chat-gpt-water-image1

നമ്മൾ ദിവസവും ചാറ്റ് ജിപിടി ഉപയോഗിക്കുന്നു, ചിത്രങ്ങൾ ഉണ്ടാക്കുന്നു, പാട്ടുകൾ കേൾക്കുന്നു, എന്തിന് ഒരു സംശയം വന്നാൽ ഉടൻ തന്നെ ഗൂഗിള്‍ എഐയോട് ചോദിക്കുന്നു. എല്ലാം നിമിഷങ്ങൾക്കുള്ളിൽ ഫ്രീയായി കിട്ടുന്നു. ശരിയല്ലേ? പക്ഷേ, ഈ 'സൗജന്യ' സേവനത്തിന്‍റെ പിന്നിൽ ഒരു വലിയ 'വില' നമ്മൾ കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?.... അതും നമ്മുടെ ഭൂമിയുടെ ഏറ്റവും വിലപ്പെട്ട സമ്പത്തായ വെള്ളം!. നമ്മൾ പോലും അറിയാതെ എഐ  നമ്മുടെ ജലസ്രോതസ്സുകളെ വറ്റിച്ചെടുക്കുകയാണോ? ഒരു ചെറിയ സംശയത്തിന് ഉത്തരം ലഭിക്കാൻ എഐ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവ് നിങ്ങൾക്കറിയാമോ? അറിയില്ലെങ്കില്‍ കേട്ടോ? 

എഐയ്ക്ക് എന്തിനാണ് ഇത്ര വെള്ളം?

എഐ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തിക്കുന്നത് വലിയ ഡാറ്റാ സെന്ററുകളിലാണ്. ആയിരക്കണക്കിന് സെർവറുകളും, കമ്പ്യൂട്ടറുകളും അടങ്ങിയ വലിയ കെട്ടിടങ്ങളാണിവ. ഈ കമ്പ്യൂട്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കുമ്പോൾ അമിതമായി ചൂടാകും. ഈ ചൂട് നിയന്ത്രിച്ചില്ലെങ്കിൽ സെർവറുകൾക്ക് കേടുപാടുകൾ സംഭവിക്കാം.. ഈ ചൂട് കുറയ്ക്കാൻ കൂളിംഗ് സിസ്റ്റങ്ങൾ വേണം... ഇവിടെയാണ് വലിയൊരു പ്രതിസന്ധി തുടങ്ങുന്നത്. ഈ സെർവറുകൾ ചൂടാകുമ്പോൾ  'ലിക്വിഡ് കൂളിംഗ്' സംവിധാനത്തിലൂടെയാണ് തണുപ്പിക്കുന്നത്. അതായത്, ശുദ്ധജലം ഉപയോഗിച്ച് ഈ സെർവറുകളെ നിരന്തരം തണുപ്പിച്ചുകൊണ്ടിരിക്കുന്നു. 

meta-ai-image3

മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും പഠനങ്ങൾ പറയുന്നതനുസരിച്ച്, ചാറ്റ് ജിപിടിയോട് നമ്മൾ  20 മുതൽ 50 ചോദ്യങ്ങൾ ചോദിക്കുമ്പോൾ, ഏകദേശം അര ലിറ്ററോളം ശുദ്ധജലം ഡാറ്റാ സെന്ററുകൾ തണുപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നാണ്  കണക്ക്. ലളിതായി പറഞ്ഞാല്‍ നമ്മൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന അതേ അളവിൽ. ഇതൊരു ചെറിയ കണക്കായി തോന്നാമെങ്കിലും, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ദിവസവും ആയിരക്കണക്കിന് തവണ എഐ ഉപയോഗിക്കുമ്പോൾ, ഈ വെള്ളത്തിന്റെ അളവ് ഊഹിക്കാവുന്നതിലും അപ്പുറമാണ്. 

പ്രശ്നമാകുന്നതെങ്ങനെ?

