Image Credit: x.com/UAPDF

അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ ആകാശത്ത് 1,000 അടി വലിപ്പമുള്ള ഭീമൻ പറക്കുംതളിക കണ്ടെത്തിയെന്ന് വാദം. യുഎഫ്ഒകളെ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന യുഎപി ഡിസ്ക്ലോഷര്‍ ഫണ്ട് എന്ന സംഘടനയാണ് പുതിയ ഫൊട്ടോ പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 600-1,000 അടി വ്യാസമുള്ളതും വെള്ളി നിറത്തിലുള്ളതും ഡിസ്ക് ആകൃതിയിലുള്ളതുമായ പറക്കുംതളികയുടെ ഒരു വാണിജ്യ പൈലറ്റ് എടുത്ത ഫൊട്ടോ എന്ന് കുറിച്ചാണ് ചിത്രം പങ്കുവച്ചത്. പിന്നാലെ ചിത്രത്തെ പരിഹസിച്ചും വിമര്‍ശിച്ചും ആളുകളുമെത്തി.

വാഷിങ്ടണ്‍ ഡിസിയിൽവ്യാഴാഴ്ച നടന്ന യുഎപി ഡിസ്ക്ലോഷര്‍ ഫണ്ടിന്‍റെ പാനലിനിടെ മുൻ പെന്‍ഗണ്‍ ഇൻസൈഡർ ലൂയിസ് ലൂ എലിസോണ്ടോയാണ് ചിത്രം പുറത്തുവിട്ടത്. സയൻസ്, നാഷണൽ സെക്യൂരിറ്റി ആന്‍ഡ് ഇന്നൊവേഷൻ എന്ന പേരിലുള്ള പരിപാടിയിൽ നിരവധി യുഎസ് നിയമകര്‍ത്താക്കളും ശാസ്ത്രജ്ഞരും പങ്കെടുത്തിരുന്നു.

‘സിവിലിയൻ-ഗ്രേഡ്’ ക്യാമറ ഉപയോഗിച്ചാണ് ചിത്രം എടുത്തതെന്നാണ് എലിസോണ്ടോ പറയുന്നത്. ന്യൂ മെക്സിക്കോ, അരിസോണ, യൂട്ടാ, കൊളറാഡോ എന്നിവയുടെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഫോർ കോർണേഴ്‌സ് ലാൻഡ്‌മാർക്കിന് സമീപം 21,000 അടി ഉയരത്തിൽ പറക്കുമ്പോള്‍ 2021 ല്‍ എടുത്തതാണ് ഫൊട്ടോ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ഫൊട്ടോയുടെ ആധികാരികത തനിക്ക് ഉറപ്പുനൽകാൻ കഴിയില്ലെന്നും കാരണം അത് താന്‍ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.  എന്നിരുന്നാലും ചിത്രത്തിലെ പറക്കുംതളികയുടെ നിഴലിലേക്ക് വിരൽ ചൂണ്ടിയാണ് അത് സത്യമെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇത്തരത്തില്‍ വ്യാജ യുഎഫ്‌ഒകളുടെ 'തെളിവുകൾ' അവതരിപ്പിച്ചതിന് എലിസോണ്ടോ മുമ്പും വിമർശിക്കപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

A 1,000-foot-wide silver disc-shaped UFO was reportedly photographed by a commercial pilot over the US Southwest, claims the UAP Disclosure Fund. The image sparked debate after being revealed at a Washington D.C. panel.