പ്രകൃതിയൊരുക്കുന്ന ഏറ്റവും മനോഹരമായ ദൃശ്യവിസ്മയങ്ങളിലൊന്നാണ് അറോറ ബോറിയാലിസ് എന്ന ഉത്തരധ്രുവ ദീപ്തി. സൂര്യനിൽനിന്ന് ചാർജുള്ള കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ മുകൾത്തട്ടിലുള്ള വാതകങ്ങളുമായി കൂട്ടിയിടിക്കുമ്പോഴാണ് ഈ പ്രകാശപ്പൂരം രൂപപ്പെടുന്നത്. ഇന്നലെ അമേരിക്കയിലെ 15 സംസ്ഥാനങ്ങളില്‍ ഉത്തരധ്രുവ ദീപ്തി കണ്ടു.
പ്രപഞ്ചത്തിന്‍റെ സുന്ദരമായ ക്യാന്‍വാസില്‍ വിരിയുന്ന ചായക്കൂട്ട്, അതാണ് അറോറ ബോറിയാലിസ്. വിദൂരതയില്‍ നിന്ന് പൊടുന്നനെ ഒരു ജ്വലനം. ഭൂമിക്കും ആകാശത്തിനും ഇടയില്‍ അഴിച്ചിട്ട തിരശീലപോലെയാണിത്. കാന്തിക ധ്രുവങ്ങളോടു ചേർന്നുള്ള പ്രദേശങ്ങളിലാണ് സാധാരണയായി ഈ വർണപ്രകാശം കാണാറുള്ളത്. എന്നാൽ, വർധിച്ചുവരുന്ന സൗരപ്രവർത്തനങ്ങൾ കാരണം, പതിവിലും കൂടുതൽ തെക്കൻ പ്രദേശങ്ങളിലും കൂടുതൽ തവണയും ഇപ്പോൾ ഈ ദൃശ്യം കാണാനാവുന്നുണ്ട്.
ആർട്ടിക് വൃത്തത്തിനു സമീപമാണ് ധ്രുവദീപ്തി ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത്. ഭൗമകാന്തിക വലയം ഈ കണികകളെ ധ്രുവങ്ങളിലേക്ക് തിരിച്ചുവിടുമ്പോൾ, അവ അന്തരീക്ഷത്തിലെ ഓക്സിജൻ, നൈട്രജൻ തുടങ്ങിയ വാതകങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു. ഈ പ്രവർത്തനത്തിന്റെ ഫലമായി ആകാശത്ത് തിരമാലകളുടെ രൂപത്തിലും വര്‍ണ വരികളായും കാണാം. ചുവപ്പ്,പച്ച, നീല വര്‍ണങ്ങളാണ് പ്രധാനമായും ഉണ്ടാകുക. രാത്രിയുടെ ആരംഭത്തില്‍ ഇത് പ്രത്യക്ഷപ്പെടുമെങ്കിലും അര്‍ധരാത്രിക്ക് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്ക് മുമ്പാണ് പ്രകാശം ഏറ്റവും തീക്ഷണമാകുന്നത്.
ഏതാനും മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകളും ചെലപ്പോള്‍ പ്രത്യക്ഷപ്പെടല്‍ നീണ്ട് നില്‍ക്കും. നോര്‍വേയിലെ ട്രോംസോ ആണ് ഉത്തരധ്രുവ ദീപ്തി കാണാന്‍ ഏറ്റവും മികച്ചയിടം. ഉത്തരധ്രുവ ദീപ്തിയെ ചുറ്റിപ്പറ്റി പല കഥകളുമുണ്ട്. അതിലൊന്നാണ് 1921ല്‍ ടൈറ്റാനിക് മുങ്ങിയത് ആകാശത്ത് ധ്രുവ ദീപ്തി കണ്ടദിവസമായിരുന്നുവെന്ന് പറയുന്നുണ്ട്.