കവർച്ചയ്ക്കിടെ യുവതി വിഴുങ്ങിയ സ്വർണമാല പുറത്തുവരാനുള്ള പൊലീസുകാരുടെ കാത്തിരിപ്പ് അവസാനിച്ചു. പക്ഷെ തൊണ്ടി കിട്ടിയില്ലെന്നു മാത്രം. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസുകാരെ കബളിപ്പിച്ച് പുറത്ത് വന്ന മാല ക്ലോസ്റ്റിലേക്ക് ഒഴുക്കി കളഞ്ഞു. ഇതോടെ പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പ്രതിയെ റിമാൻഡ് ചെയ്തു. ഇവരെ മഞ്ചേരി സബ്ജയിലേക്ക് മാറ്റി.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് സമീന (35) വിഴുങ്ങിയത്. എക്സ്റേ പരിശോധനയിൽ ആഭരണം കണ്ടെത്തിയതിനെത്തുടർന്ന് വയറിളക്കിയെങ്കിലും ആഭരണം പുറത്തുവന്നില്ല. നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു പ്രത്യേക മുറിയിലാക്കി ആഭരണം പുറത്തുവരുന്നതു കാത്ത് കാവൽ നിന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലെ സർജറി വാർഡിലേക്കും മാറ്റി. തൊണ്ടി മുതൽ കണ്ടെടുക്കാനായി സമീനയെപൊലീസ് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു
4 ദിവസമായി പൊലീസിന്റെ കാത്തിരിപ്പ് തുടരുകയായിരുന്നു. ഇതിനിടെ പൊലീസിനെ വെട്ടിലാക്കി സ്കാനിങ്ങിൽ മറ്റൊരു കമ്മൽ കൂടി പ്രതിയുടെ വയറ്റിൽ കണ്ടെത്തി. രോഗിക്ക് അസ്വസ്ഥത ഇല്ലാത്തിടത്തോളം കാലം ശസ്ത്രക്രിയ നടത്താനാകില്ലെന്നു ഡോക്ടർമാർ നിലപാടെടുത്തതോടെ കാത്തിരിപ്പല്ലാതെ വേറെ വഴിയില്ലെന്നായി പൊലീസിന്. ഇതോടെ, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക് സ്വർണക്കവർച്ച കേസ് നീങ്ങി
ഇതിനിടെയാണ് എക്സ്റേ പരിശോധനയിൽ വയറ്റിൽ കമ്മൽ കൂടി കണ്ടെത്തിയത്. ആഭരണങ്ങൾ ആമാശയത്തിൽ നിന്ന് താഴേക്ക് എത്തിയ അവസ്ഥയിലാണെന്നും സ്വാഭാവികമായ പുറന്തള്ളൽ ഉണ്ടാകുമെന്നുമായിരുന്നു ഡോക്ടർമാര്‍ പറഞ്ഞത്.