കോച്ചുകളും, റയില്‍വേ സ്റ്റേഷന്‍ പരിസരവും വൃത്തിയാക്കാന്‍ രാജ്യത്തുടനീളം ഡ്രോണുകൾ ഉപയോഗിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ.ഏപ്രിലിൽ അസമിലെ കാമാഖ്യ റെയിൽവേ സ്റ്റേഷനിലാണ് ആദ്യമായി ട്രെയിനുകളടക്കം വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. പലപ്പോഴും മനുഷ്യര്‍ക്ക് എത്തിച്ചേരാന്‍ എളുപ്പമല്ലാത്ത ട്രെയിനുകളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഭാഗങ്ങൾ വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനമെടുത്തത്.
റെയിൽവേ മന്ത്രാലയം പറയുന്നതനുസരിച്ച് ശുചീകരണത്തിൽ കാര്യക്ഷമതയും കൃത്യതയും ഉറപ്പാക്കാൻ ഡ്രോണുകൾ സഹായിക്കുന്നു. കോച്ചുകളിലും സ്റ്റേഷനുകളിലും എളുപ്പമല്ലാത്ത സ്ഥലങ്ങളില്‍പോലും ഡ്രോണുകള്‍ എത്തി ശുദ്ധീകരിക്കുന്നു. വൃത്തിയുള്ള, ശുചിത്വമുള്ള റെയില്‍വേ എന്ന സ്വപ്നത്തിലേക്ക് ഇതൊരു കുതിച്ചുചാട്ടമാണിതെന്നും റെയില്‍വേ മന്ത്രാലയം പറയുന്നു. ഉയർന്ന മർദ്ദത്തില്‍ വെള്ളം പ്രവഹിപ്പിക്കുന്ന നോസിലുകൾ ഡ്രോണുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാലകാലങ്ങളായി റെയില്‍വേയില്‍ ശുചീകരണ ജോലികൾ തൊഴിലാളികളാണ് ചെയ്തിരുന്നത്. ഇത് തൊഴിലാളികളുടെ സുരക്ഷാ ആശങ്കകൾ പോലും വര്‍ധിപ്പിച്ചിരിന്നു. എല്ലാ സ്റ്റേഷനുകളിലും ഡ്രോണുകളെത്തുന്നതോടെ ഈ ആശങ്കകള്‍ക്കാകും വിരാമമാകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ റെയിൽവേ ഡ്രോണുകൾ പല തരത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയും പരിപാലനവും സംബന്ധിച്ച തത്സമയ വിവരങ്ങൾ ലഭിക്കുന്നതിനായി 2018 ൽ ഡ്രോണുകൾ അവതരിപ്പിച്ചിരുന്നു. 2020 ൽ ഡ്രോണുകളില്‍ തത്സമയ ട്രാക്കിംഗ്, വീഡിയോ സ്ട്രീമിംഗ്, ഓട്ടോമാറ്റിക് ഫെയിൽസേഫ് മോഡ് എന്നിവ ഉപയോഗിച്ച് നിരീക്ഷണം മെച്ചപ്പെടുത്തുകയും ചെയ്തു.