ജപ്പാനില്‍ ബുള്ളറ്റ് ട്രെയിന്‍ തട്ടി മരിച്ച ഇരിട്ടി പടിയൂര്‍ സ്വദേശി വി ദേവികയുടെ ചിതാഭസ്മം അഡ്വ. സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ കുടുംബത്തിന് കൈമാറി. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ച ചിതാഭസ്മം നോര്‍ക്ക അധികൃതരുടെ നേതൃത്വത്തില്‍ ട്രെയിന്‍ വഴി കണ്ണൂരിലെത്തിച്ചാണ് പടിയൂരിലെ വീട്ടിലെത്തി കുടുംബത്തിന് കൈമാറിയത്.

ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയില്‍ സെപ്റ്റംബര്‍ രണ്ടിനാണ് ദേവികയെ ബുള്ളറ്റ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി പത്തരയോടെയായിരുന്നു അപകടം. സംഭവ ദിവസം രാത്രി എട്ടരയോടെ ദേവിക നാട്ടിലുള്ള അമ്മയെ വിഡിയോ കോള്‍ ചെയ്തിരുന്നു. പണം പിന്‍വലിക്കാന്‍ പുറത്തുപോവുകയാണെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്. പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ ദേവികയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍  മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് റെയില്‍വേ ട്രാക്കിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മരിച്ചത് ദേവികയാണെന്ന് സ്ഥിരീകരിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജപ്പാനില്‍ വച്ചുതന്നെ ദേവികയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയിരുന്നു. കുടുംബത്തിന്റെ അനുവാദത്തോടെ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍. മൃതദേഹം സംസ്‌കരിക്കുന്നതിനും ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ തയാറാക്കി സമര്‍പ്പിക്കുന്നതിനും, തുടര്‍നടപടികളുടെ ഏകോപനത്തിനും നോര്‍ക്ക റൂട്ട്‌സാണ് നേതൃത്വം നല്‍കിയത്.

പ്ലസ്ടു പഠനത്തിന് ശേഷം ലാബ് ടെക്‌നീഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ദേവിക, കാസര്‍കോട് നീലേശ്വരത്തെ ഒരു അക്കാദമിയില്‍ നിന്ന് എട്ടുമാസം നീണ്ട ജാപ്പനീസ് ഭാഷാ കോഴ്സ് പഠിച്ച ശേഷമാണ് തന്റെ വലിയ സ്വപ്നമായിരുന്ന ജപ്പാനിലെ ജോലി നേടിയെടുത്തത്. മൂന്നുവര്‍ഷത്തെ കരാറില്‍ ജപ്പാനിലെത്തിയ ദേവിക, ഇഗലൊ ചൊവന്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോര്‍പറേഷന്‍ എന്ന സ്ഥാപനത്തില്‍ നഴ്സിങ് അസിസ്റ്റന്റായി ആറുമാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്.

പ്രകാശന്റെയും ബീനയുടെയും മൂത്ത മകളാണ് ദേവിക. കുടുംബത്തിന് ജപ്പാനിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍, നിഹോണ്‍ കൈരളി എന്നീ മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് ജപ്പാനില്‍ ഹിന്ദു ആചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് കാണാനായി ചടങ്ങുകള്‍ തത്സമയം സ്ട്രീമിങ് ചെയ്തിരുന്നു.

പടിയൂര്‍ നെടിയോടിയിലെ വീട്ടിലെത്തിച്ച ചിതാഭസ്മം എം എല്‍ എ യില്‍ നിന്ന് ദേവികയുടെ പിതാവ് പ്രകാശന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് മാതാപിതാക്കളും, കുടുംബാംഗങ്ങളും, നാട്ടുകാരും ജനപ്രതിനിധികളും ചിതാഭസ്മത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ENGLISH SUMMARY:

The ashes of Devika, a native of Padiyoor in Iritty who tragically died after being struck by a bullet train in Japan, were handed over to her grieving family by MLA Adv. Sajeev Joseph. Devika had gone missing on September 2 after making a video call to her mother while heading out to withdraw money in Kakamigahara, Gifu Prefecture, and her identity was later confirmed through an ID card found near the railway tracks. Due to logistical constraints preventing the repatriation of her mortal remains, her cremation was conducted in Japan with the assistance of the Ministry of External Affairs, Indian Embassy, and local Malayali associations, with NORKA Roots coordinating the safe return of her ashes. A nursing assistant who moved to Japan six months prior after completing a Japanese language course, she is survived by her parents Prakashan and Beena. Family members, locals, and public representatives paid emotional tributes as her father received the ashes at their residence in Padiyoor Nediyodi.