do-not-marry-indian-men

TOPICS COVERED

എന്തുകൊണ്ട് സ്ത്രീകൾ ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കരുതെന്ന് വിശദീകരിക്കുന്ന ഇറ്റലിക്കാരന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യൻ പുരുഷന്മാർ വിവാഹം കഴിക്കുന്നത് സ്നേഹം കൊണ്ടല്ലെന്നും, വീട്ടുജോലികൾ ചെയ്യാൻ മടിയുള്ളതിനാലാണെന്നുമാണ് ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോയിൽ ഇയാൾ ആരോപിക്കുന്നത്. 

സ്വന്തം വീടുകൾ വൃത്തിയാക്കാൻ പോലും പുരുഷന്മാർ തയ്യാറാകുന്നില്ലെന്നും, വസ്ത്രങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും തറ വൃത്തികേടാക്കുകയും ചെയ്ത ശേഷം അത് വൃത്തിയാക്കാൻ ഒരു സ്ത്രീയെ അന്വേഷിക്കുകയാണെന്നും ഇയാൾ പറയുന്നു. ഇന്ത്യൻ പുരുഷന്മാർ വീട്ടുജോലികളിൽ പങ്കാളികളാകാതെ ഭാര്യമാരുടെ അധ്വാനം ചൂഷണം ചെയ്യുകയാണെന്നും അതിനാൽ ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കരുതെന്നുമാണ് ഇയാളുടെ വാദം. വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

ഇന്ത്യൻ പുരുഷന്മാരെ ഒന്നടങ്കം സ്റ്റീരിയോടൈപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതേസമയം, ഇന്ത്യൻ പുരുഷന്മാർ വിവാഹം കഴിക്കുന്നത് മാതാപിതാക്കളെ നോക്കാൻ ഒരാളെ കണ്ടെത്തുന്നതിനാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇന്ത്യയിൽ വിവാഹം തലമുറകളായി പിന്തുടരുന്ന ഒരു ആചാരം പോലെയാണെന്നും അതിനപ്പുറമുള്ള മൂല്യങ്ങൾക്ക് പലരും പ്രാധാന്യം നൽകുന്നില്ലെന്നും ഇവർ വാദിക്കുന്നു. കുടുംബത്തിന്റെ തുടർച്ച ഉറപ്പാക്കാനും മാതാപിതാക്കളെ നോക്കാനും ഒരു പങ്കാളിയെ കണ്ടെത്തുക എന്നതാണ് പല ഇന്ത്യൻ പുരുഷന്മാരുടെയും ലക്ഷ്യമെന്നും ഇവർ പറയുന്നു.

അതേസമയം, ഇറ്റലിയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ആളുകളുണ്ടെന്നും ലിംഗസമത്വത്തിന്റെ വിഷയത്തെ ഒരു രാജ്യത്തെയോ പ്രത്യേക വിഭാഗത്തെയോ മാത്രം കേന്ദ്രീകരിച്ച് വിലയിരുത്താനാകില്ലെന്നും ഇവർ പറയുന്നു. എന്തായാലും, വിവാഹബന്ധങ്ങളിലെ സ്ത്രീ-പുരുഷ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ഈ വൈറൽ വീഡിയോ.

ENGLISH SUMMARY:

An Italian man's viral Instagram video claims Indian men marry not for love but to get free housework. The video has triggered a heated debate on gender roles and marriage in India.