മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേതാണ്? എല്ലാം ഒന്നിനൊന്ന് പ്രധാനം. എന്നാൽ തലച്ചോറിന് പ്രഥമസ്ഥാനം കൽപിക്കുന്നവരാണ് കൂടുതലും. ഹൃദയവും മറ്റ് അവയവങ്ങളും മാറ്റിവച്ച് ജീവൻ നിലനിർത്താമെങ്കിലും തലച്ചോറിന്റെ കാര്യത്തിൽ അങ്ങനെയൊരു സാധ്യതയില്ലെന്നതാണ് ഈ പ്രാധാന്യത്തിന് അടിസ്ഥാനം.
തലച്ചോർ എന്നത് ഒരവയവമല്ല, മറിച്ച് രണ്ട് അവയവങ്ങളുടെ സംയോജിത രൂപമാണെന്ന പുതിയ കണ്ടെത്തൽ. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് തലച്ചോറിനെക്കുറിച്ച് കൗതുകകരമായ ഈ കണ്ടെത്തൽ നടത്തിയത്. ഏറെക്കാലമായി തലച്ചോറിലെ കോശങ്ങളെ കൃത്രിമമായി നിർമിക്കാനുള്ള പരീക്ഷണത്തിലായിരുന്നു ഗവേഷകർ. എന്നാൽ എത്ര ശ്രമിച്ചിട്ടും ഇത് വിജയിച്ചില്ല. ഇതോടെ എലികളുടെ തലച്ചോറുകൾ ഗവേഷകർ നിരീക്ഷിക്കാൻ തുടങ്ങി. ഇതോടെയാണ് ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക് ഗവേഷകർ എത്തിയത്. തലച്ചോർ ഒന്നല്ല, മറിച്ച് രണ്ടാണ്.
തലച്ചോറിന്റെ മുൻഭാഗവും പിൻഭാഗവുമാണ് ഈ രണ്ട് ഭാഗങ്ങൾ. ഗർഭാവസ്ഥയിൽ തലച്ചോർ രണ്ട് അവയവങ്ങളായാണ് രൂപപ്പെടുന്നതെന്ന് ഗവേഷകർ കണ്ടെത്തി. വ്യത്യസ്തമായ കോശങ്ങളുടെ രൂപീകരണം നിരീക്ഷിച്ചാണ് ഇത് കണ്ടെത്താനായത്. കാലക്രമേണ ഇവ സംയോജിച്ച് ഒരവയവം പോലെ തോന്നുന്നതിനാലാണ് തലച്ചോർ ഒന്നാണെന്ന് കരുതപ്പെട്ടിരുന്നത്. മുൻഭാഗം ഭാഷ, ബോധം, യുക്തി എന്നിവ നിയന്ത്രിക്കുന്നു. എന്നാൽ പിൻഭാഗമാകട്ടെ ശ്വസനം, ഹൃദയമിടിപ്പ്, ഉറക്കം, വിശപ്പ് തുടങ്ങിയ സ്വമേധയാ നിയന്ത്രിക്കാനാകാത്ത ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.
മുൻപ് തന്നെ ഇത്തരം പ്രവർത്തനങ്ങൾ തലച്ചോറിലെ പല ഭാഗങ്ങളിലായാണ് നിയന്ത്രിക്കപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നെങ്കിലും, ഇവ രണ്ട് വ്യത്യസ്ത അവയവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന് തെളിയിക്കുന്നതാണ് പുതിയ ഗവേഷണം. കോഴി, സീബ്രാഫിഷ്, ഏക്കോൺ പുഴുക്കൾ തുടങ്ങിയ മനുഷ്യരുമായി ജനിതകമായി ഏറെ സാമ്യമുള്ള ജീവികളിലും തലച്ചോറിന്റെ വികാസത്തിൽ സമാനമായ രീതിയാണ് കാണപ്പെടുന്നതെന്ന് ഗവേഷകർ കണ്ടെത്തി. ഇത് ഗവേഷണത്തിലെ പ്രധാന വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.
മുഖ്യമന്ത്രിക്കെതിരെ ഖർഗെയ്ക്ക് രേഖാമൂലം പരാതി നല്‍കി അടൂര്‍ പ്രകാശ്...
പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കൃത്രിമ തലച്ചോർ കോശങ്ങളുടെ ഉൽപാദനം ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഇതുകൂടാതെ തലച്ചോറിന്റെ പിൻഭാഗത്തെ ബാധിക്കുന്ന സ്പൈനൽ മസ്കുലാർ അട്രോഫി (SMA) പോലുള്ള ഗുരുതര രോഗങ്ങൾക്ക് ചികിത്സ കണ്ടെത്താനും ഈ ഗവേഷണം വഴിതുറന്നേക്കും.