ചൊവ്വയുടെ നിഗൂഢ ഉപഗ്രഹങ്ങളായ ഫോബോസിനെയും ഡീമോസിനെയും കുറിച്ച് പഠിക്കാനും അവിടെനിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുമുള്ള ചരിത്രദൗത്യവുമായി ജപ്പാൻ. ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സ (JAXA) ആവിഷ്കരിച്ച ‘മാർഷ്യൻ മൂൺസ് എക്സ്പ്ലൊറേഷൻ’ (MMX) ദൗത്യം ബഹിരാകാശ ഗവേഷണരംഗത്ത് നിർണായക ചുവടുവയ്പ്പാകുമെന്നാണ് പ്രതീക്ഷ.

578 മില്യൺ ഡോളർ ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ ഉപരിതലത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് 2031-ഓടെ ഭൂമിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ചൊവ്വയിൽ നിരവധി ബഹിരാകാശ പേടകങ്ങൾ വിജയകരമായി ഇറങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ ഉപഗ്രഹങ്ങളിൽ ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ദൗത്യത്തിന് പ്രാധാന്യമേറുന്നത്.

ഫോബോസും ഡീമോസും എങ്ങനെ രൂപപ്പെട്ടുവെന്ന് കണ്ടെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കോടിക്കണക്കിന് വർഷങ്ങൾക്കുമുൻപ് ചൊവ്വയിൽ ഛിന്നഗ്രഹങ്ങളോ മറ്റ് ആകാശഗോളങ്ങളോ ഇടിച്ചതിനെത്തുടർന്ന് തെറിച്ചുവീണ അവശിഷ്ടങ്ങളിൽനിന്ന് ഈ ഉപഗ്രഹങ്ങൾ രൂപപ്പെട്ടതാകാമെന്നാണ് ഒരു സിദ്ധാന്തം. അതല്ലെങ്കിൽ, ചൊവ്വയുടെ ഗുരുത്വാകർഷണവലയത്തിൽ അകപ്പെട്ട ഛിന്നഗ്രഹങ്ങളാകാം ഇവയെന്നും ശാസ്ത്രജ്ഞർ കരുതുന്നു. എന്നാൽ, ഇവയുടെ യഥാർഥ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.

ഭൂമിയിൽ ജീവൻ ഉത്ഭവിക്കുന്നതിന് തൊട്ടുമുൻപുള്ള സൗരയൂഥത്തിന്റെ അവസ്ഥ മനസ്സിലാക്കാനും ജലവും മറ്റ് ജൈവ സംയുക്തങ്ങളും സൗരയൂഥത്തിൽ എങ്ങനെ എത്തിച്ചേർന്നുവെന്ന് പഠിക്കാനും ഈ സാമ്പിളുകൾ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ഏകദേശം ഒരു വർഷത്തെ യാത്രയ്ക്കുശേഷം ചൊവ്വയുടെ സമീപത്തെത്തുന്ന പേടകം ഫോബോസിനെ വിശദമായി പഠിക്കും. ഫോബോസിന്റെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്താൻ ഫ്രഞ്ച്-ജർമൻ സഹകരണത്തോടെ വികസിപ്പിച്ച ‘ഇഡെഫിക്സ്’ (IDEFIX) റോവറിന്റെ സഹായവും ദൗത്യത്തിലുണ്ടാകും. തുടർന്ന് പ്രത്യേക സാമ്പിൾ ശേഖരണ സംവിധാനത്തിന്റെ സഹായത്തോടെ ഉപരിതലത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് മടങ്ങാനാണ് പദ്ധതി.

ദൗത്യം വിജയിച്ചാൽ ചൊവ്വയുടെ ഉപഗ്രഹങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനത്തിനും ഭാവിയിലെ ചൊവ്വാ പര്യവേക്ഷണങ്ങൾക്കും സൗരയൂഥത്തിന്റെ ആദ്യകാല ചരിത്രം മനസ്സിലാക്കുന്നതിനും ഇത് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

ENGLISH SUMMARY:

Mars moons exploration is the historic JAXA MMX mission aimed at collecting and returning surface samples from Phobos to Earth by 2031. This $578 million project seeks to uncover the mysterious origin of Mars' natural satellites and understand early solar system history.