ഈ നിവിന്‍ പോളി ശരിക്കും ആരാണ്? ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് കെട്ടോ. അത് നടനാകുന്നതിന് മുന്‍പ്. എന്തിനാണ് എന്‍ജിനീയറിങ് പഠിച്ചതെന്ന് ചോദിച്ചാല്‍, ഉത്തരംകിട്ടാത്ത ചോദ്യമെന്നാണ് നിവിന്‍റെ തന്നെ മറുപടി. സിനിമയില്‍ കയറിയതോടെ താനൊരു എന്‍ജിനീയറാണെന്ന കാര്യം നിവിന്‍ അങ്ങ് മറന്നു. എങ്കിലും ഇടയ്ക്ക് എന്‍ജിനീയറയുടെ ചിന്തകളും ചെയ്തികളും ഉള്ളില്‍ നിന്ന് ഓളംതള്ളി വരും. അങ്ങനെ ഒരു ചിന്തയുടെ തുടര്‍ച്ചയാണ് എഐ പരീക്ഷണത്തില്‍ നിവിനെ എത്തിച്ചത്.
ഒരു സ്റ്റാര്‍ട്ടപ്പ് എന്നത് നിവിന്‍റെ വര്‍ഷങ്ങളായുള്ള മോഹമാണ്. പല ഐഡിയകളും കത്തി. പക്ഷെ ഒന്നും കാര്യമായി പ്രകാശിച്ചില്ല. സ്വന്തമായി ഒന്നും തുടങ്ങിയില്ലെങ്കിലും ചില സ്റ്റാര്‍ട്ടപ്പിലൊക്കെ ഇന്‍വന്‍സ്റ്റ്മെന്‍റുണ്ട് നിവിന്. അങ്ങനെയിരുന്ന് ആലോചിക്കുമ്പോളാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആളുകള്‍ നിവിനെ തേടിയെത്തുന്നത്. അവര്‍ എത്തിയത് എഐയുമായി ബന്ധപ്പെട്ട ഹാക്കത്തോണിന്‍റെ ചര്‍ച്ചകള്‍ക്കായിരുന്നു. സിനിമയിലെ പ്രശ്നങ്ങളെകുറിച്ച് തലപുകച്ചിരുന്ന നിവിന്‍റെ ഉള്ളിലെ എന്‍ജിനീയര്‍ ഉണര്‍ന്നു.
സിനിമയിലെ മറ്റ് പ്രശ്നങ്ങളെകുറിച്ചല്ല പ്രൊഡക്ഷനിലും സ്ക്രിപ്റ്റിങ്ങിലും അടക്കമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു നിവിന്‍റെ ചിന്ത. എഐയുടെ സഹായത്തോടെ ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താമെന്നാണ് സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ നിവിന്‍റെ ആത്മവിശ്വാസം. പുത്തന്‍ ആശയങ്ങളുടെ പിറവിക്ക് കാരണമായേക്കാവുന്ന കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടക്കുന്ന എഐ ഹാക്കത്തോണില്‍ നിവിനും ഭാഗമാകുകയാണ്.
ജൂലൈ 19,20 തീയതികളില്‍ നടക്കുന്ന 'ഹാക്ജെന്‍ എഐ'യുടെ മുഖ്യ സംഘാടകരില്‍ ഒരാളാണ് നിവിന്‍ പോളി. സിനിമ, മാധ്യമം, ഡിസൈന്‍, ശബ്ദവിന്യാസ മേഖലകളില്‍ എഐയുടെ സാഹായത്തോടെ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള അവസരമാണ് 'ഹാക്ജെന്‍ എഐ'. നിവിന്‍റെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിന്‍റെ സഹകരണത്തോടെയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എഐ ഹാക്കത്തോണാണ് വരാനിരിക്കുന്നത്. ഏതൊക്കെ പ്രശ്നങ്ങള്‍ക്ക് എഐ പരിഹാരം കാണുമെന്ന് കാത്തിരുന്ന് കാണാം.