വൈദ്യുതി പ്രതിസന്ധിയിലെ രാഷ്ട്രീയതര്‍ക്കങ്ങള്‍ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്ന് ഒരു കാര്യം ചൂണ്ടിക്കാട്ടി. 2030–31 ആകുമ്പോഴേക്കും കേരളത്തിന്റെ വൈദ്യുതി ആവശ്യം ഭയങ്കരമായി കൂടും. ഡേറ്റാ സെന്ററൊക്കെ വരികയാണ്. വൈദ്യുതി ഉപഭോഗം വന്‍തോതില്‍ കൂടും. ആയിരവും രണ്ടായിരവും മെഗാവാട്ടല്ല, ആറായിരം – ഏഴായിരം മെഗാവാട്ട് കൂടുതല്‍ വേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഡേറ്റ സെന്ററുകള്‍ കൂടുന്നു എന്ന ഒറ്റ കാരണം കൊണ്ട് വൈദ്യുതി ഉപയോഗം ഒറ്റയടിക്ക് വന്‍തോതില്‍ കൂടുമോ? അങ്ങനെയൊരു ആശങ്കയും മുന്നൊരുക്കവും അനിവാര്യമാണോ എന്ന് സ്വാഭാവികമായും സംശയം തോന്നിയേക്കാം. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്ന ഊര്ജവെല്ലുവിളി. ഡേറ്റ സെന്ററുകള്‍ വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന പദ്ധതികളാണ്.
വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും ഒരു നിമിഷം പോലും ഇടവേളയില്ലാതെ സര്‍വറുകളും ക്ലൗഡ് സ്റ്റോറേജും പ്രവര്‍ത്തിക്കേണ്ടതുകൊണ്ട് ഈ വര്‍ധിത ഉപയോഗം സ്വാഭാവികവുമാണ്. ഈ സര്‍വറുകള്‍ കൃത്യമായ താപനിലയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ കൂളിങ് സിസ്റ്റവും കൂടിയാകുമ്പോള്‍ വൈദ്യുതി വന്‍തോതില്‍ വേണ്ടിവരും. ഇതോടൊപ്പം Ai മോഡലുകള്‍ വികസിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും സാധാരണ വെബ് സെര്‍ച്ചിനേക്കാള്‍ അഞ്ചിരട്ടി ഊര്‍ജം ആവശ്യമാണ്. ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വന്‍കിട പവര്‍ ബാക്കപ് യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ ഡേറ്റ സെന്ററുകള്‍ക്ക് എത്രമാത്രം വൈദ്യുതി കത്തിക്കേണ്ടി വരുമെന്ന് മനസിലാകും.
2024ല്‍ അമേരിക്കയിലെ ഡേറ്റാ സെന്ററുകള്‍ ഉപയോഗിച്ചു തീര്‍ത്തത് 183 ടെറാവാട്ട് അവര്‍ (Terawatt hour)വൈദ്യുതിയാണ്. പാക്കിസ്ഥാന്റെ ഒരു വര്‍ഷത്തെ മൊത്തം വൈദ്യുതി ഉപഭോഗത്തിനു തുല്യമാണിത്്. രാജ്യങ്ങളുടെ മൊത്തം വൈദ്യുതി ഉപഭോഗം അളക്കാന്‍ ഉപയോഗിക്കുന്ന വലിയ യൂണിറ്റാണ് ടെറാവാട്ട് അവര്‍. വന്‍കിട പവര്‍ പ്ലാന്റുകളുടെ ഉല്പാദനവും ആഗോളതലത്തിലെ മൊത്തം വൈദ്യുതി ഉപയോഗവുമൊക്കെ അളക്കാന്‍ ഉപയോഗിക്കുന്നതും ടെറാവാട്ട് അവര്‍ യൂണിറ്റാണ്.
