AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
മനുഷ്യ ദൃഷ്ടിയില്‍ ഇന്നോളം പതിഞ്ഞിട്ടില്ലാത്ത പുതിയ നിറം കണ്ടെത്തിയെന്ന അവകാശവാദവുമായി യുഎസില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍. പീക്കോക്ക് ഗ്രീനുമായി ചേര്‍ന്ന് നില്‍ക്കുന്ന ഈ നിറത്തിന് ‘ഒാലോ’ എന്നാണ് പേരിട്ടിരിക്കുന്നത്. അഞ്ച് പേരടങ്ങുന്ന ഗവേഷകരുടെ കണ്ണിലേക്ക് ലേസര്‍ പള്‍സുകള്‍ കടത്തിവിട്ട് നടത്തിയ പരീക്ഷണത്തിലൂടെയാണ് പുതിയ നിറം കണ്ടെത്തിയിരിക്കുന്നത്. 'സയന്‍സ് അഡ്വാന്‍സസ്' എന്ന ജേര്‍ണലിലാണ് കണ്ടുപിടിത്തതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അസാധാരണ കണ്ടെത്തല്‍ എന്നാണ് യുഎസിലെ ശാസ്ത്രസമൂഹം ഇതിനെ വിശേഷിപ്പിക്കുന്നത്.
പരീക്ഷണം
നാല് പുരുഷന്‍മാരും ഒരു വനിതയും അടങ്ങുന്ന സംഘമാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. യുസി ബര്‍ക്ക്‌ലി, വാഷിങ‌്ടണ്‍ സര്‍വകലാശാലകള്‍ ചേര്‍ന്നാണ് ഇതിനായുള്ള ഉപകരണം രൂപകല്‍പന ചെയ്തത്. ഒാരോരുത്തരുടേയും കണ്ണിലേക്ക് ലൈസര്‍ ബീം കടത്തിവിട്ട ശേഷം അവര്‍ ഒാസ് എന്ന (OZ ) ഈ ഉപകരണത്തിലേക്ക് നോക്കിയപ്പോള്‍ ആണ് പുതിയ നിറം ദൃശ്യമായത്.
കണ്ണിന്റെ പിറകുവശത്തെ ഒരു ലൈറ്റ് സെന്‍സിറ്റീവ് ടിഷ്യുവാണ് റെറ്റിന (RETINA) ഇത് പ്രകാശത്തെ വൈദ്യത സംജ്ഞകളായി മാറ്റുന്നു. നിറങ്ങള്‍ തിരിച്ചറിയാനുള്ള പ്രധാന ഘടകങ്ങളാണ് കോണ്‍ സെല്ലുകള്‍. എസ് കോണ്‍, എം കോണ്‍, എല്‍ കോണ്‍. ഇതില്‍ എസ് കോണ്‍ അഥവാ ഷോര്‍ട് കോണ്‍സ് നീല നിറവും, എം അഥവാ മീഡിയം കോണ്‍സ് പച്ചനിറവും. എല്‍ അഥവാ ലോങ് കോണ്‍സ് ചുവപ്പുനിറവും ദൃശ്യമാക്കുന്നു. സാധാരണ സാഹചര്യങ്ങളില്‍ എം കോണ്‍ സജീവമാകുമ്പോള്‍ അതിനൊപ്പം എല്‍ അല്ലെങ്കില്‍ എസ് കോണും സജീവമാകും. എന്നാല്‍ ഈ പരീക്ഷണത്തില്‍ എം കോണ്‍സ് മാത്രം ഉത്തേജിപ്പിച്ചപ്പോള്‍ ആണ് ഇന്നോളം ദൃശ്യമാകാത്ത ഒരു പുതിയ നിറസമ്മിശ്രം തലച്ചോറിലേക്ക് എത്തിയതും. ഒാലോ എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ണം സാധാരണ അവസ്ഥയില്‍ കാണാന്‍ കഴിയില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
സാധ്യതകള്‍
ഈ കണ്ടുപിടിത്തം വര്‍ണാന്ധതയ്ക്കുള്ള (Color blindness) ചികിത്സയില്‍ പുതിയ സാധ്യതകള്‍ക്ക് വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു. നിര്‍ദിഷ്ട കോണുകള്‍ മാത്രം ഉത്തേജിപ്പിച്ച് ഭാഗികമായ വര്‍ണാന്ധതയുള്ള (partial color blindness) നിറങ്ങള്‍ തിരിച്ചറിയുന്നതിന് സഹായകമാകുമെന്നാണ് പ്രതീക്ഷ.
മറുവാദങ്ങള്‍
എന്നാല്‍ ഈ കണ്ടെത്തല്‍ സംശയങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണെന്ന വാദം ശാസ്ത്രസമൂഹത്തില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. ലണ്ടന്‍ യൂണിവേഴ്്സിറ്റിയിലെ പ്രൊഫസര്‍ ജോണ്‍ ബാര്‍ബറാണ് ഈ കണ്ടുപിടിത്തതോട് ആദ്യം വിയോജനം രേഖപ്പെടുത്തിയിരിക്കുന്നത്. സാങ്കേതികമായി ഇതിനെ അത്ഭുതമെന്ന് പറയാമെങ്കിലും പുതിയ നിറമെന്ന അവകാശവാദത്തെ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരാള്‍ക്ക് വലിയ തോതില്‍ ചുവപ്പു കോണ്‍ സെല്ലുകള്‍ ഉത്തേജിപ്പിക്കാനായാല്‍ കനത്ത ചുവപ്പുനിറമായി കാണും. എന്നാല്‍ കോണുകളുടെ സംവേദനശേഷിയില്‍ മാറ്റം വന്നാല്‍ ദൃശ്യമാകുന്ന വര്‍ണത്തിന്റെ തീവ്രത മാറാമെന്നും ജോണ്‍ ബാര്‍ബറ വിശദീകരിക്കുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ എന്ത് തന്നെയായാലും ഈ കണ്ടുപിടിത്തം കലാരംഗത്ത് അടക്കം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കും.