മനുഷ്യരുടെ മുഖത്തേക്ക് നോക്കുമ്പോള്‍ കാണുന്നത് വലുതായ കൃഷ്ണമണികൾ, അസാധാരണമായ കണ്ണുകള്‍, പൂച്ചയുടെ രോമങ്ങൾ പോലുള്ള പാടുകൾ! സ്വന്തം വളര്‍ത്തുപൂച്ചയെ നോക്കുമ്പോളാകട്ടെ കാണുന്നത് മനുഷ്യന്റെ മുഖഭാവങ്ങളും! തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയ 28 കാരനായ കാള്‍ എന്ന യുവാവ് കടന്നുപോകുന്നത് ഈ അപൂര്‍വ്വ അവസ്ഥയിലൂടെയാണ്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രോസോപോമെറ്റമോർഫോസിയസ് (Prosopometamorphopsia- PMO) എന്ന അവസ്ഥയാണത്രേ ഇത്. മുഖങ്ങൾ തിരിച്ചറിയാന്‍ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗത്തുണ്ടായ ശസ്ത്രക്രിയയോടെയാണ് യുവാവിന് ഈ അവസ്ഥ വന്നത്.
തലച്ചോറിന്റെ വലത് പോസ്റ്റീരിയർ ടെമ്പറൽ ലോബിൽ രൂപപ്പെട്ട രക്തക്കുഴലുകളുടെ തകരാറായ ആർട്ടീരിയോവെനസ് മാൽഫർമേഷൻ നീക്കം ചെയ്യുന്നതിനായാണ് കാളിന് ശസ്ത്രക്രിയ നടത്തിയത്. പിന്നാലെയാണ് ഈ വിചിത്ര അനുഭവം. മനുഷ്യരുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അവരുടെ കണ്ണുകളുടെ ആകൃതി പൂച്ചയുടേതുപോലെയാകുക, കൃഷ്ണമണികൾ വലുതാവുക, മുഖത്ത് പൂച്ചയുടെ രോമങ്ങൾ പോലുള്ള പാടുകൾ ദൃശ്യമാവുക തുടങ്ങിയ എന്നിങ്ങനെയാണ് കാളിന് അനുഭവപ്പെടുന്നത്. ചില സന്ദർഭങ്ങളിൽ തന്റെ വളർത്തുപൂച്ചയുടെ മുഖത്തിന് മനുഷ്യന്റെ മുഖവുമായി സാമ്യമുള്ളതായി തോന്നുകയും, ആളുകളുടെ മുഖങ്ങൾ പരസ്പരം മാറിപ്പോവുകയും ചെയ്യുന്നുണ്ട്. രണ്ട് വർഷം മുൻപായിരുന്നു കാളിന്റെ ശസ്ത്രക്രിയ. അതിനുശേഷം ആരംഭിച്ച ഈ വികലമായ കാഴ്ചകൾ ഇന്ന് മണിക്കൂറുകളോളമോ ചിലപ്പോൾ ഒരു ദിവസം മുഴുവനോ നീണ്ടുനിൽക്കാറുണ്ട്.
കോർട്ടെക്സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ അപൂര്‍വ്വ അവസ്ഥയെ കുറിച്ച് പറയുന്നത്. മുഖം തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട്, തലച്ചോറിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന പഴയ ഓർമ്മകളും ആളുകളെ കാണുമ്പോള്‍ അവരുടെ മുഖവും തമ്മിൽ കൂടിച്ചേരുന്നതാണ് ഇതിന് കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡാർട്ട്മൗത്ത് കോളജിലെ പ്രൊഫസർ ബ്രാഡ് ഡുചെയ്ൻ വ്യക്തമാക്കി. പിഎംഒ ബാധിച്ച വ്യക്തികളിൽ മുഖങ്ങൾ വലിഞ്ഞുമുറുകിയോ സ്ഥാനമാറ്റം സംഭവിച്ചോ അല്ലെങ്കിൽ വിചിത്രമായ നിറത്തിലും രൂപത്തിലുമാണ് കാണപ്പെടാറുള്ളത്. ഈ അവസ്ഥ ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കാറുണ്ടെങ്കിലും, കാൾ ഇന്ന് ഇതിനോട് പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിച്ചുവരികയാണെന്നും പഠനത്തില്‍ ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.
നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ അവസ്ഥയാണ് പ്രോസോപോമെറ്റമോർഫോസിയസ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ തന്നെ നൂറിൽതാഴെ മാത്രം ആളുകൾക്കേ ഈ രോഗം ബാധിച്ചതായി കണ്ടെത്തപ്പെട്ടിട്ടുള്ളൂ. പല കാരണങ്ങൾ ഇതിനു പിന്നിലുള്ളതായി പറയപ്പെടുന്നുണ്ട്. അതേസമയം, ഇതിന് പരിഹാരം കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്രലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല.