Image: NASA
ഓരോ പേടകങ്ങളും ബഹിരാകാശത്തെത്തുമ്പോള്‍, ഓരോ ബഹിരാകാശ ദൗത്യങ്ങളുടെ വിജയങ്ങളും ലോകം ആഘോഷിക്കുമ്പോള്‍, ബഹിരാകാശത്തുനിന്നുള്ള വിസ്മയകരമായ ദൃശ്യങ്ങള്‍ പുറത്തുവരുമ്പോള്‍, ഒരു ബഹിരാകാശ സഞ്ചാരിയാകാന്‍ ആഗ്രഹിക്കാത്തതായി ആരുണ്ട്? സ്പേസ് ടൂറിസത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്ന കാലമായതുകൊണ്ടുതന്നെ നാളെ ഒരുപക്ഷേ ഒരു വിനോദസഞ്ചാരിയായി സ്പേസില്‍ പോകാന്‍ സാധിച്ചേക്കാം. എന്നാല്‍ അതിനപ്പുറം ഇന്നൊരു ബഹിരാകാശ സഞ്ചാരിയാകാന്‍ സാധിച്ചാലോ? എങ്കിലിതാ നാസ വിളിക്കുന്നു. നാസയുടെ വരാനിരിക്കുന്ന ചാന്ദ്ര ദൗത്യങ്ങളിലേക്കും ചന്ദ്രന് അപ്പുറത്തേക്കുള്ള ദൗത്യങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ ആവശ്യമുണ്ട്.
ആദ്യം കുറച്ച് ചരിത്രം!
1959-ൽ നാസയുടെ ആദ്യ ബഹിരാകാശ സംഘമായ മെർക്കുറി സെവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം പൈലറ്റുമാരായിരുന്നു. മാത്രമല്ല അവരെല്ലാം വെളുത്ത വർഗക്കാരായ പുരുഷന്മാരായിരുന്നു താനും. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന അമേരിക്കയുടെ ആദ്യ പദ്ധതിയായ 'പ്രൊജക്റ്റ് മെർക്കുറി'ക്കായി 1959 ഏപ്രിൽ 9-നാണ് ഈ ഏഴംഗ സംഘത്തെ തിരഞ്ഞെടുത്തത്. എന്നാൽ കാലം മാറിയപ്പോൾ നാസയുടെ റിക്രൂട്ട്മെന്റ് രീതികളും മാറി. ഇന്ന് ഇതുവരെ 303 പുരുഷന്മാരും 67 സ്ത്രീകളും നാസ വഴി ബഹിരാകാശത്തെത്തിയിട്ടുണ്ട്. അതില്‍ വിവിധ വംശ വൈവിധ്യങ്ങളിലുള്ള മനുഷ്യരുമുണ്ട്.
നാസ വിളിക്കുന്നു!
നിലവില്‍ നാസയുടെ ചാന്ദ്രദൗത്യമായ ആർടെമിസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കും അപേക്ഷിക്കാം. ചന്ദ്രനിലേക്കുള്ള ദൗത്യങ്ങൾക്കും ഭാവിയിലെ മറ്റ് ബഹിരാകാശ പര്യവേക്ഷണങ്ങൾക്കുമായി പുതിയ ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ നാസ ക്ഷണിച്ചു കഴിഞ്ഞു. എന്നാല്‍ കടുത്ത മത്സരമാണുത്. 2025-ൽ 8,000 അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് വെറും 10 പേർ മാത്രമാണെന്ന് ഓര്‍ക്കണം. എങ്കില്‍പോലും സാധാരണക്കാർക്കും നാസയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാൻ കഴിയുന്നു എന്നത് ചരിത്രപരമായ മാറ്റമാണ്.
ഡിസംബർ 3 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. എന്നാല്‍ ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ട്. ബഹിരാകാശത്ത് ജീവിക്കാനും ജോലി ചെയ്യാനും താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർ യു.എസ് പൗരന്മാരായിരിക്കണം. എൻജിനീയറിങ്, ബയോളജിക്കൽ സയൻസ്, ഫിസിക്കൽ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ സ്റ്റെം വിഷയങ്ങളിൽ (STEM- Science, Technology, Engineering, and Mathematics) ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദത്തിന് പകരം കുറഞ്ഞത് രണ്ട് വർഷത്തെ ഡോക്ടറേറ്റ്, വൈദ്യശാസ്ത്ര ബിരുദം, അല്ലെങ്കിൽ നാഷണൽ ടെസ്റ്റ് പൈലറ്റ് സ്കൂൾ പ്രോഗ്രാം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. പൈലറ്റ് ആവാൻ ആഗ്രഹിക്കുന്നവർക്ക് ഉയർന്ന പ്രവർത്തനക്ഷമതയുള്ള ജെറ്റ് വിമാനങ്ങൾ പറത്തിയുള്ള പരിചയവും നിശ്ചിത മണിക്കൂർ ഫ്ലൈയിങ് പരിചയവും ഉണ്ടായിരിക്കണം.
നാസയുടെ ചരിത്രത്തിലെ 25-ാമത് സഞ്ചാരികളുടെ സംഘമാണിത്. അപ്പോളോ കാലഘട്ടത്തിന് ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിച്ച ആർടെമിസ് ദൗത്യങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ നിയമനം.2027-ന്റെ അവസാനത്തോടെയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് നടക്കുക. നിലവിൽ നാസയിൽ സജീവമായി 32 ബഹിരാകാശ സഞ്ചാരികൾ മാത്രമാണുള്ളത്. പുതിയ ദൗത്യങ്ങൾക്കായി കൂടുതൽ ആളുകളെ ആവശ്യമുണ്ടെന്നും, മനുഷ്യരാശിയുടെ ഏറ്റവും വലിയ സാഹസികതയുടെ ഭാഗമാകാൻ താൽപ്പര്യമുള്ളവർക്ക് ഇതൊരു സുവർണ്ണാവസരമാണെന്നും നാസ പറയുന്നു. വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://www.nasa.gov/news-release/nasa-seeks-next-generation-of-explorers-to-join-astronaut-corps/
ഇന്ത്യയുടെ ഗഗൻയാനും വരുന്നു!
നിലവില്‍ നാസയിലേക്കുള്ള അപേക്ഷകർ യു.എസ് പൗരന്മാരായിരിക്കണം, അപ്പോള്‍ ഇന്ത്യന്‍ പൗരന്മാര് എന്തുചെയ്യും? അതിനുള്ള ഉത്തരം ഇന്ത്യയുടെ വരാനിരിക്കുന്ന ദൗത്യങ്ങള്‍ തന്നെയാണ്. ബഹിരാകാശത്തേക്ക് മനുഷ്യനെയെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ 'ഗഗൻയാനിനായി' തിരഞ്ഞെടുക്കപ്പെട്ട നാല് സഞ്ചാരികളും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്. എന്നാൽ ഭാവിയിൽ ഇന്ത്യയുടെ ദൗത്യങ്ങളിലും ഈ രീതി മാറുമെന്നും ശാസ്ത്രജ്ഞർ, എൻജിനീയർമാർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ബഹിരാകാശ യാത്രകളുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പണം കൊടുത്ത് ടിക്കറ്റെടുക്ക് ബഹിരാകാശയാത്ര ചെയ്യുന്ന ശതകോടീശ്വരന്മാരും സെലിബ്രിറ്റികളും ബഹിരാകാശ ടൂറിസത്തില്‍ പുതിയ തരംഗം സൃഷ്ടിക്കുന്നുണ്ടെങ്കിലും, അതിനെ ഒരു തൊഴിലായി മാറ്റിയെടുക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്.