FILE PHOTO: U.S. Department of War and Anthropic logos are seen in this illustration taken March 1, 2026. REUTERS/Dado Ruvic/Illustration/File Photo
ഇറാനിലെ 1000 കേന്ദ്രങ്ങളില്‍ 24 മണിക്കൂറില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പട്ടാളം എഐ സഹായം തേടിയതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യതയോടെ ബോംബാക്രമണം നടത്താന്‍ ആന്ത്രോപികിന്‍റെ എഐ മോഡലായ ക്ലൗഡാണ് ഉപയോഗിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുന്‍പ് വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ പിടികൂടാനും ഇതേ എഐ സഹായം യുഎസ് തേടിയിരുന്നു. അന്ന് കടുത്ത എതിര്‍പ്പാണ് ആന്ത്രോപിക് ഉയര്‍ത്തിയത്. വിനാശകരമായ കാര്യങ്ങള്‍ക്കും ആയുധമുണ്ടാക്കാനും ചാരവൃത്തിക്കായും ക്ലൗഡ് ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. ഇതോടെ കമ്പനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച ഡോണള്‍ഡ് ട്രംപ് ആന്ത്രോപിക് ഒരു റാഡിക്കല്‍ ലെഫ്റ്റ് എഐ കമ്പനിയാണെന്നും ആരോപിച്ചു.
FILE- Secretary of Defense Pete Hegseth, left, and Under Secretary of Defense for Research and Engineering Emil Michael, right, arrive to look at a display of multi-domain autonomous systems in the Pentagon courtyard, Wednesday, July 16, 2025, in Washington. (AP Photo/Julia Demaree Nikhinson, File)
ട്രംപിനോട് യോജിച്ചുവെങ്കിലും പെട്ടെന്ന് തന്നെ മറ്റൊരു എഐ മോഡലിലേക്ക് മാറുക എളുപ്പമല്ലെന്നും പ്രശ്നം പരിഹരിക്കാമെന്നും പെന്‍റഗണ്‍ തലവനും യുഎസ് സെക്രട്ടറി ഓഫ് വാറുമായ പീറ്റ് ഹെഗ്സേത് വിശദീകരിച്ചു.' വാര്‍ ഡിപാര്‍ട്ട്മെന്‍റില്‍ ആന്ത്രോപികിന്‍റെ സേവനങ്ങള്‍ ആറുമാസത്തേക്ക് കൂടി തുടരുമെന്നും ശേഷം മറ്റൊരു സര്‍വീസിലേക്ക് മാറാ'മെന്നുമായിരുന്നു ഹെഗ്സേത്ത് പ്രസ്താവനയിലൂടെ അറിയിച്ചത്.
യുദ്ധം തുടങ്ങി ആദ്യ 12 മണിക്കൂറില്‍ 900 മിസൈലുകളാണ് യുഎസ് ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ വര്‍ഷിച്ചത്. ആയത്തുല്ല ഖമനയി ഉണ്ടായിരുന്ന കെട്ടിടമടക്കം തകര്‍ത്തത് ഈ ആക്രമണത്തിലാണ്. കൃത്യത ഉറപ്പാക്കാന്‍ എഐ വലിയ തോതില്‍ സഹായിച്ചുവെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍.
FILE PHOTO: The Palantir logo is seen in this illustration created on August 3, 2025. REUTERS/Dado Ruvic/Illustration/File Photo
വാര്‍ ടെക് കമ്പനിയായ പലന്‍റിറുമായി ചേര്‍ന്നാണ് ക്ലൗഡ് യുഎസ് സൈന്യം ഉപയോഗിക്കുന്നത്. പലന്‍റീറിന്‍റെ മാവന്‍ സ്മാര്‍ട്ട് സംവിധാനത്തിലാണ് എഐ സംയോജിപ്പിച്ചിരിക്കുന്നത്. ഉപഗ്രഹങ്ങളില്‍ നിന്നും നിരീക്ഷണ ക്യാമറകളില്‍ നിന്നുമുള്ള യഥാസമയ വിവരമടക്കം കൃത്യമായി വേര്‍തിരിക്കപ്പെട്ട വിവരങ്ങളാണ് മാവന്‍ സ്മാര്‍ട്ട് സംവിധാനത്തിലേക്ക് എത്തുന്നത്. ഇങ്ങനെ ലഭ്യമാകുന്നോടെ സൈനികര്‍ക്ക് ജോലി എളുപ്പമാകുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റും ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്ലൗഡിന്‍റെ സഹായത്തോടെ നൂറുകണക്കിന് ലക്ഷ്യ കേന്ദ്രങ്ങളാണ് മാവന്‍ യുഎസ് സൈന്യത്തിന് തയാറാക്കി നല്‍കിയത്. കൃത്യമായ ലൊക്കേഷനടക്കം ഇങ്ങനെ ലഭിച്ച വിവരങ്ങളെ മുന്‍ഗണനാക്രമത്തില്‍ അടുക്കി ആക്രമിക്കേണ്ട താമസം മാത്രമേ സൈന്യത്തിന് വേണ്ടി വന്നുള്ളൂ. വിവരങ്ങള്‍ക്ക് പുറമെ ഓരോ സ്ഥലത്തും നാശമുണ്ടാക്കാന്‍ ഉപയോഗിക്കേണ്ട ആയുധങ്ങള്‍, ഇതേ ആയുധം സമാന ലക്ഷ്യങ്ങളില്‍ മുന്‍പ് ഉപയോഗിച്ചപ്പോള്‍ ഉണ്ടായ ഫലം എന്നിവയടക്കമുള്ള വിവരങ്ങളാണ് ക്ലൗഡ് കൈമാറിയത്. മനുഷ്യന്‍ ചിന്തിക്കുന്നതിന്‍റെ നൂറിരട്ടി വേഗത്തിലാണ് എഐ മെഷീനുകള്‍ ഇത്തരം കാര്യങ്ങള്‍ കണ്ടെത്തുന്നതെന്നും ഇത് ആക്രമണത്തിന്‍റെ വേഗത കൂട്ടുമെന്നും ന്യൂകാസില്‍ സര്‍വകലാശാലയിലെ പ്രഫസറായ ക്രെയ്ഗ് ജോണ്‍സ് പറയുന്നു.
മേയ് 2025 വരെ 20,000 യുഎസ് സൈനികരാണ് മാവന്‍ ഉപയോഗിച്ചതെന്നാണ് കണക്കുകള്‍. യുഎസ് സൈനിക കമാന്‍ഡര്‍മാര്‍ ഇപ്പോള്‍ ഏറ്റവുമധികം ആശ്രയിക്കുന്നതും മാവനെയാണെന്നും വാഷിങ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സൈനികര്‍ സ്വന്തം ബുദ്ധി ഉപയോഗിക്കാതെ എഐയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി പറഞ്ഞത്.
അതേസമയം, യുദ്ധത്തില്‍ ഇറാന്‍ എഐ ഉപയോഗിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഗള്‍ഫ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ ഡാറ്റ സെന്‍ററുകള്‍ക്ക് നേരെ ഇറാന്‍ കനത്ത ഡ്രോണ്‍ ആക്രമണം നടത്തിയത് അമേരിക്കയുടെ എഐ ഉപയോഗത്തെ കുറിച്ച് അറിഞ്ഞിട്ടാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. ഡാറ്റ സെന്‍ററുകള്‍ക്ക് നേരെ രൂക്ഷമായ ആക്രമണം ഇനിയും ഉണ്ടായേക്കാമെന്നും സൂചനകളുണ്ട്.