2011 ലെ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനില്‍ വീശിയടിച്ച സുനാമിത്തിരകള്‍ (ഫയല്‍ ചിത്രം/എപി)

2011 ലെ ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനില്‍ വീശിയടിച്ച സുനാമിത്തിരകള്‍ (ഫയല്‍ ചിത്രം/എപി)

TOPICS COVERED

ജപ്പാനിലെ കിഴക്കൻ തീരമായ ഹോൺഷു ദ്വീപിന് സമീപമുള്ള അമോറിയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ‘മെഗാക്വേക്ക്’ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ). അടുത്ത ദിവസങ്ങളിലായി 8 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള വലിയ ഭൂകമ്പങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം പ്രതികൂല സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നും എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കിവയ്ക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഏതുസമയവും ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

tsunami-japan-2011

ജപ്പാനില്‍ 2011 ലുണ്ടായ ഭൂചനം (ഫയല്‍ ചിത്രം/എപി)

ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രകാരം ഹൊക്കൈഡോ- സാൻറിക്കു മേഖലയിൽ ഒരു ‘മെഗാക്വേക്ക് ഉണ്ടാവുകയാണെങ്കിൽ ഇത് 98 അടി ഉയരമുള്ള സൂനാമിക്ക് കാരണമായേക്കാം. ഇതിലൂടെ ഏകദേശം 2,00,000 പേര്‍ക്ക് ജീവൻ നഷ്ടമാവുകയും 2,20,000 കെട്ടിടങ്ങൾ തകരുകയും ചെയ്യും. ഏകദേശം 31 ട്രില്യൺ യെൻ (198 ബില്യൺ ഡോളർ) സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. ശൈത്യകാലത്താണ് ദുരന്തം സംഭവിക്കുകയാണെങ്കിൽ 42,000 പേരെ ഹൈപ്പൊതെർമിയയും (ശരീരതാപനില അപകടകരമായി കുറയുന്ന അവസ്ഥ) ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹൊക്കൈഡോ മുതൽ ചിബ പ്രിഫെക്ചർ വരെയുള്ള 182 മുനിസിപ്പാലിറ്റികളിൽ ‘മെഗാക്വേക്ക്’ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

അതേസമയം, തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 34 പേർക്ക് പരുക്കേറ്റതായും റോഡുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഭൂകമ്പം, ഹൊക്കൈഡോ, സാൻറികു തീരങ്ങളിൽ അപകടസാധ്യത വർദ്ധിപ്പിച്ചതായും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ജപ്പാന് താഴെയുള്ള പസഫിക് പ്ലേറ്റ് ജപ്പാന്‍– ചിഷിമ ട്രഞ്ചുകളായി രൂപപ്പെടുന്നത് ഇവിടെവച്ചാണ്. ജപ്പാന്‍– ചിഷിമ ട്രഞ്ചുകള്‍ മുമ്പ് നിരവധി വലിയ ഭൂകമ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 2011ലെ ദുരന്തത്തിന് കാരണവും ജപ്പാൻ ട്രഞ്ചുമായി ബന്ധപ്പെട്ട ചലനമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതേസമയം, നിലവിലുള്ളത് ഒരു പ്രവചനമല്ലെന്നും 8 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പത്തിന് കാരണം ഒരു ശതമാനം മാത്രമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. 

boat-japan-tsunami

AFP PHOTO / YOMIURI SHIMBUN

എന്താണ് മെഗാക്വേക്ക്?

ഭൂകമ്പമാപിനിയിൽ 8ന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന ശക്തിയേറിയ ഭൂകമ്പത്തെയാണ് മെഗാക്വേക്ക് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത്തരം വിനാശകരമായ ഭൂകമ്പങ്ങള്‍ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ എങ്കിലും വലിയ സൂനാമികൾക്ക് ഇത് കാരണമാകാറുണ്ട്. മെഗാക്വേക്കിനെ തുടർന്ന് ടെക്റ്റോണിക് പ്ലേറ്റുകൾക്കിടയിൽ വലിയ സമ്മർദ്ദം സംഭവിക്കുകയും ഇത് ശക്തിയേറിയ ഭൂകമ്പത്തിന് കാരണമാകുകയും ചെയ്യും. 2022ൽ, ജപ്പാനിലെ ഭൂകമ്പ ഗവേഷണ സമിതി അടുത്ത 30 വർഷത്തിനുള്ളിൽ ഒരു മെഗാക്വേക്ക് ഉണ്ടാകാനുള്ള സാധ്യത 70 മുതല്‍ 80% വരെയാണെന്ന് പ്രവചിച്ചിരുന്നു.

