upi

TOPICS COVERED

ഫെബ്രുവരി ഒന്നു മുതല്‍ ചില യുപിഐ ഇടപാടുകൾ പരാജയപ്പെടാന്‍ സാധ്യതയെന്നാണ് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിപ്പ്.  യുണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേയ്സ് (UPI) ട്രാന്‍സാക്ഷന്‍ ഐ.ഡിയില്‍ സ്പെഷ്യല്‍ ക്യാരക്ടറുകൾ ഉള്‍പ്പെട്ടാലാണ് പണമിടപാട് തടസപ്പെടുക. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

യുപിഐ പണമിടപാടിന് ഉപയോഗിക്കുന്ന പ്രത്യക ഐഡിയില്‍ അക്ഷരം, സംഖ്യ(ആൽഫാന്യൂമെറിക്) എന്നിവ മാത്രമായിരിക്കും ഉപയോഗിക്കാനാവുക. @, !, # പോലുള്ള സ്പെഷ്യല്‍ ക്യാരക്ടറുകളുള്ള ഐഡിയില്‍ നിന്നുള്ള  പണമിടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ റിജക്ട് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്ന് നാഷണല്‍ പേയ്‌മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.  യുപിഐ ഉപയോഗിക്കുന്ന എല്ലാ സേവന ദാതാക്കളും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്.

അതിനിടെ യുപിഐ ട്രാന്‍സാക്ഷന്‍ ഐ.ഡിയെ, യുപിഐ ഐ.ഡിയുമായി തെറ്റിധരിച്ച് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത ആശങ്കപടര്‍ത്തി. സ്വന്തം യുപിഐ ഐ.ഡി മാറ്റുന്നതിനായി ചിലര്‍ ശ്രമിച്ചു. അതേസമയം യഥാര്‍ഥത്തില്‍ ഓരോ പണമിടപാടിനും യുപിഐ  സേവന ദാതാക്കള്‍ പുറപ്പെടുവിക്കുന്ന ഐ.ഡിയിലാണ് മാറ്റം വരുന്നത്. യുപിഐ ആപ്പുകള്‍ അപഡേറ്റ് ചെയ്യാത്ത ഉപയോകതാക്കളുടെ പണമിടപാട് മാത്രമെ പരാജയപ്പെടുകയൊള്ളു. ഇത് ഒഴിവാക്കാന്‍ ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യുകയാണ് നമുക്ക് ചെയ്യാനാവുക.

എൻപിസിഐ പുറത്തുവിട്ട ഡാറ്റ പ്രകാരം, യുപിഐ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങളിലൊന്നായി മാറിയിരിക്കുന്നു. യുപിഐ വഴിയുള്ള ഇടപാടുകളുടെ അളവ് 2024 ഡിസംബറിൽ 16.73 ബില്ല്യൺ എന്ന റെക്കോർഡ് ഉയരത്തിലെത്തി. മുൻ മാസത്തേക്കാൾ എട്ട് ശതമാനം വർധനവാണ് ഇത് എന്നാണ് കണക്കുകൾ.

ENGLISH SUMMARY:

Starting February 1, 2025, all UPI transaction IDs must contain only alphanumeric characters, as per NPCI. Transactions with special characters like @, !, or # will fail. Ensure compliance to avoid UPI payment issues.