india-ai

ചൈനീസ് നിര്‍മിത ഡീപ്സീക്കാണ് ഇപ്പോള്‍ എ.ഐ മേഖലയിലെ ചാര്‍ച്ചാവിഷയം. ഇന്ത്യക്ക് ഇത്തരമൊരു എ.ഐ മോഡല്‍ എന്നെങ്കിലും സാധ്യാമാകുമോ എന്ന പരിഹാസങ്ങള്‍ക്കിടെ, അതിനായി തുനിഞ്ഞിറങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.  ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും ബദലായി ഇന്ത്യ അടുത്ത 10 മാസത്തിനകം സമാനമായ രീതിയില്‍ പുതിയ എഐ മോഡൽ വികസിപ്പിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എൽഎൽഎം–ലാർജ് ലാംഗ്വേജ് മോഡൽ സാങ്കേതിക വിദ്യ  10,370 കോടി ചെലവിലാണ് നിര്‍മിക്കുക. ഇതിനായി ഉയർന്ന ശേഷിയുള്ള ജിപിയു ചിപ്പുകൾ  വിതരണം ചെയ്യുന്നതിനായി 10 കമ്പനികളെ സര്‍ക്കാര്‍ തിരഞ്ഞെടുത്തു.  ഹിറ്റാച്ചി ഗ്രൂപ്പിന്റെ പിന്തുണയുള്ള യോട്ട എന്ന കമ്പനിയായിരിക്കും പകുതിയിലേറെ ചിപ്പുകൾ ലഭ്യമാക്കുക. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും ഇവയുടെ കംപ്യൂട്ടിങ് ശേഷി ഉപയോഗിക്കാൻ സർക്കാർ അനുവദിക്കും. 2 ദിവസത്തിനകം പോർട്ടൽ തയാറാകും.

എഐ ചിപ്പുകൾ വാങ്ങാൻ വലിയ ചെലവുള്ളതിനാൽ സ്റ്റാർട്ടപ്പുകൾക്ക് ഇത്തരം ഹാർഡ്‍വെയർ ശേഷി സ്വന്തമായ നിലയിൽ ഒരുക്കുക എളുപ്പമല്ല. അതുകൊണ്ടാണ് സർക്കാർ സഹായം. മണിക്കൂറിന് 115 രൂപ മുതൽ 150 രൂപ വരെ നിരക്കിൽ ഈ സേവനം ഉപയോഗിക്കാം.  പുറമേ  40% സബ്സിഡിയുമുണ്ടാകും. ഇന്ത്യൻ ഭാഷകൾ, സംസ്കാരം തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരിക്കും പുതിയ എഐ മോഡലുകളെന്ന് ഇന്ത്യ എഐ മിഷന്‍ സിഇഒ അഭിഷേക് സിങ് പറഞ്ഞു. 

എ.ഐ. മേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ വലിയൊരു നാഴികക്കല്ലാകും ഇതെന്നും അശ്വിനി വൈഷ്ണവ് ഉത്കര്‍ഷ് ഒഡീഷ കോണ്‍ക്ലേവില്‍ സംസാരിക്കവെ അശ്വിനി വൈഷ്ണവ് പറഞ്ഞു. 'കഴിഞ്ഞ ഒന്നരവര്‍ഷമായി  സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, പ്രൊഫസര്‍മാര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഇന്ന്, നമ്മുടെ സ്വന്തം  ലാംഗ്വേജ് മോഡല്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയാണ്. ഇന്ത്യയുടെ പശ്ചാത്തലം, ഭാഷ, സംസ്‌കാരം എന്നിവയെല്ലാം പരിഗണിക്കുന്ന മോഡലാകും ഇത്. ഇത് പക്ഷപാതങ്ങളില്ലാത്തതാകും.' - അശ്വിനി വൈഷ്ണവ്.

കുറഞ്ഞ നിക്ഷേപമുപയോഗിച്ചു കെട്ടിപ്പടുത്ത ചൈനീസ് എഐ മോഡൽ  ഡീപ്സീക്കിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രശംസിച്ചു. ‘പലരും ഇന്ത്യഎഐ മിഷന് അനുവദിച്ച തുക കുറഞ്ഞുപോയെന്നു പറയാറുണ്ട്. ഡീപ്സീക് എന്താണു ചെയ്തതെന്ന് നിങ്ങൾ കണ്ടതാണ്. 55 ലക്ഷം ഡോളറിനു വളരെ ഉയർന്ന ശേഷിയുള്ള എഐ മോഡലുണ്ടാക്കി. അതിനു പിന്നിലെ ബുദ്ധിയാണു കാരണം.’– അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Days after an upstart Chinese artificial intelligence (AI) lab launched the low-cost foundational model DeepSeek, the Indian government has said it has decided to build a domestic large language model of its own as part of the Rs 10,370 crore IndiaAI Mission, IT Minister Ashwini Vaishnaw said Thursday.