Image Credit: facebook.com/upichalega

Image Credit: facebook.com/upichalega

യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് സംവിധാനം നിര്‍ത്തലാക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍.പി.സി.ഐ.) പണം ഇടപാട് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനുമാണ് നടപടി. ഒക്ടോബര്‍ ഒന്നു മുതല്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കാണ് മാറ്റം. ഇക്കാര്യം എന്‍.പി.സി.ഐ ബാങ്കുകളെയും ഫിന്‍ടെക് കമ്പനികളെയും അറിയിച്ചു.

യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് (പുള്‍ ട്രാന്‍സാക്ഷനുകള്‍) സംവിധാനം വഴി മറ്റൊരാളില്‍ നിന്നും യു.പി.ഐ വഴി പണം ആവശ്യപ്പെടാന്‍ സാധിക്കും. റിക്വസ്റ്റ് ലഭിക്കുന്ന വ്യക്തി യു.പി.ഐ പിന്‍ നല്‍കിയാല്‍ പണം ഡെബിറ്റാകും. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ ഓര്‍മിപ്പിക്കുക, ബില്ലുകൾ പങ്കിടുക തുടങ്ങിയ സൗകര്യങ്ങള്‍ക്കാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ഉപയോഗിച്ചുള്ള തട്ടിപ്പ് വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം.

തട്ടിപ്പുകള്‍ തടയാന്‍ എന്‍.പി.സി.ഐ അഭ്യര്‍ഥിക്കാവുന്ന തുക 2,000 രൂപയായി നേരത്തെ നിജപ്പെടുത്തിയിരുന്നു. ഇത്തരം പുള്‍ ട്രാന്‍സാക്ഷനുകള്‍ ആകെ യുപിഐ ഇടപാടുകളുടെ മൂന്ന് ശതമാനം മാത്രമെ വരുന്നുള്ളൂ. പുതിയ തീരുമാനത്തോടെ ഒക്ടോബര്‍ ഒന്നു മുതല്‍ യു.പി.ഐ വഴി പണമയക്കുന്നത് ക്യു.ആര്‍ കോ‍ഡ് സ്കാന്‍ ചെയ്തോ ഇടപാടുകാരുടെ കോണ്‍ടാക്റ്റ് തിരഞ്ഞെടുത്തോ മാത്രമെ സാധിക്കുകയുള്ളൂ.

അതേസമയം ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, സ്വിഗ്ഗി, സൊമാറ്റോ, ഐ.ആര്‍.സി.ടി.സി എന്നിവയുടെ മെര്‍ച്ചന്‍റ് കലക്ട് റിക്വസിറ്റുകള്‍ക്ക് സാധാരണ പോലെ പ്രവര്‍ത്തിക്കും.

ENGLISH SUMMARY:

UPI collect request system is being discontinued by NPCI to enhance security and reduce transaction disputes. This change affects peer-to-peer transactions starting October 1st, while merchant collect requests will continue to function as usual.