ai-generated-medical-coding

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

  • മെഡിക്കൽ കോഡിങ് മേഖലയിൽ കൂട്ടപ്പിരിച്ചുവിടൽ! എഐ (AI) വന്നതോടെ തുടക്കക്കാരുടെ പണി പോയോ? മെഡിക്കൽ കോഡിങ്ങിന്റെയും സ്ക്രൈബിങ്ങിന്റെയും ഭാവി അറിയാം.

നാലുലക്ഷം രൂപവരെ തുടക്കത്തിലേ ശമ്പളം, എയര്‍ കണ്ടീഷന്‍ഡ് ജോലി സ്ഥലം, ചുരുങ്ങിയ കാലം കൊണ്ട് യോഗ്യത നേടിയാല്‍ ഡിഗ്രിക്ക് ബോട്ടണിയോ സുവോളജിയോ പഠിച്ചിറങ്ങിയവര്‍ക്ക് മറ്റ് ജോലികളേക്കാള്‍ മികച്ച വേതനം. അമേരിക്കന്‍ കമ്പനിയില്‍ ജോലി എന്ന് നാട്ടില്‍ പറയാം. ഡെന്റിസ്റ്റുകളും ഹോമിയോ, ആയുര്‍വേദ, നഴ്സിങ്, ഫാര്‍മക്കോളജി ബിരുദം നേടിയവരും തൊഴില്‍ നേടിയെത്തിയ മേഖലയാണിത്. വെറും 15 വര്‍ഷം മാത്രം മുന്‍പ്. ഈ തൊഴിലിന് ശരിക്കും പ്രായപൂര്‍ത്തി പോലുമായില്ലെന്ന് പറയാം. ആ  മെഡിക്കല്‍ കോഡിങ്ങിനെയാണ് എഐ വന്ന് കുഴിവെട്ടി മൂടുന്നത്. ഇനി മെഡിക്കല്‍ കോഡിങ്ങിന് ഭാവിയുണ്ടോ? അതോ ഈ പണിയെല്ലാം ഇനി എഐ ചെയ്യുമോ?

ai-generated-office

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിൽ കോഡിങ് പാഠഭാഗമായി ഉൾപ്പെടുത്തിയാൽ തൊഴിലവസരങ്ങൾ വൻ തോതിലുണ്ടാവുമെന്നും മെഡിക്കൽ കോഡിങ്, റവന്യൂ സൈക്കിൾ മാനേജ്മെന്റ് രംഗം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നും മറ്റും വിലയിരുത്തപ്പെട്ടത് 2015ലാണ്. നവംബറില്‍ കൊച്ചിയില്‍ നടന്ന രാജ്യാന്തര ആരോഗ്യ ടൂറിസം സെമിനാറില്‍. മെഡിക്കല്‍ കോഡിങ് പഠിപ്പിക്കുന്ന സ്ഥാപനങ്ങ‌ള്‍ കേരളത്തില്‍ വന്നു. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി രാജ്യാന്തര സ്ഥാപനങ്ങള്‍ തുടങ്ങി. ഇരുപതിനായിരത്തോളം പേര്‍ക്ക് കേരളത്തില്‍ മാത്രം തൊഴില്‍ കിട്ടി. എത്ര പെട്ടെന്നാണ് കാലം പോയതും കോലം മാറിയതും!

എന്താണ് മെഡിക്കല്‍ കോഡിങ്? : രോഗവിവരങ്ങളും ഡോക്ടറുടെ കുറിപ്പടിയും ചികിത്സാരേഖകളും റിപ്പോർട്ടുകളുമെല്ലാം യൂണിവേഴ്സൽ ആൽഫാ ന്യൂമറിക് കോഡുകളാക്കി മാറ്റുന്നതിനെയാണു മെഡിക്കൽ കോഡിങ് എന്നു വിളിക്കുന്നത്. രോഗികളുടെ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കുക, ഇൻഷുറൻസ് സ്ഥാപനങ്ങളും ആശുപത്രികളും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കുക എന്നിവ ഇതിന്റെ ലക്ഷ്യങ്ങളാണ്. കോഡുകൾ തയാറാക്കുന്നവരെ മെഡിക്കൽ കോഡർമാരെന്നും ഇൻഷുറൻസ് ബില്ലിങ്ങിനു സഹായകരമായ രീതിയിൽ വിവരങ്ങൾ മാറ്റുന്നവരെ മെഡിക്കൽ ബില്ലർമാരെന്നും പറയുന്നു.

ai-generated-office-unit

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

ശരീരഘടന, രോഗങ്ങൾ,  രോഗനിർണയ ഉപകരണങ്ങൾ, ചികിത്സാരീതികൾ, ചികിത്സാ നടപടിക്രമങ്ങൾ, സാധാരണയായി ഉപയോഗിച്ചുവരുന്ന ICD-10 - CM (ഇന്റർനാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ്), CPT (കറന്റ് പ്രൊസീജ്യറൽ ടെർമിനോളജി), HCPCS (ഹെൽത്ത്കെയർ കോമൺ പ്രൊസീജ്യർ കോഡിങ് സിസ്റ്റം), മെഡിക്കൽ എത്തിക്സ് എന്നിവയിൽ പരിജ്ഞാനം വേണം. ലൈഫ് സയൻസസ്/ മെഡിക്കൽ അനുബന്ധ വിഷയങ്ങളിൽ ബിരുദശേഷം 3 മാസത്തെ ഹ്രസ്വകാല പരിശീലനം നേടണം.

