elephant-1

രണ്ടര വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ എഐ രക്ഷിച്ചത് പതിനായിരത്തോളം കാട്ടാനകളുടെ ജീവനുകള്‍. എഐ മുന്നറിയിപ്പ് സംവിധാനം ഉപയോഗപ്പെടുത്തിയതിലൂടെയാണ് ട്രെയിന്‍ ഇടിച്ച് കാട്ടാനകള്‍ ചരിയുന്നത് കുറയ്ക്കാനായത്. 

കേരളത്തില്‍ പാലക്കാട് കഞ്ചിക്കോട് മേഖലകളില്‍ ട്രെയിനിടിച്ചുള്ള കാട്ടാന മരണങ്ങള്‍ പതിവാണ്,ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നാലുവയസ്സുള്ള കുട്ടിയാന ആണ് ട്രാക്ക് കടക്കുന്നതിനിടെ അപകടത്തില്‍ ചരിഞ്ഞത്. ഇവിടെയാണ് കോയത്തൂരിലെ എഐ കാട്ടാന നിരീക്ഷണ സംവിധാനത്തിന്‍റെ പ്രസക്തി.

കോയമ്പത്തൂര്‍ മധുക്കരയിലെ എഐ മുന്നറിയിപ്പ് സംവിധാനം ട്രാക്കു മുറിച്ചു കടക്കുന്ന കാട്ടാനകളുടെ രക്ഷകരാകുന്ന കാഴ്ചയാണിത്. രണ്ടര വര്‍ഷം കൊണ്ട്  എഐ സംവിധാനം കാവലായത് 9481 കാട്ടാനകള്‍ക്ക്. 

 എഐ ക്യാമറകളും എഐ ഡ്രോണുകളും തെര്‍മല്‍ ഇമേജിങ് സംവിധാനവും ഉള്‍പ്പെട്ടതാണ് മുന്നറിയിപ്പ് സംവിധാനം.

കാട്ടാനകളോ മറ്റോ   ട്രാക്കിനടുത്തേക്ക് എത്തുമ്പോള്‍ തന്നെ  സെന്‍സ് ചെയ്ത് വിവരം മെസേജുകളായി വനംവകുപ്പിനും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കും. റെയില്‍വേ അധികൃതര്‍ ആ സമയം വരുന്ന ട്രെയിനിലെ ലോക്കോ പൈലറ്റിന് വിവരം നല്‍കും.  ട്രെയിന്‍റെ  വേഗം കുറച്ചോ നിര്‍ത്തിയിട്ടോ കാട്ടാനകളുടെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കും. രണ്ടരവര്‍ഷത്തില്‍ 7116 മുന്നറിയിപ്പ് സന്ദേശങ്ങളാണ് എഐ നല്‍കിയത്. ഇതില്‍ 3821 സന്ദേശങ്ങള്‍ ഫലം കണ്ടു. കാട്ടാനകള്‍ക്ക് മാത്രമല്ല മാനുകള്‍ക്കും പുലികള്‍ക്കും കാട്ടുപോത്തിനും എഐ സുരക്ഷിത പാത ഒരുക്കിയിട്ടുണ്ട്. എട്ടിമടൈയ്ക്കും വാളയാറിനുമിടയില്‍ 12 ടവറുകളിലായാണ് ഏഴരക്കോടി രൂപ ചെലവില്‍ എഐ മുന്നറിയിപ്പ് സംവിധാനമുള്ളത്. 

AI elephant alerts have significantly reduced train-related fatalities for wild elephants in Tamil Nadu over the past two and a half years. :