devil-worm

TOPICS COVERED

നിങ്ങളുടെ കാലിനടിയിൽ എന്താണുള്ളത്? മണ്ണും പാറയും കളിമണ്ണുമെന്നാകും പലരുടെയും മറുപടി. എന്നാൽ ഭൂമിയുടെ ആഴങ്ങളിൽ മനുഷ്യന്റെ സങ്കൽപ്പങ്ങൾക്കും അപ്പുറം ജീവിക്കുന്ന ജീവികളുമുണ്ട്. അത്തരത്തിൽ ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ജീവിയാണ് Halicephalobus mephisto എന്ന സൂക്ഷ്മ നെമറ്റോഡ്. 'ചെകുത്താൻ പുഴു' എന്ന പേരിലാണ് ഇത് കൂടുതൽ അറിയപ്പെടുന്നത്. ഇതുവരെ കണ്ടെത്തിയ ഏറ്റവും ആഴത്തിൽ ജീവിക്കുന്ന ബഹുകോശ ജീവി എന്ന പ്രത്യേകതയും ഇതിനുണ്ട്.

2011-ൽ ദക്ഷിണാഫ്രിക്കയിലെ സ്വർണഖനിയിൽ ഭൂമിക്കടിയിൽ ഏകദേശം 3.6 കിലോമീറ്റർ ആഴത്തിൽ നിന്നാണ് ശാസ്ത്രജ്ഞർ ഈ പുഴുവിനെ കണ്ടെത്തിയത്. മനുഷ്യർക്ക് നേരിട്ട് എത്തിച്ചേരാൻ പ്രയാസമുള്ള, ഉയർന്ന താപനിലയും മർദവും കുറഞ്ഞ ഓക്സിജനും ഉള്ള ഭൂഗർഭ ജലത്തിലാണ് ഇവ ജീവിക്കുന്നത്.

ഒരു മുടിയിഴയേക്കാൾ നേർത്ത ശരീരമുള്ള ഈ പുഴുവിന്‍റെ പ്രധാന ഭക്ഷണം ബാക്ടീരിയയാണ്. അതിശക്തമായ ചൂടും മർദവും അതിജീവിക്കാനുള്ള കഴിവാണ് ഇതിനെ മറ്റ് നെമറ്റോഡുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഇതിന്റെ മറ്റൊരു കൗതുകകരമായ പ്രത്യേകതയാണ് ആൺപുഴുവില്ലാതെ തന്നെ സന്താനോൽപാദനം നടത്താൻ കഴിയുന്നത്. ശാസ്ത്രീയമായി പാർത്തീനോജനസിസ് (Parthenogenesis) എന്നറിയപ്പെടുന്ന ഈ രീതിയിലൂടെ പെൺപുഴുക്കൾക്ക് മുട്ടയിട്ട് പുതിയ തലമുറയെ സൃഷ്ടിക്കാൻ കഴിയും. ശേഖരിച്ച മാതൃകകളിൽ നിന്ന് മുട്ടകളും അവയിൽ നിന്ന് വിരിഞ്ഞ കുഞ്ഞുങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഈ ഇനത്തിൽ ആൺപുഴുക്കളെ കണ്ടെത്തിയത് അത്യപൂർവമാണ്.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് കിലോമീറ്ററുകൾ താഴെയും സങ്കീർണമായ ബഹുകോശ ജീവികൾക്ക് നിലനിൽക്കാനാകുമെന്ന് തെളിയിച്ച കണ്ടെത്തലായിരുന്നു Halicephalobus mephisto. ഭൂമിയുടെ ആഴങ്ങളിൽ ഇനിയും മനുഷ്യൻ കണ്ടെത്താത്ത ജീവിവർഗങ്ങൾ ഒളിഞ്ഞിരിക്കാമെന്ന സൂചന കൂടിയാണ് ഈ ചെറുപുഴു നൽകുന്നത്.

ENGLISH SUMMARY:

Halicephalobus mephisto is a remarkable nematode, also known as the 'devil worm,' found deep within the Earth's crust. This organism pushes the boundaries of our understanding of life in extreme environments.