ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ലക്നൗവിൽനിന്ന് ദമാമിലേക്ക് പോയ വിമാനമാണ് അഹമ്മദാബാദിൽ ഇറക്കിയത്. വിമാനത്തിലെ ജീവനക്കാരിൽ ഒരാൾക്ക് ടിഷ്യു പേപ്പറില്‍ ‘ബോംബ്’ എന്ന് എഴുതിയ കുറിപ്പ് ലഭിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. വിമാനത്തിൽ 107 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അഹമ്മദാബാദ് പൊലീസ് അറിയിച്ചു.
ലഖ്നൗവിൽ നിന്ന് ദമാമിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോയുടെ 6E 97 വിമാനത്തിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം വിമാനത്തിലെ ക്രൂ അംഗങ്ങളിലൊരാൾക്ക് ടിഷ്യൂ പേപ്പറിൽ 'ബോംബ്' എന്ന് എഴുതിയ കുറിപ്പ് ലഭിക്കുകയായിരുന്നു. ബോംബ് ഭീഷണി ഉയർന്നതോടെ പൈലറ്റ് അടിയന്തര സന്ദേശം നൽകുകയും, വൈകുന്നേരം 5:45-ഓടെ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്താവളത്തിലെ ടെർമിനൽ 2-ലേക്ക് മാറ്റി.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), പൊലീസ്, സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG), ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS) എന്നിവരുടെ നേതൃത്വത്തിൽ വിമാനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ വിമാനത്തിനുള്ളിൽ നിന്ന് സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അഹമ്മദാബാദ് എയർപോർട്ട് പൊലീസ് ഇൻസ്പെക്ടർ എ.ഡി. ചാവ്ദ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ഓഗസ്റ്റ് 31-നും ദമ്മാമിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും സമാനമായ രീതിയിൽ ടിഷ്യൂ പേപ്പറിൽ വ്യാജ ബോംബ് ഭീഷണി കുറിപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിമാനം അഹമ്മദാബാദിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. വ്യാജ സന്ദേശം നൽകിയ ആളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.