ഒരു ട്രില്യണ്‍ വാട്ട് അവര്‍ അഥവാ 100 കോടി കിലോവാട്ട് അവര്‍ ആണ് ഒരു ടെറാവാട്ട് അവര്‍. ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഒരു വര്‍ഷത്തെ ആകെ വൈദ്യുതി ഉപയോഗം 1757 ടെറാവാട്ട് അവര്‍ ആണ്. ഇന്ത്യയില്‍ പക്ഷേ ഇപ്പോഴുള്ള വൈദ്യുതി ഉല്പാദനം ഏകദേശം 2051 TWh ആണ്. ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
അമേരിക്കയുടെ വാര്‍ഷിക ഉപയോഗം ഇപ്പോള്‍ 4200–4300 TWh ആണ്. AI വളര്‍ച്ചയും ഡേറ്റ സെന്ററുകളുടെ തുടര്‍ ഉപയോഗവും കാരണം അമേരിക്കയിലെ വൈദ്യുതി ആവശ്യകത ഓരോ ദിവസവും റെക്കോര്‍ഡിടുകയാണ്. നിലവിലുള്ള മൂവായിരത്തിലധികം ഡേറ്റ സെന്ററുകള്‍ ചേര്‍ന്ന് പ്രതിവര്‍ഷം 200 TWh വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. ഇത് അമേരിക്കയുടെ ആകെ വൈദ്യുതി ഉപഭോഗത്തിന്റെ അഞ്ചു ശതമാനത്തിനടുത്തെത്തിക്കഴിഞ്ഞു. 2018ല്‍ വെറും 76 WTh ആയിരുന്ന ഡേറ്റ സെന്റര്‍ ഉപഭോഗമാണ് ഇത്രയും കുതിച്ചു ചാടിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിലവിലെ പ്രവചനങ്ങള്‍ പ്രകാരം അമേരിക്കന്‍ ഡേറ്റ സെന്ററുകള്‍ക്ക് മാത്രമായി 2030ല്‍ 500 TWh വൈദ്യുതി വേണ്ടി വരും. അതായത് ആകെ ഉപഭോഗത്തിന്റെ 10 ശതമാനത്തിലധികം.
അമേരിക്കന്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന് കണക്കു പ്രകാരം പ്രതിവര്‍ഷം 4400 TWh വൈദ്യുതി രാജ്യത്തുല്പാദിപ്പിക്കുന്നു. ആകെ വേണ്ടതിന്റെ 98 ശതമാനവും സ്വന്തമായി ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും കാനഡ, മെക്സിക്കോ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കൂടി ചെറിയ തോതില്‍ ആശ്രയിച്ചാണ് ഊര്‍ജരംഗം നിലനില്‍ക്കുന്നത്. അമേരിക്കയുടെ വൈദ്യുതി ഉല്പാദനസ്രോതസില് 40 ശതമാനവും പ്രകൃതിവാതകമാണെന്നതും എടുത്തു പറയേണ്ടതാണ്. ഏറെക്കുറെ സ്വയംപര്യാപ്തതയുണ്ടായിരുന്ന അമേരിക്കയുടെ ഊര്‍ജരംഗത്ത് ഡേറ്റ സെന്ററുകള്‍ ആണ് ഇപ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.
