തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. കോര്‍പ്പറേഷന്‍ ജീവനക്കാരെന്ന വ്യാജേന ഫ്ളാറ്റില്‍ കയറി വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുപറിച്ചു. വനിതകള്‍ ഉള്‍പ്പെടുന്ന മോഷണസംഘത്തിലെ അഞ്ച് പേര്‍ പിടിയിലായി.
സ്വര്‍ണത്തിന്‍റെ വില കുതിച്ചുയരുമ്പോള്‍ കള്ളന്‍മാര്‍ പല രൂപത്തില്‍ ഇറങ്ങുകയാണ്. സ്വര്‍ണം അണിഞ്ഞ് വീട്ടിലിരിക്കുന്നത് പോലും സുരക്ഷിതമല്ലാത്ത കാലം. അതാണ് തലസ്ഥാന നഗരത്തിലെ വന്‍കവര്‍ച്ച നല്‍കുന്ന പാഠം. മണക്കാട് മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ ഫ്ളാറ്റിലാണ് വെള്ളിയാഴ്ച പട്ടാപ്പകല്‍ 11 മണിയോടെ മോഷ്ടാക്കളെത്തിയത്. വീട്ടുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ കോര്‍പ്പറേഷന്‍ ജീവനക്കാരെന്ന വേഷത്തിലായിരുന്നു കവര്‍ച്ചാസംഘം എത്തിയത്. 64 വയസുള്ള ചന്ദ്ര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ കയറിയതിന് പിന്നാലെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുപറിക്കുകയായിരുന്നു.
മൂന്ന് പവന്‍ വരുന്ന മാലയും മുക്കാല്‍ പവന്‍ വീതമുള്ള ആറ് വളകളുമാണ് കവര്‍ന്നത്. കവര്‍ച്ചാസംഘത്തില്‍ ഒരു സ്ത്രീയടക്കം നാല് പേരാണുണ്ടായിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അഞ്ച് പേര്‍ പിടിയിലായി. ശരത്, രാജന്‍, ഷീബ, അല്‍അമീന്‍ ഷിബു, റീന എന്നിവരാണ് പിടിയിലായത്. ഇതില്‍ ശരതും രാജനും ഷീബയും കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തവരും മറ്റുള്ളവര്‍ സഹായികളുമാണ്. ഫോര്‍ട് പൊലീസാണ് അന്വേഷണം.