ഒരു നോട്ടിഫിക്കേഷന്‍ നോക്കാന്‍ വേണ്ടി ഫോണെടുത്തിട്ട് മണിക്കൂറുകള്‍ ഒരേ ഇരിപ്പില്‍ റീലുകള്‍ കണ്ടിരിക്കാറുണ്ടോ? നിങ്ങള്‍ക്കും ബ്രെയിന്‍ ഫോഗ് ആയേക്കാം
എന്താണ് ബ്രെയിന്‍ ഫോഗ് ?
തലച്ചോറിന്റെ ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, ഓർമ്മക്കുറവ്, വ്യക്തതയില്ലായ്മ തുടങ്ങിയ അവസ്ഥകളെ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ്. ഇത് സാധാരണയായി ഉറക്കക്കുറവ്, സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ സ്ക്രീൻ ടൈം തുടങ്ങിയ കാരണങ്ങളാൽ ബ്രെയിന്‍ ഫോഗ് സംഭവിക്കാം. അടിക്കടി ചെയ്യേണ്ട കാര്യങ്ങള്‍ മറന്നുപോവുക, ശരിയായ പദങ്ങള്‍ കണ്ടെത്താനുള്ള പ്രയാസങ്ങള്‍, അമ്പരപ്പും ആശയക്കുഴപ്പവും അനുഭവപ്പെടുക, കഠിനമായ തലവേദന, പതിവിലും സാവധാനത്തിൽ കാര്യങ്ങള്‍ ചിന്തിക്കുക, മൂഡ് സ്വിങ്സ് എന്നിവയാണ് ബ്രെയിന്‍ ഫോഗിന്‍റെ പ്രധാന ലക്ഷണങ്ങള്‍.
റീൽസ് കാണുന്നത് എങ്ങനെ ബ്രെയിൻ ഫോഗിന് കാരണമാകുന്നു?
1. ശ്രദ്ധ കുറയുന്നു: റീൽസ് പോലുള്ള ഷോർട്ട്-ഫോം വീഡിയോകൾ നിരന്തരം അറ്റെന്‍ഷന്‍ ഷിഫ്റ്റിനു കാരണമാകുന്നുണ്ട്. ഇത് മസ്തിഷ്കത്തെ ക്ഷീണിപ്പിക്കുകയും അറ്റന്‍ഷന്‍ സ്പാന്‍ കുറയ്ക്കുകയും ചെയ്യുന്നു.
2. ഡോപാമൈൻ ഓവർലോഡ്: റീൽസ് പോലുള്ള വേഗതയേറിയ, ഹൈ-സ്റ്റിമുലസ് ഉള്ള കണ്ടെന്‍റുകള്‍ ബ്രെയിനിൽ ഡോപമൈൻ ഉത്പാദിപ്പിക്കുന്നു. റീലുകള്‍ കാണുന്ന സമയം നമുക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിലും നിരന്തരമായ ഇത്തരം ഉത്തേജനങ്ങള്‍ മസ്തിഷ്കത്തെ ക്ഷീണിപ്പിക്കുകയും ബ്രെയിൻ ഫോഗിന് കാരണമാകുകയും ചെയ്യുന്നു.
3. ഉറക്കക്കുറവ്: അമിതമായി റീൽസ് കാണുന്നത് ഉറക്കം കുറയ്ക്കുകയും ഉറക്കത്തിന്‍റെ തോത് കുറയ്ക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് ബ്രെയിൻ ഫോഗിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്
4. ബ്രെയിനിന്റെ ഓവർ സ്റ്റിമുലേഷൻ: നിരന്തരമായി പുതിയ കണ്ടെന്‍റുകള്‍ കാണുന്നത് മസ്തിഷ്കത്തെ ഓവർസ്റ്റിമുലേറ്റ് ചെയ്യുന്നു, ഇത് മാനസികമായ ക്ഷീണത്തിനും വ്യക്തതയില്ലായ്മയ്ക്കും കാരണമായിത്തീരുന്നു.
കൂടാതെ സ്ട്രെസ്, അമിതമായ ജോലിഭാരം, സമീകൃതാഹാരക്കുറവ്, ഡയറ്റില്ലായ്മ, ആർത്തവവിരാമം എന്നിവകൊണ്ടും ബ്രെയിന്‍ഫോഗിങ് വരാം.
ബ്രെയിന്‍ ഫോഗിങ് എങ്ങനെ തടയാം?
സ്ക്രീന്‍ ടൈം കുറച്ച് ബ്രെയിന്‍ ആക്ടീവായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
സാധ്യമെങ്കില്‍ സ്മാർട്ട്‌ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, സോഷ്യൽ മീഡിയ സൈറ്റുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ബോധപൂർവമായ നിയന്ത്രണം അഥവാ ഡിജിറ്റൽ ഡിറ്റോക്‌സ് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുക.ഉറക്കം, വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ പാലിക്കുക. മെഡിറ്റേഷൻ പോലുള്ള മാനസിക വിശ്രമ രീതികളും ഫലപ്രദമാണ്.
ബ്രെയിൻ ഫോഗ് ഒഴിവാക്കാൻ, സ്ക്രീൻ സമയം മാനേജ് ചെയ്യുന്നത് പ്രധാനമാണ്. ബ്രെയിന്‍ ഫോഗ് കുറഞ്ഞതായി തോന്നുന്നില്ലെങ്കില്‍ വൈദ്യസഹായം തേടുക. ഒരു ന്യൂറോളജിസ്റ്റിനെ സന്ദര്‍ശിക്കുന്നതാണ് ഉചിതം.