എഐ-യുടെ വളർച്ച അതിവേഗമാണ്. കോടിക്കണക്കിന് ആളുകളാണ് ഇപ്പോൾ എഐ ഉപയോഗിക്കുന്നത്. ആളുകളുടെ ഉപയോഗത്തിന് അനുസരിച്ച് ഇതിനാവശ്യമായ വെള്ളത്തിന്റെ അളവും കൂടുന്നു. എഐയുടെ പല ഡാറ്റാ സെന്ററുകളും സ്ഥിതി ചെയ്യുന്നത് വരൾച്ചാ സാധ്യതയുള്ള അല്ലെങ്കിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ്. കാലിഫോർണിയ പോലുള്ള ഇടങ്ങളിൽ ഇത് വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. എഐയുടെ ഈ 'അദൃശ്യമായ ദാഹം' അവിടുത്തെ പ്രാദേശിക സമൂഹങ്ങളുടെ കുടിവെള്ളത്തെയും കൃഷിയെയും നേരിട്ട് ബാധിക്കുന്നു.

ഇന്ത്യയുടെ ഡാറ്റാ സെന്ററിലെ ജല ഉപയോഗം 2025-ല്‍ 150 ബില്യണ്‍ ലിറ്ററില്‍ നിന്ന് 2030 ആകുമ്പോഴേക്കും 358 ബില്യണ്‍ ലിറ്ററാകും. ഏകദേശം ഇപ്പോഴത്തേതിന്‍റെ ഇരട്ടി. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ 40% നഗരങ്ങളിലും കുടിവെള്ളക്ഷാമം നേരിടേണ്ടിവരുമെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

chat-gpt-water-image2

ഒരുകാലത്ത് ‘തടാകങ്ങളുടെ നഗരം’ എന്നറിയപ്പെട്ടിരുന്ന ബെംഗളൂരു ഇപ്പോള്‍ കടുത്ത ജലപ്രതിസന്ധി നേരിടുകയാണ്. നിലവിലുള്ള ഡാറ്റാ സെന്ററുകള്‍ പ്രതിദിനം ഏകദേശം 8 ദശലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് പ്രാദേശിക ജലക്ഷാമം രൂക്ഷമാക്കുകയാണ്. 8 ദശലക്ഷം ലിറ്റര്‍ ജലം, ബെംഗളൂരു നഗരത്തിലെ കുടിവെള്ളത്തിന്റെ 35% വരെ ഡാറ്റാ സെന്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ഇത് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും തോന്നാവുന്ന ചോദ്യമിതാണ്..  എഐ ഉപേക്ഷിക്കണോ? വേണ്ട...കാരണം എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാൽ, ഈ സാങ്കേതിക വിദ്യയുടെ പിന്നിലെ പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണം. വലിയ ടെക് കമ്പനികൾക്ക് കൂടുതൽ കാര്യക്ഷമമായ കൂളിംഗ് ടെക്നിക്കുകൾ കണ്ടെത്താൻ കഴിയും, അല്ലെങ്കിൽ പുനരുപയോഗിക്കാൻ കഴിയുന്ന ജലസംവിധാനങ്ങൾ ഉപയോഗിക്കാം. നമ്മൾ ഓരോരുത്തരും എഐ ഉപയോഗിക്കുമ്പോൾ ഈ വിഷയത്തെക്കുറിച്ച് ഒരു ചിന്ത ഉണ്ടാകണം. സാങ്കേതിക വിദ്യയെ സ്വാഗതം ചെയ്യുക, പക്ഷേ പ്രകൃതിയെ മറക്കരുത്.

ENGLISH SUMMARY:

Did you know that asking AI just 20-50 questions can consume up to half a liter of fresh water? This article explores the "invisible thirst" of Artificial Intelligence, how massive data centers are draining global water resources for cooling, and the looming water crisis in Indian cities like Bengaluru by 2030.