻഡിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള പീറ്റർമാൻ ഹിമാനിയിൽ നിന്ന് വേർപെട്ട് സമുദ്രത്തിലൂടെ ഒഴുകി നടന്ന് ശാസ്ത്രജ്ഞരെപ്പോലും ഞെട്ടിക്കുന്ന ഒരു ഭീമൻ മഞ്ഞുമലയുടെ വാർത്തയാണ് ഇപ്പോൾ ശാസ്ത്രലോകത്ത് നിന്ന് പുറത്തുവരുന്നത്. 

നാസ പകർത്തിയ ദൃശ്യത്തിൽ ഏകദേശം 75 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള ഈ ഭീമൻ മഞ്ഞുമല, ജോ ദ്വീപുമായി ശക്തിയായി കൂട്ടിയിടിച്ചിട്ടും തകരാതെ വീണ്ടും അതിന്റെ യാത്ര തുടരുന്നതായി കാണാം. ഒട്ടാവ സർവകലാശാലയിലെ ഗ്ലേഷ്യോളജിയിൽ ഡോക്ടറൽ വിദ്യാർഥിയായ ആദം ഗാർബോ, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സെന്റിനൽ-1 ദൗത്യത്തിൽ നിന്നുള്ള ചിത്രങ്ങൾ സ്കാൻ ചെയ്യുന്നതിനിടെയായിരുന്നു ഈ ദൃശ്യങ്ങൾ കണ്ടെത്തുന്നത്. 

സാധാരണയായി ഇത്രയും വലിയ മഞ്ഞുമലകൾ കരയിലോ ദ്വീപുകളിലോ വന്ന് ഇടിക്കുമ്പോൾ അവ വലിയ കഷണങ്ങളായി തകരുകയോ അല്ലെങ്കിൽ അവിടെതന്നെ ഉറച്ചുനിൽക്കുകയോ ആണ് പതിവ്, എന്നാൽ ഈ മഞ്ഞുമല ജോ ദ്വീപിൽ വന്ന് ശക്തമായി ഉരസിയിട്ടും ഒരു കേടുപാടും സംഭവിച്ചില്ല. എന്നാൽ, ഈ കൂട്ടിയിടി മൂലം സമുദ്രത്തിലെ ജലപ്രവാഹങ്ങളിലും ചുറ്റുമുള്ള പരിസ്ഥിതിയിലും വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, 2012 ൽ 130 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഒരു മഞ്ഞുമല പീറ്റർമാനിൽ നിന്ന് വേർപെട്ട ശേഷം പൊട്ടിപ്പുറപ്പെട്ട ഏറ്റവും വലിയ മഞ്ഞുമല കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. 

അതേസമയം, ഒരു കൗതുകം എന്നതിനപ്പുറം, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ധ്രുവപ്രദേശങ്ങളിലെ ഹിമാനികളെ എങ്ങനെ ബാധിക്കുന്നുവെന്നും, അവ സമുദ്രത്തിലൂടെ സഞ്ചരിക്കുമ്പോൾ എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള വസ്തുത ഓർമപ്പെടുത്തുക കൂടിയാണ് ഈ സംഭവം. 

ENGLISH SUMMARY:

A giant iceberg, larger than Manhattan and originating from Greenland's Petermann Glacier, has scientists baffled by its resilience after colliding with an island. This massive ice formation, spotted by NASA, continues its journey despite a powerful impact, highlighting the significant effects of climate change and global warming on polar regions and their ice sheets.