മെഡിക്കൽ സ്ക്രൈബിങ് : ഡോക്ടറുടെ പരിശോധനയും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധനാ സമയത്തു തന്നെ നിരീക്ഷിച്ചു രേഖപ്പെടുത്തി വയ്ക്കുന്നയാളാണു മെഡിക്കൽ സ്ക്രൈബ്. വിശദാംശങ്ങളിലുള്ള ശ്രദ്ധ, പരിശോധനയ്ക്കിടെ ഡോക്ടറുടെ ആശയവിനിമയത്തിൽനിന്നു കൃത്യമായി കുറിപ്പുകൾ തയാറാക്കാനുള്ള കഴിവ് എന്നിവ പ്രധാനം. പരിശീലന കാലയളവ് 9 മാസം മുതൽ ഒരു വർഷം വരെ.

ai-generated-scribe

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

ഇപ്പോള്‍ എന്താണ് സംഭവിച്ചത്?

എഐ കടന്നു കയറ്റത്തോടെ ഡേറ്റ അധിഷ്ഠിത തൊഴിലുകള്‍ക്കുണ്ടായ കഷ്ടപ്പാട് കോഡിങ്ങിനെയും പിടികൂടി. കോറോഹെല്‍തിലെ പിരിച്ചുവിടലിനു മുന്‍പുതന്നെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സ്ഥാപനം കുറച്ചുപേരെ പറഞ്ഞുവിട്ടിരുന്നു. ഒറ്റയടിക്ക്, ഒറ്റ ദിവസം തന്നെ അല്ലാത്തതിനാല്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് മാത്രം. എഐ മാത്രമല്ല,  മാറിവരുന്ന ആഗോള പ്രവർത്തന ശൈലികളും, തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങളുമെല്ലാം പ്രതിസന്ധിക്ക് കാരണങ്ങളാണ്. കേരളത്തിലുണ്ടായ പിരിച്ചുവിടല്‍ ഒറ്റപ്പെട്ടതുമല്ല. യു.എസ് ആസ്ഥാനമായ പല മുൻനിര കമ്പനികളും ഹ്യൂമൻ കോഡിങ് ജീവനക്കാരുടെ എണ്ണം വന്‍തോതിൽ വെട്ടിക്കുറയ്ക്കുകയാണ്.

പ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ

ജനറേറ്റീവ് എ.ഐ-യുടെ വൻ മുന്നേറ്റം: മുൻകാലങ്ങളിൽ കമ്പ്യൂട്ടർ അസിസ്റ്റഡ് കോഡിങ് (CAC) സംവിധാനങ്ങൾക്ക് മനുഷ്യരുടെ കർശനമായ മേൽനോട്ടം ആവശ്യമായിരുന്നു. സോഫ്റ്റ്‌വെയറുകൾക്ക് മെഡിക്കൽ കുറിപ്പുകളുടെ പശ്ചാത്തലം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്നത്തെ ആധുനിക എ.ഐ പ്ലാറ്റ്‌ഫോമുകൾക്ക് രോഗികളുടെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾ (EHR) വിശകലനം ചെയ്യാനും ഡോക്ടർമാരുടെ സങ്കീർണ്ണമായ കുറിപ്പുകൾ മനസ്സിലാക്കാനും, സെക്കൻഡുകൾക്കുള്ളിൽ തെറ്റുകൂടാതെ ICD-10, CPT കോഡുകൾ നൽകാനും സാധിക്കും.

കുറഞ്ഞ ചെലവ്, കൂടിയ മൂല്യം

എ.ഐ കോഡിങ് സംവിധാനങ്ങൾ സാധാരണ രീതിയിലുള്ള മെഡിക്കൽ പരിശോധനകളിൽ 97% കൃത്യത അവകാശപ്പെടുന്നു . ഇതോടെ കോഡിങ് കമ്പനികളുടെ അടിസ്ഥാന പ്രവർത്തനച്ചെലവ് 70% വരെ കുറയ്ക്കാൻ എ.ഐയ്ക്ക് സാധിക്കുന്നു. തുടക്കക്കാരായ കോഡര്‍മാരെയാണ് ഇത് ബാധിച്ചത്. ഇനി വേണ്ടത് വിദഗ്ധരെ മാത്രം. മൂല്യവും കൃത്യതയും ഉറപ്പാക്കുക മാത്രമാണ് ഇനി മനുഷ്യര്‍ക്ക് പറഞ്ഞിട്ടുള്ള പണി. ആദ്യഘട്ടം മുതൽ മെഡിക്കൽ ചാർട്ടുകൾ വായിച്ച് കോഡ് ചെയ്യുന്ന വലിയൊരു വിഭാഗം ജീവനക്കാരെ ഇനി കമ്പനികൾക്ക് ആവശ്യമില്ല. പകരം, വിദഗ്ദ്ധരായ ‘എ.ഐ ഓഡിറ്റർ’മാരെ മാത്രം മതി.

