അമേരിക്കയിലെ ഒക്ലഹോമയ്ക്കും ആർക്കൻസാസിനും മുകളിലുള്ള ആകാശത്ത് ലിയോനാർഡോ ഡാ വിഞ്ചിയുടെ വിഖ്യാത ചിത്രമായ 'മോണലിസ' പുനഃസൃഷ്ടിച്ചിരിക്കുകയാണ് അമേരിക്കൻ പൈലറ്റായ ബെഞ്ചമിൻ മക്ഡാനിയേൽ. ഫ്ലൈറ്റ് ട്രാക്കിങ് ആപ്പുകളിലെ റഡാർ മാപ്പിലാണ് തന്റെ ചെറുവിമാനം ഉപയോഗിച്ച് അദ്ദേഹം മൊണാലിസയുടെ രൂപത്തിൽ വിമാന പാത പൂർത്തിയാക്കിയത്. ദൃശ്യങ്ങൾ വൈറലായതോടെ, സാങ്കേതികവിദ്യയും കലയും സമന്വയിപ്പിച്ച പൈലറ്റിന്റെ കഴിവിനെ അഭിനന്ദിക്കുകയാണ് ആളുകൾ. 

'സ്കൈ ആർട്ട്' അഥവാ റഡാർ ആർട്ട് എന്ന് വിളിക്കപ്പെടുന്ന ഈ അദ്ഭുത സൃഷ്ടിക്കായി ഏകദേശം 4 മണിക്കൂർ തുടർച്ചയായി വിമാനം പറത്തിയെന്നാണ് റിപ്പോർട്ടുകൾ. അതീവ ശ്രദ്ധയോടെ പ്രീ ഫ്ലൈറ്റ് പ്ലാനിങ് നടത്തി ആവശ്യമായ രീതിയിൽ വിമാനം വളച്ചും കൃത്യമായ ചരിവുകളുണ്ടാക്കിയും ആകാശത്ത് മൊണാലിസയെ വരച്ചെടുക്കുകയായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ ജിപിഎസ് റൂട്ടുണ്ടെങ്കിലും വിമാനം അതേ കൃത്യതയോടെ നിയന്ത്രിക്കണമെങ്കിൽ വലിയ കഠിനാധ്വാനം തന്നെ വേണമെന്ന് ആളുകൾ പറയുന്നു. അത് കൃത്യമായി നിർവഹിച്ച ബെഞ്ചമിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹമാണ്.

എയർനാവ് റഡാർ വഴിയായിരുന്നു ഈ 3D ഫ്ലൈറ്റ്-പാത്ത് വിഷ്വലൈസേഷൻ പൂർത്തിയാക്കിയത്. ഒരു ചെറിയ തെറ്റ് സംഭവിച്ചാൽ പോലും റഡാറിലെ ചിത്രം മുഴുവൻ കുളമാകാൻ സാധ്യതയുണ്ടായിരുന്നിട്ടും ബെഞ്ചമിന് അതിൽ വിജയിക്കാൻ സാധിച്ചു. ഒരേ സമയം ഒരു പൈലറ്റും കലാകാരനുമായാ ബഞ്ചമിൻ മുൻപും ആകാശത്ത് വിസ്മയങ്ങൾ തീർത്തിട്ടുണ്ട്.

ENGLISH SUMMARY:

Pilot Benjamin McDaniel created a stunning 'Mona Lisa' in the sky over Oklahoma and Arkansas using his small aircraft, combining technology and art. This 'sky art' or 'radar art' took approximately 4 hours of continuous flight, impressing people with the pilot's precise control and artistic vision.