fukushima-japan

2011 ലെ ഭൂചലനത്തെയും സുനാമിയെയും തുടര്‍ന്നുണ്ടായ ഫുക്കുഷിമ ആണവ ദുരന്തം (File- Reuters)

നേരത്തേ ഈ വര്‍ഷം ഏപ്രിലിലും ‘മെഗാക്വേക്ക്’ മുന്നറിയിപ്പുണ്ടായിരുന്നു. വിനാശകരമായ സുനാമികൾ സൃഷ്ടിക്കാനും മൂന്ന് ലക്ഷം പേരുടെ ജീവന്‍ അപഹരിക്കാനും പോന്ന സംഹാരശേഷിയായിരിക്കും ഈ ഭൂകമ്പത്തിന് ഉണ്ടായിരിക്കുക എന്നാണ് അന്നത്തെ മുന്നറിയിപ്പിലുണ്ടായിരുന്നത്. 2,000 പേർ കൊല്ലപ്പെടുകയും 3400 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മ്യാൻമറിലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയായിരുന്നു ഈ മുന്നറിയിപ്പ്. നാന്‍കായി ട്രഫിലെ ചലനങ്ങളെ തുടര്‍ന്നായിരുന്നു ഈ മുന്നറിയിപ്പ്. ഇതിനു താഴെയാണ് യുറേഷ്യൻ ഫലകം ഫിലിപ്പൈൻ കടൽ ഫലകവുമായി കൂട്ടിയിടിക്കുന്നത്.

ഭൂകമ്പങ്ങളുടെയും സൂനാമികളുടെയും ഇടയിലെ ജപ്പാന്‍

നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ– സൂനാമി സാധ്യതാ പ്രദേശം. ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ 18% ത്തിലധികവും ജപ്പാനിലും സമീപ പ്രദേശങ്ങളിലുമാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജി ആൻഡ് എർത്ത്‌ക്വേക്ക് എന്‍ജിനീയറിങ്ങിലെ സീസ്‌മോളജിസ്റ്റ് സെയ്‌കോ കിറ്റ പറയുന്നു. ജപ്പാനിൽ എല്ലാ വർഷവും ഏകദേശം 1,500 ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ടത്രേ! കൂടാതെ, ഓരോ അഞ്ച് മിനിറ്റിലും, രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഭൗമചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്. കൂടാതെ 400-ലധികം സജീവ അഗ്നിപർവ്വതങ്ങളുള്ള പസഫിക് സമുദ്രത്തിലെ 'റിങ് ഓഫ് ഫയർ' എന്ന് വിളിക്കപ്പെടുന്ന മേഖലയും ജപ്പാനിലൂടെയാണ് കടന്നുപോകുന്നത്.

ഭൂകമ്പം ലോകത്ത് എവിടെയും എപ്പോഴും ഉണ്ടാകും എന്ന് മുൻകൂട്ടി പ്രവചിക്കാനുള്ള സാങ്കേതിക വിദ്യ ഇന്നും ലഭ്യമല്ല. എങ്കിലും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ഉയർന്ന അപകടസാധ്യതയുള്ള സമയം തിരിച്ചറിഞ്ഞ് മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സാങ്കേതിക വിദ്യകൾ ജപ്പാനില്‍ അടക്കം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സർക്കാർ പുറപ്പെടുവിക്കുന്ന ഓരോ പുതിയ വിവരങ്ങളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാനും തയ്യാറായിരിക്കാനും ഭൂകമ്പമുണ്ടായാൽ ഉടൻ ഒഴിഞ്ഞുമാറാൻ തയ്യാറാകാനുമാണ് ജാപ്പനീസ് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്.

ENGLISH SUMMARY:

Following a 7.5 magnitude earthquake near Aomori on Japan's eastern coast (Honshu Island), the Japan Meteorological Agency (JMA) issued a 'Megaquake' warning, signaling a small, 1% chance of a subsequent major quake (magnitude 8 or higher) in the coming days. The JMA warns that a 'Megaquake' in the Hokkaido-Sanriku region could trigger a 98-foot (30-meter) tsunami, potentially causing 2,00,000 fatalities, 2,20,000 building collapses, and an economic loss of $198 billion (31 trillion yen). Authorities have urged residents in 182 municipalities to prepare emergency kits and be ready for immediate evacuation, linking the heightened risk to movements along the Japan-Chishima Trenches.