തുടക്കക്കാര്‍ ഇനി വല്ലാതെ പാടുപെടും

മെഡിക്കൽ ചാർട്ടുകളുടെ തുടക്കത്തിലുള്ള 80% ജോലികളും ഇപ്പോൾ എ.ഐ തന്നെയാണ് ചെയ്യുന്നത്. സങ്കീർണ്ണമായ രോഗവിവരങ്ങൾ പരിശോധിക്കുന്നതിനും, എ.ഐ വരുത്തുന്ന പിഴവുകൾ തിരുത്തുന്നതിനും, ഇൻഷുറൻസ് കമ്പനികൾ നിരസിക്കുന്ന ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിനും മാത്രം മതി മനുഷ്യന്റെ കണ്ണും ബുദ്ധിയും. അതുകൊണ്ട് തന്നെ അഡ്വാൻസ്ഡ് ക്ലിനിക്കൽ ഡോക്യുമെന്റേഷൻ ഇന്റഗ്രിറ്റി (CDI) അല്ലെങ്കിൽ ഓഡിറ്റിങ് യോഗ്യതകൾ ഇല്ലാത്ത ജീവനക്കാരുടെ പണി അത്ര സേഫല്ല. തുടക്കക്കാരായ കോഡർമാരുടെ പണി പോകുമ്പോഴും അമേരിക്കയില്‍   യോഗ്യതയുള്ള ഇൻഷുറൻസ് കോഡിങ് വിദഗ്ദ്ധരെ ഇപ്പോഴും ആവശ്യത്തിന് കിട്ടാനുമില്ല.

ഇനി എന്തു ചെയ്യും?

‘ശാരീരിക അധ്വാനമുള്ള (ബ്ലൂ കോളര്‍) ജോലികളില്‍ ആവിയന്ത്രം കൊണ്ടുവന്ന മാറ്റത്തേക്കാളധികമാണ് വൈറ്റ് കോളര്‍ (ഓഫിസ്) ജോലികളില്‍ എഐ വരുത്താന്‍ പോവുന്നത്’ – മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗെയ്റ്റ്സിന്റെ വാക്കുകളാണ്. ആദ്യത്തെ ചവിട്ടുപടികള്‍ ഇല്ലാതായ ഒരു തൊഴില്‍ മേഖലയാണ് മെഡിക്കല്‍ കോഡിങ്. പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴില്‍ പരിചയമോ വൈദഗ്ധ്യമോ കിട്ടില്ല. നിലവില്‍ ജോലി ചെയ്തവര്‍ക്ക് അടുത്ത പടിയിലേക്ക് കയറാന്‍ ശ്രമിക്കാമെന്നു മാത്രം. മനുഷ്യർ ഫയലുകൾ നോക്കി ജോലി ചെയ്തിരുന്ന കാലം പോയി, ഇനിയുള്ളത് എഐയ്ക്കൊപ്പം ജോലി ചെയ്യുന്ന   ചെറിയ ടീമുകളുടെ പുതിയ യുഗമാണ്.

ജോലി നിലനിര്‍ത്താനും വേണം എഐ

എഐ എല്ലാ ജോലികളും ഇല്ലാതാക്കും എന്നല്ല. അറിയാവുന്ന തൊഴിലും ആവശ്യമുള്ള യോഗ്യതയും തമ്മിലുള്ള അന്തരം ലക്ഷങ്ങളുടെ വഴിമുട്ടിക്കും എന്നതാണ് എഐ കാലം നമ്മെ പഠിപ്പിക്കുന്നത്.

The AI Disruption: Is There a Future for Medical Coding and Scribing?:

Once a highly lucrative career path for life science graduates in Kerala, the medical coding industry is facing a massive crisis due to the rapid advancement of Generative AI. Modern AI platforms can now analyze electronic health records and assign complex diagnostic codes in seconds with 97% accuracy, slashing operational costs for US healthcare companies by up to 70%. Consequently, entry-level coding jobs are rapidly disappearing, leaving thousands of freshers stranded as companies pivot toward hiring a smaller number of highly skilled 'AI Auditors' and clinical documentation experts. This sudden shift highlights a harsh reality of the AI era: technology may not eliminate all jobs, but it is aggressively wiping out traditional entry-level stepping stones.