നമ്മുടെ ഹൃദയം പോലെ ഭൂമിക്കും ഒരു ഹൃദയമുണ്ടെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? ഓരോ സെക്കന്‍ഡിലും മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം! ഹൃദയം ഉണ്ടായാലും ഇല്ലെങ്കിലും ഭൂമിക്കുമുണ്ട് ഒരു ‘ഹൃദയതാളം’. കൃത്യമായ ഇടവേളപാലിക്കുന്നൊരു ‘ഹൃദയതാളം’. എന്നാല്‍ അത് എന്തുകൊണ്ടെന്ന് മാത്രം ഇന്നും ശാസ്ത്രലോകത്തിന് അറിയില്ലത്രേ!

1960 കളുടെ തുടക്കത്തില്‍ ജിയോഫിസിസിസ്റ്റ് ജാക്ക് ഒലിവറാണ് വിചിത്രമായ ഈ സ്പന്ദനം ആദ്യമായി കണ്ടെത്തിയത്. ഓരോ 26 സെക്കൻഡിലും ഭൂമി ഒരു ശാന്തമായ പ്രകമ്പനം പുറപ്പെടുവിക്കുന്നു. അധികം ആർക്കും അനുഭവപ്പെടില്ലെങ്കില്‍പ്പോലും അങ്ങിനെയൊരു താളമുണ്ടത്രേ. സമുദ്രങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കും കീഴിൽ ഒരുപോലെ ഈ താളം സ്പന്ദിക്കുന്നു. പഴയ ഭൂകമ്പമാപിനികളിലൊന്നിലാണ്  ഇത് ആദ്യം രേഖപ്പെടുത്തുന്നത്. പ്രത്യേകിച്ചും അറ്റ്ലാന്റിക് സമുദ്രത്തില്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍. ചില സീസണുകളിൽ ഈ പ്രകമ്പന സിഗ്നൽ കൂടുതൽ ശക്തമാകുന്നതായി ജാക്ക് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ആധുനിക ഉപകരണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് എന്താണ് ഈ പ്രകമ്പനത്തിന് പിന്നില്‍ എന്ന് തിരിച്ചറിയുക അസാധ്യമായിരുന്നു. 

പിന്നീട് 2005-ൽ കൊളറാഡോ ബൗൾഡർ സർവകലാശാലയിലെ ഗവേഷകർ വീണ്ടും അതേ പ്രകമ്പനങ്ങളുടെ സിഗ്നൽ കണ്ടെത്തി. പുതിയ ഭൂകമ്പ ഡാറ്റ ഉപയോഗിച്ച് പരിശോധിച്ചതില്‍ നിന്നും ഇപ്പോളും ഈ പ്രകമ്പനം സജീവമാണെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. വിചിത്രവും, സ്ഥിരതയുള്ളതുമായ താളം എന്നാണ് ഭൂകമ്പ ശാസ്ത്രജ്ഞൻ മൈക്ക് റിറ്റ്‌സ്‌വോളർ ഇതിനെ വിശേഷിപ്പിച്ചത്. പശ്ചിമ ആഫ്രിക്കയ്ക്കടുത്തുള്ള ഗിനിയ ഉൾക്കടലിലാണ് സിഗ്നൽ ട്രാക്ക് ചെയ്തിരിക്കുന്നത്. എങ്കിലും ഇതിന്‍റെ കാരണം അജ്ഞാതമായി തുടരുകയാണ്.

ഈ സ്പന്ദനത്തിന്‍റെ കാരണം വ്യക്തമല്ലെങ്കിലും പലതരത്തിലുള്ള സിദ്ധാന്തങ്ങളും ഇന്ന് നിലവിലുണ്ട്. അതിലൊന്ന് സമുദ്ര തിരമാലകൾ കരയിലേക്ക് ഇടിച്ചുകയറുന്നതിനെക്കുറിച്ചാണ്. ചില ഗവേഷകര്‍ പറയുന്നത് പ്രകാരം തിരമാലകൾ കരയില്‍ ഇടിച്ചുകയറുന്നതുമൂലമുള്ള വൈബ്രേഷനുകളാണ് ഈ സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ്. ഒരു മേശയുടെ ഒരു അറ്റത്ത് തട്ടിയാല്‍ മറുവശത്ത് അത് അനുഭവപ്പെടുന്നതുപോലെയാണ് ഈ സിദ്ധാന്തം പ്രസ്താവിക്കുന്നത്. 2013 ൽ ചൈനീസ് ശാസ്ത്രജ്ഞര്‍ മറ്റൊരു സിദ്ധാന്തവുമായി രംഗത്തെത്തി. സാവോ ടോം ദ്വീപിനടുത്തുള്ള അഗ്നിപർവ്വത പ്രവർത്തനങ്ങളാണ് അവര്‍ ഈ സ്പന്ദനത്തിന് കാരണം എന്നാണ് പറയുന്നത്. പക്ഷേ ഇവയ്ക്കും തെളിവുകള്‍ ഒന്നുമില്ല. ലോകമെമ്പാടുമുള്ള സീസ്മോമീറ്ററുകൾ ഇന്നും ഈ സ്പന്ദനങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ അതിനുപിന്നിലെന്തെന്ന ഉത്തരം തേടുകയാണ് ശാസ്ത്രലോകം.

ENGLISH SUMMARY:

Did you know that Earth emits a strange, consistent pulse every 26 seconds — like a heartbeat? First discovered in the 1960s by geophysicist Jack Oliver, this barely detectable seismic rhythm continues to puzzle scientists. Detected deep under oceans and continents, its cause remains unknown even after decades of research. Theories range from ocean wave impacts to underwater volcanic activity near Africa’s coast, yet none are conclusive. Even today, seismometers around the world record this unexplained tremor, leaving science searching for answers.