ആയിരം വർഷത്തോളം പഴക്കമുള്ള യോർക്ക് സുവിശേഷത്തിന്റെ താളുകളിൽനിന്ന് പുരാതന രോഗാണുക്കളുടെ ജീവശാസ്ത്ര തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. സെപ്റ്റംബർ ആദ്യം യൂണിവേഴ്സിറ്റി കോളജ് ഡബ്ലിൻ (യുസിഡി) നടത്തിയ കണ്ടെത്തലിന്റെ വിശദാംശങ്ങൾ അടുത്തിടെ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ചിരുന്നു.

മൃഗങ്ങളുടെ തോലുപയോഗിച്ച് നിർമിച്ച പുസ്തകത്താളുകളിലെ ഡിഎൻഎ പരിശോധിച്ചപ്പോൾ അതിൽ ഷീപ്പ് പോക്സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പഠനത്തിൽ പറയുന്നത്. ആടുകളിൽ കാണുന്ന ഒരിനം പകർച്ചവ്യാധിയാണിത്. ഇവ മനുഷ്യരിലേക്ക് വ്യാപിച്ചതിന് തെളിവുകളില്ല. എന്നാൽ, വെങ്കലയുഗത്തിലെ ആടുകളുടെ പല്ലുകളിൽനിന്ന് കണ്ടെടുത്ത ഡിഎൻഎയുമായി കൈയെഴുത്തുപ്രതികളിൽനിന്നുള്ള ഡിഎൻഎ താരതമ്യം ചെയ്തതിൽനിന്ന് 3,700 വർഷത്തിലേറെയായി കന്നുകാലികളെ ഷീപ്പ് പോക്സ് ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.

അതേസമയം, അത്യാധുനിക ഡിഎൻഎ, പ്രോട്ടീൻ വിശകലന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് രോഗങ്ങളുടെ ജൈവിക അവശിഷ്ടങ്ങൾ ശാസ്ത്രലോകം വേർതിരിച്ചെടുത്തത്. പുരാതന കാലത്ത് മനുഷ്യരാശിയെ ബാധിച്ച മഹാമാരികളെക്കുറിച്ചും അവയുടെ പരിണാമ ഘട്ടങ്ങളെക്കുറിച്ചും കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ ഈ അപൂർവ കണ്ടെത്തൽ സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

പഴക്കമുള്ള ഗ്രന്ഥങ്ങൾ വെറുമൊരു വായനാഗ്രന്ഥം മാത്രമല്ല, മറിച്ച് അക്കാലത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യസ്ഥിതി പോലും രേഖപ്പെടുത്തുന്ന ജൈവശാസ്ത്ര രേഖകൾ കൂടിയാണെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നു.

ENGLISH SUMMARY:

Ancient pathogen DNA has been discovered in the pages of the thousand-year-old York Gospels, providing biological evidence of old diseases. This remarkable finding, made by scientists at University College Dublin, sheds light on the health of animals and humans in ancient times.