അമേരിക്കന്‍ പവര്‍ഗ്രിഡിന്റെ ശേഷി വര്‍ധിക്കുന്നതിന്റെ ഇരട്ടി വേഗത്തിലാണ് ഡേറ്റ സെന്ററുകളുടെ ഊര്ജആവശ്യം കൂടിക്കൊണ്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ടെക്സാസ്, വെര്‍ജീനിയ, ജോര്‍ജിയ തുടങ്ങി ഡേറ്റ സെന്ററുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ പുതിയ പദ്ധതികള്‍ക്ക് വൈദ്യുതി കണക്്ഷന് കിട്ടാന്‍ വര്‍ഷങ്ങള്‍ വൈകുന്ന സാഹചര്യമുണ്ട്. ഗ്രിഡ് ശേഷി പോരാത്തതിനാല്‍ വിര്‍ജീനിയ പോലുള്ള ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം പോലും വേണ്ടി വരുന്ന സാഹചര്യമുണ്ടായി. പുതിയ ഡേറ്റ സെന്ററുകള്‍ക്കായി പവര്‍ലൈന്‍ വികസിപ്പിക്കുന്നതിന്റെ ചെലവ് സാധാരണക്കാരുടെ വൈദ്യുതി ബില്ലില്‍ കൂടി പ്രതിഫലിച്ചു തുടങ്ങിയത് വന്‍ പ്രതിഷേധമുണ്ടാക്കുന്നുണ്ട്.
ഇടക്കാലതിരഞ്ഞെടുപ്പിലും ഇത് ചര്‍ച്ചയായിരുന്നു. ഇതിനൊക്കെ അപ്പുറത്ത് എല്ലാ ടെക് ഭീമന് കമ്പനികളും അടുത്ത വര്‍ഷങ്ങളിലേക്കായി പ്രഖ്യാപിച്ചിരിക്കുന്നത് ശതകോടി ഡോളര്‍ Ai വികസനപദ്ധതികളാണെന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ അമേരിക്ക നേരിടാന്‍ പോകുന്ന ഊര്ജവെല്ലുവിളിയുടെ ആഴം മനസിലാകും. അമേരിക്ക മാത്രമല്ല എല്ലാ രാജ്യങ്ങളുടെയും ഊര്ജആവശ്യം ഡേറ്റ സെന്ററുകള്‍ കാരണം വന്‍തോതില്‍ ഉയരും. നിലവിലുള്ള വൈദ്യുതി പദ്ധതികളും വികസനപ്ലാനുകളും ഈ വരാന്‍ പോകുന്ന ഡേറ്റ ഊര്‍ജാവശ്യം മുന്നില്‍ കണ്ടല്ലെങ്കില്‍ വന്‍ പ്രതിസന്ധിയിലേക്കു കാര്യങ്ങള്‍ നീങ്ങും.
ഇപ്പോള്‍ തന്നെ ചൈന, ജര്‍മനി, ആംസ്റ്റര്‍ ഡാം, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഡേറ്റ സെന്ററുകള്‍ക്കുള്ള വൈദ്യുതി കണക്ഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. 2030 ആകുമ്പോഴേക്കും ആഗോളവൈദ്യുതി ഉല്പാദനത്തിന്റെ മൂന്നു ശതമാനവും ഡേറ്റ സെന്ററുകള്‍ക്കായി വേണ്ടി വരുമെന്നാണ് നേരത്തേ രാജ്യാന്തര ഊര്‍ജ ഏജന്‍സി വിലയിരുത്തിയിരുന്നത്. എന്നാല്‍ അതിന്റെ ഇരട്ടിയെങ്കിലും വേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ മുന്നറിയിപ്പു നല്‍കുന്നത്.
ഡേറ്റ സെന്ററുകള്‍ ഉയര്‍ത്തുന്ന ഊര്‍ജാവശ്യം വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് ചൂണ്ടിക്കാണിക്കുന്നത് കേരളം ഇപ്പോഴേ മുന്നൊരുക്കം നടത്തേണ്ട ആവശ്യകത തിരിച്ചറിഞ്ഞു തന്നെയാണ്. വ്യവസായരംഗത്ത് ഐ.ടി മേഖല നിര്‍ണായകമായ കേരളത്തിന് ഈ ദീര്‍ഘവീക്ഷണമില്ലാതെ മുന്നോട്ടു പോകാനാകില്ല. വൈദ്യുതി ആവശ്യകതയിലും ഉല്പാദനത്തിലും ഇതുവരെ കണ്ട കളികളൊന്നും പോരെന്നു ചുരുക്കം.