നാലു പതിറ്റാണ്ടിലേറെ നീണ്ട യാത്രയ്ക്കൊടുവിൽ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് സമാനതകളില്ലാത്ത നാഴികക്കല്ല് പിന്നിടുകയാണ് നാസയുടെ വോയേജർ 1 പേടകം. ഭൂമിയിൽ നിന്ന് കൃത്യം ഒരു പ്രകാശ-ദിനം അകലത്തിലേക്ക് വോയേജർ 1 പ്രവേശിക്കുകയാണ്. അതായത് ഏകദേശം 25.9 ബില്യൺ കിലോമീറ്റർ! ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:46:07-നാണ് വോയേജർ 1 ഒരു പ്രകാശദിനം എന്ന ചരിത്രദൂരം പിന്നിടുന്നത്. മനുഷ്യൻ നിർമ്മിച്ച വസ്തുക്കളിൽ ഭൂമിയിൽ നിന്ന് ഇത്രയധികം ദൂരത്തേക്ക് സഞ്ചരിച്ച മറ്റൊരു വസ്തുവില്ല. എന്നാല്‍ ആ വോയേജറില്‍, ഭൂമിക്ക് പുറത്തുള്ള ജീവനുകള്‍ക്കായി... അന്യഗ്രഹ ജീവികള്‍ക്കായി നാസ കരുതിവച്ച ഒരു സന്ദേശവുണ്ട് എന്നറിയാമോ? മറ്റൊരു ജീവനിലേക്ക് എത്തുമോ എന്ന് പോലും ഉറപ്പില്ലാതെ നാസ അയച്ച ആ സന്ദേശമാണ് ‘ഗോള്‍ഡന്‍ റെക്കോര്‍ഡ്’.

എന്നെന്നേക്കുമായി സൗരയൂഥം വിട്ട് ബഹിരാകാശത്തിന്‍റെ അനന്തതയിലേക്ക് പോകുന്ന വോയേജർ പോലുള്ള പേടകങ്ങള്‍ കേവലം  ശാസ്ത്ര പരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ മാത്രമല്ല ഭൂമിയിലെ ജീവന്‍റെയും സംസ്കാരത്തിന്‍റെയും വിവരങ്ങള്‍ അടങ്ങിയ ഒരു 'ടൈം ക്യാപ്സൂൾ' കൂടിയാണ്. അതായത് ഏതെങ്കിലും അന്യഗ്രഹ ജീവികൾ (ഭൂമിക്കപ്പുറത്ത് ഒരു ജീവനുണ്ടെങ്കില്‍, അവ എപ്പോളെങ്കിലും വോയേജറിനെ കണ്ടെത്തുകയാണെങ്കില്‍) ഭൂമിയെക്കുറിച്ച് മനസ്സിലാക്കാനായാണ് ഈ ഗോള്‍ഡന്‍ റെക്കോര്‍ഡ് നാസ വോയേജറില്‍ സൂക്ഷിച്ചത്.

ഭൂമിയിലെ 55 ഭാഷകളിലുള്ള ആശംസകള്‍, 116 അനലോഗ് ചിത്രങ്ങൾ, കടലിലെ തിരമാലകളുടെ ശബ്ദം, കാറ്റ്, ഇടിമിന്നൽ, മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ, കൂടാതെ ബീഥോവൻ അടക്കമുള്ളവരുടെ ക്ലാസിക്കൽ സംഗീതവും ചാക്ക് ബെറിയുടെ റോക്ക് ആൻഡ് റോൾ ഗാനമായ 'ജോണി ബി ഗൂഡ്' ഉൾപ്പെടെയുള്ളവയാണ് നാസ ഈ ഗോള്‍ഡന്‍ റെക്കോര്‍‍ഡില്‍ സൂഷിച്ചിട്ടുള്ളത്. പ്രകൃതിയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് ഈ സ്വർണ്ണത്തകിടിലൂടെ നാസ ഭൂമിക്ക് പുറത്തുള്ള ജീവനുകള്‍ക്കായി കരുതിവെച്ചത്. ഫെമിസ്റ്റ് ശാസ്ത്രജ്ഞനായ കാൾ സാഗന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഭാവിയില്‍ വോയേജർ പേടകങ്ങള്‍ നിര്‍ജീവമായാലും ദശലക്ഷക്കണക്കിന് വർഷങ്ങളോളം ഈ സുവര്‍ണ റെക്കോര്‍ഡ് ഭൂമിയുടെ മൗനമായ കാൽപ്പാടുകളായി പ്രപഞ്ചത്തിൽ അവശേഷിക്കും.

1977 സെപ്റ്റംബർ അഞ്ചിനായിരുന്നു വോയേജർ 1-ന്‍റെ വിക്ഷേപണം. വ്യാഴം, ശനി, യുറാനസ്, നെപ്ച്യൂൺ എന്നീ ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കായാണ് നാസ വോയേജർ 1, വോയേജർ 2 എന്നീ ഇരട്ട പേടകങ്ങൾ ബഹിരാകാശത്തേക്ക് അയച്ചത്. ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ വലയം ഉപയോഗപ്പെടുത്തി വേഗതയാർജ്ജിക്കുന്ന ‘ഗ്രാവിറ്റി അസിസ്റ്റ്’ സാങ്കേതികവിദ്യയിലൂടെയാണ് അവ നീങ്ങുന്നത്. ആ പാതയില്‍ ഗ്രഹങ്ങളുടെ മനോഹരമായ ചിത്രങ്ങളും അവയുടെ ഉപഗ്രഹങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളും വോയേജർ ഭൂമിയിലേക്ക് അയച്ചു. എന്നാൽ ഗ്രഹങ്ങള്‍ക്കുമപ്പുറം പിന്നീട് സൗരയൂഥത്തിന്റെ അതിർത്തിയും കടന്ന് നക്ഷത്രാന്തര ബഹിരാകാശത്തിലാണ് (Interstellar Space) വോയേജറിപ്പോള്‍. എന്നാല്‍ പേടകത്തിലെ പ്ലൂട്ടോണിയം ഇന്ധനം കുറഞ്ഞുവരുന്നതിനാൽ പ്രവർത്തനങ്ങൾ നാസ പരിമിതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയും കുറച്ചുകാലം കൂടി വിവരങ്ങൾ അയക്കാൻ വോയേജറിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ENGLISH SUMMARY:

After a historic journey spanning over four decades, NASA’s Voyager 1 spacecraft has achieved an unprecedented milestone by reaching a distance of one light-day—approximately 25.9 billion kilometers—away from Earth. Beyond its scientific instruments exploring interstellar space, the probe carries the iconic 'Golden Record,' a cosmic time capsule curated by a team led by Carl Sagan to communicate Earth's story to potential extraterrestrial civilizations. This gold-plated phonograph record preserves greetings in 55 languages, 116 analog images, natural Earth sounds, and diverse music ranging from Beethoven to Chuck Berry.