അഹമ്മദാബാദിൽ അതിവേഗത്തിലെത്തിയ വാഹനം ബൈക്കിലിടിച്ച് 22-കാരി മരിച്ച സംഭവം ക്രൂരമായ ‘ദുരഭിമാനക്കൊല’യെന്ന് പൊലീസ്. ഒരു യുവാവിനൊപ്പമുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ആശുപത്രി റിസപ്ഷനിസ്റ്റായ സോഫിയയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തുകയും തുടർന്ന് റോഡപകടമായി ചിത്രീകരിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഒരു മാസം മുമ്പാണ് ഈ ക്രൂര സംഭവം നടന്നത്. ഓഗസ്റ്റ് 12ന് രാത്രിയിൽ സോഫിയയുടെ പിതാവ് മുഹമ്മദ് ഫാറൂഖും സഹോദരൻ മുഹമ്മദ് ഹാബിലും ചേർന്ന് അവരെ പുറത്തേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ ഗെൽജിപുര ഗ്രാമത്തിന് സമീപമുള്ള ആളൊഴിഞ്ഞ വഴിയിലേക്ക് ബൈക്ക് തിരിച്ച ഹാബിൽ, കൈയിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് സോഫിയയുടെ തലയ്ക്ക് മൂന്ന് തവണ ശക്തമായി അടിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം പ്രധാന റോഡിലേക്ക് മാറ്റുകയും, അതിവേഗത്തിലെത്തിയ വാഹനം ഇടിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ബൈക്കിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.

പിന്നീട് ഗെൽജിപുര ജങ്ഷന് സമീപം വച്ച് ഒരു വാഹനം തങ്ങളുടെ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നും അപകടത്തിൽ സഹോദരിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്നും, തനിക്ക് നിസ്സാര പരിക്കുകളേറ്റെന്നും പറഞ്ഞ് ഹാബിൽ അധികൃതരെ സമീപിച്ചു. ഗുരുതരമായി പരുക്കേറ്റ സോഫിയയെ സോളാ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണമടഞ്ഞു.

മൂന്ന് മാസം മുമ്പ് സോഫിയ ഉൾപ്പെട്ട ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് പിതാവിനും സഹോദരനും അവരോട് കടുത്ത അമർഷമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. സമൂഹത്തിൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന് ഭയന്നാണ് ഇരുവരും ചേർന്ന് കൊലപാതകത്തിന് പദ്ധതി ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ഹാബിൽ പാന്റ്സിനുള്ളിൽ ഇരുമ്പ് ചുറ്റിക ഒളിപ്പിച്ചുവച്ചിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്നാണ് ഇരുവരും ചേർന്ന് കൊലപാതകം നടത്തുകയും സംഭവം റോഡപകടമായി ചിത്രീകരിക്കുകയും ചെയ്തത്.

സംഭവത്തിൽ പ്രതികളായ പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.

ENGLISH SUMMARY:

Honor killing in Ahmedabad involved a father and brother brutally murdering their 22-year-old daughter, Sofiya, and staging it as a road accident. This horrific act was motivated by fear of societal shame after a video of Sofiya with a young man went viral.