ഒരു മിന്നല്‍പ്പിണര്‍ മതി ലോക റെക്കോര്‍ഡുകള്‍ തകരാന്‍! തമാശയല്ല, സംഗതി കാര്യമാണ്. അമേരിക്കയുടെ ആകാശത്തെ കീറിമുറിച്ചെത്തിയ ഒരൊറ്റ മിന്നൽപ്പിണറാണ് ലോക റെക്കോർഡുകൾ തകര്‍ത്തത്. 2017 ഒക്ടോബറിലുണ്ടായ ഈ മിന്നല്‍ 828 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. കിഴക്കൻ ടെക്സാസിൽ നിന്ന് മിസ്സോറിയിലെ കൻസാസ് സിറ്റിയിലേക്ക്. ഇതോടെ ഇതുവരെ അളന്നതില്‍ വച്ച് ഏറ്റവും ദൈർഘ്യമേറിയ മിന്നൽപ്പിണറായി ഇത് മാറി. ഇന്ത്യയെ സംബന്ധിച്ച് ന്യൂഡൽഹി മുതൽ ഭോപ്പാൽ വരെ നീണ്ടുനിൽക്കുന്നതാണ് ഈ ദൂരം. അതായത് കേരളത്തെക്കാൾ നീളം.
നേരത്തെ ഈ റെക്കോര്‍ഡ് 2020 ഏപ്രിൽ 29 ന് അമേരിക്കയിലെ മിസിസിപ്പിയിൽ നിന്ന് ടെക്സസിലേക്ക് വ്യാപിച്ച 768 കിലോമീറ്റര്‍ വ്യാപ്തിയുണ്ടായിരുന്ന ഇടിമിന്നലിന്റെ പേരിലായിരുന്നു. ഇതിനേക്കാള്‍ 60 കിലോമീറ്റര്‍ കൂടുതലായിരുന്നു 2017 ലെ മിന്നല്‍പ്പിണറിന്റെ വ്യാപ്തി. ഉപഗ്രഹ നിരീക്ഷണ ചിത്രങ്ങള്‍ ശാസ്ത്രജ്ഞർ വിശകലനം ചെയ്തതിന് പിന്നാലെയാണ് ഈ മിന്നല്‍പ്പിണറിനെ പുറംലോകം അറിഞ്ഞത്. മുന്‍പ് ഇടിമിന്നൽ ട്രാക്ക് ചെയ്തുകൊണ്ടിരുന്നത് ഗ്രൗണ്ട് അധിഷ്ഠിത ആന്റിന നെറ്റ്വർക്കുകൾ ഉപയോഗിച്ചായിരുന്നു. എന്നാല്‍ ഇന്ന് NOAA യുടെ GOES-16 ഉപഗ്രഹത്തിലെ ജിയോസ്റ്റേഷണറി ലൈറ്റ്നിങ് മാപ്പർ പോലുള്ള നൂതന ബഹിരാകാശ അധിഷ്ഠിത സെൻസറുകൾ ഉപയോഗിക്കുന്നുണ്ട്. അത് മുഴുവൻ ഭൂഖണ്ഡങ്ങളിലുമുള്ള മിന്നലുകളെ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നു. ഓരോ ഫ്ലാഷിന്റെയും ആരംഭം, അവസാനം, പൂർണ്ണ പാത എന്നിവ മില്ലിസെക്കൻഡ് വരെ കൃത്യമായി മനസ്സിലാക്കാനും ശാസ്ത്രജ്ഞരെ പ്രാപ്തരാക്കുന്നു.
എന്താണ് മെഗാഫ്ലാഷ്?
മിക്ക മിന്നൽപ്പിണരുകളും 16 കിലോമീറ്ററിൽ താഴെ ദൂരം മാത്രമേ സഞ്ചരിക്കുകയുള്ളൂ. എന്നാല്‍ ചിലത് 100 കിലോമീറ്ററിൽ കൂടുതല്‍ സഞ്ചരിക്കുകയും ചെയ്യും. ഇവയെയാണ് മെഗാ ഫ്ലാഷ് എന്ന് വിളിക്കുന്നത്. ഒരു ശതമാനത്തിൽ താഴെ മാത്രമേ ഇത്തരം മെഗാഫ്ലാഷ് ഉണ്ടാക്കുന്നുള്ളൂ. ദീർഘകാലം നിലനിൽക്കുന്ന ഇടിമിന്നലുകളിൽ നിന്നാണ് ഇവയുണ്ടാകുന്നത്. 14 മണിക്കൂറോ അതിൽ കൂടുതലോ ഇവ നീണ്ടുനില്‍ക്കുകയും വലിയ പ്രദേശങ്ങൾ കടന്ന് സഞ്ചരിക്കുകയും ചെയ്യും.
മേഘങ്ങള്‍ക്കിടയിലെ നെഗറ്റീവും പോസീറ്റുവുമായുള്ള കണങ്ങള്‍ തമ്മില്‍ ഉരസുമ്പോഴാണ് ഇടിമിന്നല്‍ ഉണ്ടാകുന്നത്. വിവിധ മേഘങ്ങളിലായി ശേഖരിക്കപ്പെടുന്ന ചാർജുകള്‍ മേഘങ്ങള്‍ക്കിടയിലോ മേഘങ്ങള്‍ക്കും ഭൂമിക്കും ഇടയിലോ ദശലക്ഷക്കണക്കിനു വോള്‍ട്ട് ശക്തിയുള്ള വൈദ്യുതിയായി രൂപപ്പെടാന്‍ ഇടയാക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന വൈദ്യുതിക്കു പുറത്തു കടക്കാനുള്ള പാതയാണ് ഇടിമിന്നലൊരുക്കുന്നത്.
ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങള്‍ കൂടിച്ചേര്‍ന്ന് നിരവധി പ്ലാസ്മകള്‍ രൂപപ്പെടാറുണ്ട്. ഈ പ്ലാസ്മ ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങളുടെ സഹായത്തോടെ പല ദിശകളിലേക്കായി കിലോമീറ്ററുകളോളം ദൂരത്തില്‍ സഞ്ചരിക്കും. ഈ സമയത്താണ് ഒന്നിലധികം വയറുകള്‍ ചേര്‍ത്തുവച്ച പോലെ പല ദിശയിലേക്കും വ്യാപിക്കുന്ന മിന്നലുകള്‍ നമുക്ക് ദൃശ്യമാകുന്നത്.
ഇടിമിന്നല്‍ ജാഗ്രത
ഇടിമിന്നലിന്റെ വ്യാപ്തി പലപ്പോഴും നമ്മള് വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. അതിനാല്‍ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറേണ്ടതാണ്. ഇടിമിന്നൽ കടന്നുപോയതിന് ശേഷം കുറഞ്ഞത് അരമണിക്കൂറെങ്കിലും കാത്തിരുന്നശേഷമേ പുറത്തേക്കിറങ്ങാവൂ. കാരണം കൂടുതൽ ദൂരം സഞ്ചരിക്കാനും നീണ്ടുനിൽക്കാനും ഇവയ്ക്ക് കഴിയുമെന്ന് ഓരോ മെഗാഫ്ലാഷുകളും ഓര്‍മ്മിപ്പിക്കുന്നുണ്ട്.