samoosa

ട്രെയിന്‍ യാത്രയ്ക്കിടയിലും സാധനങ്ങള്‍ വാങ്ങാന്‍ യുപിഐ ഉപയോഗിക്കുന്നവരാണെങ്കില്‍ ശ്രദ്ധിക്കണം. യുപിഐ പണിമുടക്കിയപ്പോള്‍ രക്ഷപ്പെടാന്‍ യാത്രക്കാരന് കൊടുക്കേണ്ടി വന്നത് സ്മാര്‍ട്ട് വാച്ചാണ്. വാങ്ങിയതാകട്ടെ രണ്ട് പ്ലേറ്റ് സമൂസയും. ട്രെയിനില്‍ നിന്നും സമൂസ വാങ്ങാനിറങ്ങിയ യുവാവാണ് കച്ചവടക്കാരന്‍റെ ക്രൂരതയ്ക്ക് ഇരയായത്. വണ്ടി നീങ്ങി തുടങ്ങിയതോടെ യാത്രക്കാരനെ പിടിച്ചുവച്ചാണ് കടക്കാരന്‍ സ്മാര്‍ട്ട് വാച്ച് ഊരി വാങ്ങിച്ചത്.

വെള്ളിയാഴ്ച 5.30 മണിയോടെ ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. വണ്ടി സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാരന്‍ പ്ലാറ്റ്ഫോമിലിറങ്ങി സമൂസ വാങ്ങി. യുപിഐ ആപ്പ് വഴി പണമടക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇടപാട് പൂര്‍ത്തിയായില്ല. ട്രെയിന്‍ നീങ്ങി തുടങ്ങിയതോടെ സമൂസ വാങ്ങാതെ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരനെ കടക്കാരന്‍ കോളറിന് പിടിച്ച് നിര്‍ത്തുകയായിരുന്നു.

പണം നല്‍കി സമൂസ എടുത്തുകൊണ്ടുപോകണമെന്നാണ് കടക്കാരന്‍ ആവശ്യപ്പെട്ടത്. വീണ്ടും ആപ്പ് വഴി പണമയക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ട്രെയിന്‍ നീങ്ങി തുടങ്ങിയതിനാല്‍ ആശങ്കയിലായി യാത്രക്കാരന്‍ കയ്യിലെ സ്മാര്‍ട്ട് വാച്ച് ഊരി കടക്കാരന് നല്‍കിയാണ് രക്ഷപ്പെട്ടത്. രണ്ട് പ്ലേറ്റ് സമൂസയാണ് ഇയാള്‍ വാങ്ങിയത്. യാത്രക്കാരനെ പിടിച്ചുനിര്‍ത്തുന്ന കച്ചവടക്കാരന്‍റെ വിഡിയോ എക്സില്‍ പ്രചരിക്കുന്നുണ്ട്.

വിഡിയോ വൈറലായതോടെ കടക്കാരന് നേരെ നടപടിയെടുത്തതായി റെയില്‍വേ അറിയിച്ചു. ആളെ തിരിച്ചറിഞ്ഞതായും ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തെന്നും ജബല്‍പൂര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ വ്യക്തമാക്കി. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം.

ENGLISH SUMMARY:

Train passengers who rely on UPI for purchases should be careful. A passenger at Jabalpur Railway Station was forced to hand over his smartwatch to a vendor after his UPI payment for two plates of samosas failed. The incident occurred around 5:30 PM on Friday. The passenger got off the train to buy samosas but couldn't complete the transaction due to technical issues.