എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ജപ്പാനിലെ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും അതിന് പിന്നാലെയുണ്ടായ ‘മെഗാക്വേക്ക്’ മുന്നറിയിപ്പും ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. എന്നാല്‍ ഈ ആശങ്ക ജപ്പാനില്‍ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് ജപ്പാനില്‍ നിന്നുള്ള സമീപകാല മുന്നറിയിപ്പുകൾ ആശങ്കയോടെ വിരല്‍ചൂണ്ടുന്ന മറ്റൊരു സാധ്യത കൂടിയുണ്ട്; ‘ഗ്രേറ്റ് ഹിമാലയന്‍ എര്‍ത്ത്ക്വേക്ക്’ (Great Himalayan Earthquake). സംരക്ഷിത കവചമായി നമ്മള്‍ കരുതുമ്പോളും ഒരു ടൈം ബോബ് പോലെ വലിയൊരു ഭൂകമ്പത്തിന് സാധ്യതയുള്ള പ്രദേശമായി പണ്ടുമുതലേ കണക്കാക്കപ്പെട്ടിരുന്ന പ്രദേശമാണ് ഹിമാലയം എന്നറിയാമോ?
‘ഗ്രേറ്റ് ഹിമാലയന്‍ എര്‍ത്ത്ക്വേക്ക്’
ഹിമാലയൻ പർവതനിരയുടെ അടിയിലൂടെയുള്ള പ്രധാന ഫോൾട്ട് ലൈനായ മെയിൻ ഹിമാലയൻ ത്രസ്റ്റിൽ സംഭവിക്കാവുന്ന സാങ്കൽപ്പികവും എന്നാല്‍ വിനാശകരവുമായ ഭൂകമ്പത്തെയാണ് ‘ഗ്രേറ്റ് ഹിമാലയന്‍ എര്‍ത്ത്ക്വേക്ക്’ എന്ന് പറയുന്നത്. ഈ മേഖലയിലാണ് ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് യുറേഷ്യൻ പ്ലേറ്റിനടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി തുടരുന്ന ഈ സമ്മര്‍ദ്ദം 8 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് കാരണമാകും എന്നാണ് വിദഗ്ദര്‍ പറയുന്നത്. വടക്കേ ഇന്ത്യ, നേപ്പാൾ തുടയങ്ങിയവയുടെ വലിയൊരു ഭാഗത്തെ തന്നെ ഇതിന് ഇല്ലാതാക്കാന്‍ കഴിയുമത്രേ.
ജപ്പാനില്‍ നിന്നുയരുന്ന ആശങ്കമാത്രമല്ല, ഹിമാലയത്തിലെ വര്‍ധിച്ചുവരുന്ന ജനസാന്ദ്രത, ദുർബലമായ അടിസ്ഥാന സൗകര്യങ്ങൾ, വ്യാപകമായ മണ്ണിടിച്ചില്‍, ഹിമപാതം എന്നിവയും ഈ ആശങ്കകള്‍ക്ക് ആക്കംകൂട്ടുന്നുണ്ട്. 1934 ലെ ബിഹാർ- നേപ്പാൾ ഭൂകമ്പം (8.0 തീവ്രത) 2015 ലെ നേപ്പാൾ ഭൂകമ്പം (7.8 തീവ്രത) എന്നിവയുൾപ്പെടെ ഈ പ്രദേശത്ത് മുമ്പും നിരവധി വലിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ രണ്ട് ഭൂകമ്പങ്ങളും അനവധി ജീവനുകളെയാണ് അപരഹിച്ചത്. വലിയ നാശത്തിനും കാരണമായിരുന്നു.
ഇന്ത്യ പേടിക്കണോ?
നാഷണൽ സെന്റർ ഫോർ സീസ്മോളജി ഡയറക്ടർ ഡോ. ഓം പ്രകാശ് മിശ്ര പറയുന്നത് പ്രകാരം നിലവിൽ ഹിമാലയം നമ്മെ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇടയ്ക്കിടെ ചെറിയ ഭൂകമ്പങ്ങൾ വഴി ഭൂമിക്കടിയിലെ ആഴത്തിലുള്ള സമ്മര്‍ദ്ദം ഇത് പതുക്കെ പുറത്തുവിടുന്നുണ്ട്. ഇവ M2.5-3.5 ഭൂകമ്പങ്ങളാണ് അവ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ തന്നെ ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിലെ അമിത സമ്മർദ്ദത്തെ വലിയ തോതിൽ പുറത്തുവിടുന്നു. ‘അസിസ്മിക് ക്രീപ്പ്’ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. അതിനാൽ, ഇപ്പോൾ, ഒരു വലിയ ഗ്രേറ്റ് ഹിമാലയന്‍ എര്‍ത്ത്ക്വേക്കിനെ കുറിച്ച് നമ്മൾ വിഷമിക്കേണ്ടതില്ല. എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോള്‍ ഒരു വലിയ ഭൂകമ്പത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) പുതുക്കിയ ഭൂകമ്പ ഭൂപടത്തിൽ മുഴുവൻ ഹിമാലയൻ ആർക്കിനെയും പുറത്തിറക്കി ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. ഉയർന്ന അപകടസാധ്യതയുള്ള സോൺ VI ലാണ് ഈ പ്രദേശം ഉള്‍ക്കൊള്ളുന്നത്. മാത്രമല്ല രാജ്യത്തിന്റെ 61 ശതമാനം ഭാഗവും മിതമായത് മുതൽ ഉയർന്നത് വരെയുള്ള ഭൂകമ്പ സാധ്യത പ്രദേശമാണ്.