SpaceX's mega rocket Starship successfully returns to be captured at its launch pad after a test flight from Starbase, Texas, Saturday, Nov. 14, 2026. (AP Photo/Eric Gay)
ചരിത്രനേട്ടം സ്വന്തമാക്കി സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് പേടകം. പരീക്ഷണപ്പറക്കലിന് ശേഷം ബഹിരാകാശ പേടകം തിരിച്ചിറക്കി. 14 വട്ടം ഭൂമിയെ ചുറ്റിയാണ് റോക്കറ്റ് ലോഞ്ച് പാഡില്‍ തിരികെ ഇറക്കിയത്. വര്‍ഷങ്ങളായുള്ള സ്പേസ് എക്സിന്റെ പ്രയത്നവും പരീക്ഷണ നിരീക്ഷണങ്ങളുമാണ് ഇതോടെ ഫലം കണ്ടത്. ലോകത്തെ ഏറ്റവും കരുത്തുറ്റതും പുനരുപയോഗിക്കാവുന്നതുമായ റോക്കറ്റ് നിര്‍മിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഒരു പടികൂടി കടന്നിരിക്കുകയാണ് കമ്പനി.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.52നാണ് ഷിപ് 42 തിരികെ എത്തിയത്. ഫ്ലൈറ്റ് 15 ല്‍ 22 മണിക്കൂറുകള്‍ ബഹിരാകാശത്ത് ചെലവഴിച്ചു. ഇന്നലെയാണ് തെക്കന്‍ ടെക്സസില്‍ നിന്നും പേടകം വിക്ഷേപിച്ചത്. ഭൂമിക്ക് ചുറ്റും 14 തവണ വലം വച്ച ശേഷമായിരുന്നു ഷിപ് 42ന്റെ മടക്കം. സ്റ്റാര്‍ലിങ്കിന്റെ 26 അടുത്ത തലമുറ V3 ഉപഗ്രഹങ്ങളും ദൗത്യത്തില്‍ വിന്യസിച്ചു.
പേടകത്തിന്റെ താപകവചവും ഹാര്‍ഡ്വെയറും പരിശോധിക്കുന്നതിനായി മൂന്ന് സാറ്റലൈറ്റുകളിലായി ക്യാമറ ഘടിപ്പിച്ചിരുന്നു. ഇതാണ് മടക്കയാത്രയ്ക്ക് പേടകം എത്രത്തോളം തയാറാണെന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ എന്‍ജിനീയര്‍മാരെ സഹായിച്ചത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം തിരികെ സഞ്ചരിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രിത ലാന്‍ഡിങും വിജയകരമായി പൂര്‍ത്തിയാക്കി. ചോപ്സ്റ്റികുകള് എന്നറിയപ്പെടുന്ന ടവറിലെ രണ്ട് കൂറ്റന്‍ യന്ത്രക്കൈകളാണ് പേടകത്തെ താങ്ങിയെടുത്തത്.
നേരത്തെ സൂപ്പര്‍ ഹെവി ബൂസ്റ്ററുകള്‍ സ്പേസ് എക്സ് വിജയകരമായി റിക്കവര്‍ ചെയ്യുകയും പുനരുപയോഗിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇതാദ്യാമായാണ് ഭ്രമണപഥത്തില്‍ നിന്ന് വരുന്ന സ്റ്റാര്‍ഷിപിന്റെ ഉപരിഭാഗം വീണ്ടെടുക്കുന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതോടെ റോക്കറ്റിന്റെ രണ്ട് ഭാഗവും പരിശോധനയ്ക്കായി തിരികെ എത്തിക്കാനും പുനരുപയോഗിക്കാനും കഴിയും. ഇത്തരത്തില്‍ ഫ്ലൈറ്റ് 15നെ സജ്ജമാക്കിയിരുന്നു. സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ നേരത്തെ ടവറില്‍ തിരികെ ഇറക്കാനാണ് വിചാരിച്ചിരുന്നതെങ്കിലും അവസാന നിമിഷം മെക്സിക്കന്‍ ഉള്‍ക്കടലിലാണ് തിരിച്ചിറക്കിയത്. റോക്കറ്റിന്റെ രണ്ട് ഘട്ടങ്ങളും പുനരുപയോഗിക്കാന്‍ സാധിക്കുന്നതിലൂടെ വിക്ഷേപണത്തിന്റെ ചെലവ് വന്‍തോതില്‍ കുറയ്ക്കാന്‍ കഴിയും. ചാന്ദ്ര–ചൊവ്വാ ദൗത്യങ്ങള്‍ക്ക് വലിയ പ്രതീക്ഷയും ഇത് പകരുന്നുണ്ട്.