എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഭൂമിയുടെ അകക്കാമ്പ് ഉരുകി ഉപരിതലത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ് . ഇത്തരത്തില്‍ ഒഴുകിയെത്തുന്നതില്‍ പ്രധാനം എന്താണെന്നറിയമോ? മഞ്ഞലോഹമെന്നറിയപ്പെടുന്ന സ്വര്‍ണം തന്നെ . ഒപ്പം വിലയേറിയ ഒട്ടേറെ മുലകങ്ങളും. മുമ്പ് വിശ്വസിച്ചിരുന്നതുപോലെ, ഭൂമിയുടെ അകക്കാമ്പ് ഒറ്റപ്പെട്ട ഒന്നല്ല എന്നതിന് തെളിവാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. സ്വർണ്ണം ഉൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങൾ ഭൂമിയുടെ കാമ്പിൽ നിന്ന് മാന്തിലേക്ക് ചോർന്നൊലിക്കുകയും ഒടുവിൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ വഴി ഉപരിതലത്തിൽ എത്തുകയും ചെയ്യുന്നുവെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്.
അഗ്നിപർവ്വത പാറകള്‍ കേന്ദ്രീകരിച്ച് ഗോട്ടിംഗൻ സർവകലാശാലയിലെ ഒരു സംഘം നടത്തിയ ഗവേഷണമാണ് അകക്കാമ്പിലെ രഹസ്യങ്ങളുടെ ചുരുളഴിച്ചത്. പുതുതായി വികസിപ്പിച്ചെടുത്ത അൾട്രാ-സെൻസിറ്റീവ് ഐസോടോപ്പിക് വിശകലന രീതികൾ ഉപയോഗിച്ചായിരുന്നു പഠനം. ഈ പാറകളിൽ അസാധാരണമാംവിധം ഉയർന്ന അളവിൽ റുഥേനിയം ഐസോടോപ്പ് കണ്ടെത്തി. ഈ പ്രത്യേക ഐസോടോപ്പ് മാന്റിലിനേക്കാൾ ഭൂമിയുടെ കാമ്പിൽ സമൃദ്ധമാണ്. ഇതാണ് ലാവയില്‍ കണ്ടെത്തിയ പദാര്‍ഥം ഭൂമിയുടെ അകക്കാമ്പില്‍ നിന്നാണ് എത്തിയതെന്ന നിഗമനത്തിലേക്ക് നയിച്ചത്.
4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട ഭൂമിയുടെ അകക്കാമ്പില്‍ സ്വർണ്ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉണ്ടെന്നും ഈ വസ്തുക്കള്‍ ഭൂമിയുടെ ആവരണത്തിന് മുകളിലേക്ക് ഒഴുകുന്നുണ്ടെന്നും ഇതുവരെ സമാഹരിച്ച ഡേറ്റ സ്ഥിരീകരിച്ചതായി ഗവേഷകര്‍ പറയുന്നു. ഭൂമിയുടെ സ്വർണ്ണത്തിന്റെയും മറ്റ് വിലയേറിയ മൂലകങ്ങളുടേയും 99.999% ത്തിലധികം അകക്കാമ്പിലാണത്രേ അടങ്ങിയിരിക്കുന്നത്. ഇത് ഉള്ളില്‍ ‘ലോക്ക്’ ചെയ്യപ്പെട്ട അവസ്ഥയിലാണ്. എന്നാല്‍ ഉപരിതലത്തിലെ പാറകളിൽ റുഥേനിയം കണ്ടെത്തിയത് സൂചിപ്പിക്കുന്നത് അമിതമായി ചൂടായ മാന്റിൽ പ്ലൂമുകൾക്ക് ഈ ആഴത്തിലുള്ള ഭൂമിയിലെ വസ്തുക്കളെ ഉപരിതലത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ്. ഗവേഷകര്‍ പറയുന്നു.
ഭൂമിയുടെ ഉപരിതലത്തിലേക്ക് വിലയേറിയ ലോഹങ്ങള്‍ ഒഴുകുന്നുണ്ട് എന്ന പുതിയ തിരിച്ചറിവ് പുതിയ വഴികളും തുറക്കുകയാണ്. ഭൂമിയുടെ അകക്കാമ്പിലെ വിശാലമായ സ്വർണ്ണ ശേഖരം നേരിട്ട് ചൂഷണം ചെയ്യാനുള്ള സാധ്യത ഇല്ലെങ്കിലും ഭൂമിയുടെ ആഴത്തിൽ സംഭവിക്കുന്ന പ്രക്രിയകളെക്കുറിച്ചുള്ള പുതിയൊരു ഉള്‍ക്കാഴ്ച ഇത് നല്‍കുന്നു. ഭൂമിയുടെ ആന്തരിക ചലനത്തെയും അകക്കാമ്പിന്‍റെ ജിയോകെമിക്കൽ ഐസൊലേഷനെയും കുറിച്ചുള്ള നമ്മുടെ ഇതുവരെയുള്ള കാഴ്ചപ്പാടുകളെ ഇത് വെല്ലുവിളിക്കുമെന്നും ഗവേഷകര്‍ പറയുന്നു.