മലയാളികൾ ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ വലിയ ആവേശത്തോടെയും ഞെട്ടലോടെയും ഏറ്റെടുത്ത അമേരിക്കൻ ഹൊറർ-ത്രില്ലറാണ് ‘ഒബ്സെഷൻ’. ചിത്രത്തിലെ ഓരോ രംഗങ്ങളും തിയറ്ററുകളിലും ഒടിടിയിലും പ്രേക്ഷകരിൽ സൃഷ്ടിച്ച ഭീതിയുടെ ആഴം ചെറുതല്ല. പ്രത്യേകിച്ച്, ക്ലൈമാക്സിനോട് അടുക്കുമ്പോഴുള്ള ഭീതിജനകമായ രംഗം കാണുന്ന ആരുടെയും ഉള്ളിൽ ഒരു ഞെട്ടലുണ്ടാകുമെന്ന് ഉറപ്പ്.
ഇപ്പോഴിതാ, വിമാനയാത്രയ്ക്കിടെ ‘ഒബ്സെഷൻ’ കണ്ട് ഞെട്ടിത്തെറിച്ച ഒരു യാത്രികന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിമാനത്തിനുള്ളിൽ രാത്രി യാത്രയ്ക്കിടെയായിരുന്നു സംഭവം. യാത്രക്കാരൻ ‘ഒബ്സെഷൻ’ സിനിമ കാണുകയായിരുന്നു. സിനിമ ക്ലൈമാക്സിനോട് അടുക്കുമ്പോഴേക്കും യാത്രികന്റെ ശ്രദ്ധ പൂർണമായും സ്ക്രീനിലായി. പെട്ടെന്ന് ഭീകരമായ രംഗം പ്രത്യക്ഷപ്പെട്ടതോടെ നിയന്ത്രണം വിട്ട യാത്രികൻ ഞെട്ടലോടെ നിലവിളിക്കുകയും സീറ്റിൽ നിന്ന് ചാടിയെഴുന്നേൽക്കുകയും ചെയ്തു.
യാത്രികന്റെ അലർച്ച കേട്ട് വിമാനത്തിലുണ്ടായിരുന്ന ഒരു പിഞ്ചുകുഞ്ഞ് ഞെട്ടിയുണർന്ന് കരയാനും തുടങ്ങി. പിന്നിലിരുന്ന മറ്റൊരു യാത്രികനാണ് ഈ കൗതുകകരമായ നിമിഷം ക്യാമറയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. “എന്റെ മുന്നിലിരുന്നയാൾ ആദ്യമായാണ് ‘ഒബ്സെഷൻ’ കാണുന്നത്. ആ നിർണായക രംഗം വന്നപ്പോൾ പകർത്തിയ ദൃശ്യമാണിത്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
സിനിമയിലെ ഞെട്ടിക്കുന്ന രംഗം കണ്ട് യാത്രികൻ പേടിച്ചതും അതിന്‍റെ ഫലമായി കുഞ്ഞിന്‍റെ ഉറക്കം നഷ്ടപ്പെട്ടതും ഉൾപ്പെടുന്ന വീഡിയോ വൈറലായതോടെ പ്രതികരണവുമായി സിനിമയിലെ നായകനും രംഗത്തെത്തി. ചിത്രത്തിൽ ‘ബിയർ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നായക നടൻ മൈക്കിൾ ജോൺസ്റ്റൺ, സിനിമ ആസ്വദിച്ചതിന് നന്ദി അറിയിക്കുകയും കുഞ്ഞിന്‍റെ ഉറക്കം കെടുത്താൻ ഇടയാക്കിയതിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
ഒരു ആഗ്രഹത്തിന്‍റെ പിന്നാലെ പോയി മനുഷ്യന്‍റെ സ്വഭാവം എത്രമാത്രം വികൃതമാകാം എന്ന് കാണിച്ചുതന്ന ‘ഒബ്സെഷൻ’ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഏകദേശം പത്ത് കോടി രൂപയിൽ താഴെ ബജറ്റിൽ നിർമിച്ച ചിത്രം ലോകമെമ്പാടുനിന്നും 3000 കോടി രൂപ നേടിയെന്നാണ് അവകാശപ്പെടുന്നത്.
പ്രേക്ഷകർക്ക് തിയറ്ററിലും ഒടിടിയിലും സിനിമ നൽകിയ ആഘാതം എത്രത്തോളമാണെന്ന് വിമാനയാത്രികന്റെ ഭയത്തിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്. എന്തായാലും, ‘ഒബ്സെഷൻ’ പകർന്ന ഭയം ഇപ്പോൾ ആകാശത്തോളം ഉയർന്നിരിക്കുകയാണ്!