എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

രാത്രിയില്‍ ലൈറ്റ് ഓണ്‍ ചെയ്ത് ഉറങ്ങുന്നവരാണോ നിങ്ങള്‍? പ്രത്യക്ഷത്തില്‍ നിരുപദ്രവപരമായി തോന്നുമെങ്കിലും ഈ ശീലം ഏറെ അപകടകരമാണെന്ന് പുതിയ പഠനം. ലൈറ്റിട്ട് ഉറങ്ങുന്നതിനെ കുറിച്ച് മാത്രമല്ല, ടിവി ഓണ്‍ ചെയ്ത് വച്ച് ആ വെളിച്ചത്തില്‍ ഉറങ്ങുന്നവര്‍ക്കും അല്ലെങ്കിൽ ഒരുപാട് തെരുവ് വിളക്കുകൾ നിറഞ്ഞ, പ്രകാശമുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ക്കുമെല്ലാം ഇത് ബാധകമാണ്. രാത്രിയിലെ കൃത്രിമ വെളിച്ചം നമ്മൾ കരുതുന്നതിലും വളരെ അപകടകാരിയാണെന്നാണ് ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.

woman-sleeping

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

രാത്രിയിലെ കൃത്രിമ വെളിച്ചം (മങ്ങിയ വെളിച്ചം പോലും) തലച്ചോറിലെ സമ്മർദ്ദ സിഗ്നലുകളെ ഉത്തേജിപ്പിക്കുകയും രക്തക്കുഴലുകളിലെ വീക്കത്തിന് കാരണമാകുകയും ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായാണ് ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത്. രാത്രിയിലെ കൃത്രിമ വെളിച്ചവും ഹൃദയ സംബന്ധമായ തകരാറുകളും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പഠനം. വർഷങ്ങളായി ഈ അപകടസാധ്യത അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അടിയന്തര അവബോധം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. ഹൃദയത്തിനപ്പുറം, തലച്ചോറിന്‍റെ ആരോഗ്യം, ഉറക്കത്തിന്‍റെ ഗുണനിലവാരം, അൽഷിമേഴ്‌സിനുള്ള സാധ്യത എന്നിവയെക്കുറിച്ചും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കൃത്രിമ വെളിച്ചം ബാധിക്കുന്നതെങ്ങിനെ?

രാത്രിയിലെ കൃത്രിമ വെളിച്ചം തലച്ചോറില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും അത് ധമനികളിൽ വീക്കത്തിന് കാരണമാകുന്ന സിഗ്നലുകൾ അയയ്ക്കുകയും ചെയ്യുന്നതായി പഠനം പറയുന്നു. ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടുതൽ വെളിച്ചത്തിന് വിധേയമാകുന്തോറും അപകടസാധ്യത കൂടുന്നതായും പഠനം പറയുന്നുണ്ട്. 

ഹൃദയത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ആഘാതം. രാത്രിയിലെ കൃത്രിമ വെളിച്ചം ശരീരത്തിന്റെ സ്വാഭാവിക സര്‍കാഡിയന്‍ റിഥത്തെ താളെ തെറ്റിക്കുന്നു. ഉറക്കമില്ലായ്മ, ഉറക്കക്കുറവ്, നല്ല ഉറക്കത്തിന്റെ (Quality sleep) അഭാവം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നതായി മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അൽഷിമേഴ്‌സിന്‍റെ സാധ്യത വർദ്ധിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

light-pollution

രാത്രിയിലെ പ്രകാശ മലിനീകരണം വ്യാപകമാണെങ്കിലും ഹൃദയാരോഗ്യത്തിന് ഭീഷണിയായി ഇത് വളരെ അപൂർവമായി മാത്രമേ ചർച്ച ചെയ്യപ്പെടുന്നുള്ളൂ എന്നാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഡോ. ഷാഡി അബോഹാഷെം പറയുന്നത്. പ്രകാശ മലിനീകരണം ഒരു ശല്യം മാത്രമല്ല, ഇത് ഹൃദ്രോഗ സാധ്യത സജീവമായി വർദ്ധിപ്പിക്കുന്നു. ഇത് ഒരു യഥാർത്ഥ പൊതുജനാരോഗ്യ വെല്ലുവിളിയായി കണക്കാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം രാത്രിയിലെ പ്രകാശ മലിനീകരണം ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ അറിവില്ലാതെ തന്നെ ബാധിച്ചേക്കാം. 

sleep-mask

രാത്രിയിലെ പ്രകാശത്തെ തടയാം

രാത്രിയിലെ പ്രകാശത്തെ തടയാന്‍ കിടപ്പുമുറി കഴിയുന്നത്ര ഇരുട്ടുള്ളതാക്കാനാണ് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്. ഇതിനായി പുറത്ത് നിന്നുള്ള പ്രകാശം തടയാൻ ബ്ലാക്ക്ഔട്ട് കർട്ടനുകൾ ഉപയോഗിക്കാം. ഉറങ്ങുന്നതിനുമുമ്പ് മൊബൈല്‍ ഫോണുകൾ, ടിവി, ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നത് കുറയ്ക്കുക (സ്ക്രീന്‍ ടൈം കുറയ്ക്കുക), അനാവശ്യമായ നൈറ്റ് ലാമ്പുകള്‍ ഓഫ് ചെയ്യുക, പുറത്തെ വെളിച്ചം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ സ്ലീപ്പ് മാസ്ക് ഉപയോഗിക്കാം, കിടപ്പുമുറികളില്‍ വെള്ളയോ നീലയോ ലൈറ്റുകൾക്ക് വാം ആയിട്ടുള്ളതോ മങ്ങിയതോ ആയ ലൈറ്റിങ് ഉപയോഗിക്കുക. വീടുകൾക്ക് ചുറ്റും ലൈറ്റുകള്‍ ഓണ്‍ ചെയ്തിടുന്നതിന് പകരം മോഷൻ സെൻസർ ലൈറ്റുകള്‍ ഉപയോഗിക്കാം.

ENGLISH SUMMARY:

A new Harvard University study warns that exposure to artificial light at night (even dim light) can stimulate stress signals in the brain, leading to blood vessel inflammation and significantly increasing the risk of heart disease. Researchers stress that this risk, often overlooked, is a serious public health challenge impacting millions, as light pollution disrupts the body's natural circadian rhythm. The impact extends beyond the heart, potentially worsening sleep quality and raising the risk of Alzheimer's. Experts recommend using blackout curtains and minimizing screen time before bed to ensure a completely dark sleeping environment.