രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ ഡയര്‍ വൂള്‍ഫ് കുഞ്ഞുങ്ങളെ ഓര്‍മയില്ലേ. ശാസ്ത്രലോകത്തെ വന്‍ ബ്രേക്ക്ത്രൂ ആയിരുന്നു പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം വന്ന ഡയര്വൂള്ഫിനെ വീണ്ടും ഉരുത്തിരിച്ചെടുത്തത്. റീമസ്, റോമ്യുലസ് എന്ന ആണ് ചെന്നായ്ക്കളെയും ഖലിസി എന്ന പെണ്ചെന്നായയേയുമാണ് കൊളോസല്‍ ബയോസയന്‍സസ് എന്ന ജനിതക കമ്പനി വികസിപ്പിച്ചെടുത്തത്. ഇപ്പോള്‍ പൂര്ണവളര്ച്ചയെത്തിയിരിക്കുകയാണ് മൂന്ന് സഹോദരങ്ങളുമെന്നതാണ് പുതിയ വാര്‍ത്ത.
ജുറാസിക് പാര്‍ക്കിലെ ദിനോസറുകള്‍ പൂര്‍ണമായും ദിനോസറുകളല്ല. ദിനോസറുകളുടെ ഡിഎന്‍എ മിക്സ് ചെയ്ത ജീവികളാണ്. സമാനമായ സാഹചര്യം തന്നെയാണ് ഡയര്‍ വൂള്‍ഫുകളുടെ കാര്യത്തിലും. പണ്ട് ജീവിച്ചിരുന്ന ഡയര്‍ വൂള്‍ഫുമായി കാഴ്ചയിലും രൂപത്തിലും പെരുമാറ്റത്തിലും സമാനമാണെങ്കിലും ജനിതക പരമായി ഇവ യഥാര്‍ഥ ഡയര്‍ വൂള്‍ഫുമായി ഏറെ അകന്നവയാണ്. ഗ്രേ വൂള്‍ഫ് അഥവാ ചാരച്ചെന്നായയുടെ ഡിഎന്‍എ എടുത്ത് മാറ്റങ്ങള്‍ വരുത്തിയാണ് ഇവയുടെ ജനനം.
എന്നിരുന്നാലും ഡയര്‍ വൂള്‍ഫുകളുടെ ജീവിതത്തെക്കുറിച്ച് കൗതുകകരമായ പല അറിവുകളും നേടാന്‍ ഈ മൂന്ന് സഹോദരങ്ങളും വഴിതുറന്നിട്ടുണ്ട്. കൂട്ടത്തില്‍ നേതാവായി ഉയര്‍ന്നുവന്നത് റീമസാണ്. 60 കിലോയാണ് റീമസിന്റെ ഭാരം. റോമ്യുലസ് കൂട്ടത്തിലെ ജെന്റില്‍ ജയന്റാണ്. 61 കിലോ ഭാരം. ഖലീസിക്കാകട്ടെ 46 കിലോ ആണ് ഭാരം. മൂന്നുപേരും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു.
ശരാശരി ചാരച്ചെന്നായയുടെ ഭാരം തന്നെയാണ് ഇതെങ്കിലും രൂപത്തിലാണ് വ്യത്യാസം. മുഖത്തിന് വീതി കൂടുതലാണ്. മാത്രമല്ല ശരീരം മറ്റ് ചെന്നായ്ക്കളേക്കാള്‍ ശക്തമായ പേശികള്‍ നിറഞ്ഞവയാണ്. അതായത് അതിശക്തരാണ് ഇവരെന്നര്‍ഥം. കൊളോസലിന്റെ പരീക്ഷണത്തിലെ ആദ്യ വിജയങ്ങളിലൊന്നാണ് ഡയര്‍ വൂള്‍ഫുകള്‍. ഇനി അടുത്തതായി തങ്ങളുടെ ലക്ഷ്യം വംശനാശം വന്ന ഡോഡോ പക്ഷിയാണെന്ന് കൊളോസല്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.