Image: science.nasa.gov/exoplanet-catalog/beta-pictoris-b/

സൗരയൂഥത്തിന് പുറത്തുനിന്നുള്ള ഒരു ഗ്രഹത്തിൽ (Exoplanet) നിന്ന് നേരിട്ട് പുറത്തുവരുന്ന റേഡിയോ തരംഗങ്ങൾ ആദ്യമായി തിരിച്ചറിഞ്ഞ് ശാസ്ത്രലോകം. ഭൂമിയിൽ നിന്ന് ഏകദേശം 63 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന 'ബീറ്റാ പിക്റ്റോറിസ് ബി' (Beta Pictoris b) എന്ന ഗ്രഹത്തിൽ നിന്നുള്ള അപൂർവ സിഗ്നലുകളാണ് തിരിച്ചറിഞ്ഞത്. എന്നാൽ ഈ റേഡിയോ സിഗ്നൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമല്ല വ്യക്തമാക്കുന്നത്. മറിച്ച്, ആ ഗ്രഹത്തിന് ചുറ്റുമുള്ള അതിശക്തമായ കാന്തികമണ്ഡലത്തിന്റെ സാന്നിധ്യമാണ് ഇത് തെളിയിക്കുന്നതെന്ന് ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗം പ്രൊഫസറായ ഇഡോ ബെർഗർ വ്യക്തമാക്കി.

നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ മാസിന്‍റെ 12 മടങ്ങോളം വലിപ്പമുള്ള ഒരു വാതക ഭീമനാണ് ബീറ്റാ പിക്റ്റോറിസ് ബി. സൂര്യനേക്കാൾ 1.75 മടങ്ങ് ഭാരമുള്ള ഒരു നക്ഷത്രത്തെയാണ് ഈ ഗ്രഹം വലയം ചെയ്യുന്നത്. മാത്രമല്ല ഈ ഗ്രഹത്തിന്റെ കാന്തികമണ്ഡലം വ്യാഴത്തിന്റെ കാന്തികമണ്ഡലത്തേക്കാൾ കുറഞ്ഞത് 200 മടങ്ങെങ്കിലും ശക്തമാണ്.

ബീറ്റാ പിക്റ്റോറിസ് ബിയുടെ ധ്രുവങ്ങളിൽ ഉണ്ടാകുന്ന ധ്രുവദീപ്തി പോലെയുള്ള പ്രതിഭാസങ്ങളാണ് ഉയർന്ന തരംഗദൈർഘ്യമുള്ള ഈ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്നത്. നമ്മുടെ സൗരയൂഥത്തിലെ വ്യാഴത്തിലും ശനിയിലും ഇത്തരത്തിലുള്ള 'അറോറൽ റേഡിയോ തരംഗങ്ങൾ' (Auroral Radio Emission) കണ്ടുവരാറുണ്ട്. വ്യാഴത്തിന്റെ ഉപഗ്രഹമായ 'യോ'യിലെ (Io) അഗ്നിപർവ്വതങ്ങളിൽ നിന്ന് പുറത്തുവരുന്ന ചാർജുള്ള കണികകൾ ഗ്രഹത്തിന്റെ കാന്തികമണ്ഡലത്തിൽ കുടുങ്ങുമ്പോൾ അവിടെ അറോറകളും റേഡിയോ തരംഗങ്ങളും രൂപപ്പെടുന്നു. ഇതേ പ്രതിഭാസമാണ് ബീറ്റാ പിക്റ്റോറിസ് ബിയിലും നടക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ, 64 റേഡിയോ ടെലിസ്കോപ്പ് ഡിഷുകൾ അടങ്ങിയ 'മീർകാറ്റ്' (MeerKAT) നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ തരംഗങ്ങൾ റെക്കോർഡ് ചെയ്തത്. ഹാർവാർഡ് സർവകലാശാലയിലെ റിസർച്ച് വിദ്യാർഥിയായ കെവിൻ ഓർട്ടിസ് സെബല്ലോസ് ഡേറ്റ പരിശോധിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത കണ്ടെത്തൽ നടത്തുന്നത്. മുൻപ് മറ്റ് അന്യഗ്രഹങ്ങളിൽ നിന്നും റേഡിയോ സിഗ്നലുകളുടെ സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും, അവ ഗ്രഹത്തിൽ നിന്നാണോ അതോ സമീപത്തുള്ള നക്ഷത്രത്തിൽ നിന്നാണോ എന്ന് വേർതിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ സിഗ്നൽ പുറപ്പെടുന്നത് ഗ്രഹത്തിൽ നിന്ന് തന്നെയാണെന്ന് കൃത്യമായി കണ്ടെത്താൻ ശാസ്ത്രസംഘത്തിന് കഴിഞ്ഞു എന്നതാണ് മറ്റൊരു നാഴികക്കല്ല്.

ഗ്രഹങ്ങളെ സൗരവികിരണങ്ങളിൽ നിന്നും പ്ലാസ്മ തരംഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നത് അവയുടെ കാന്തികമണ്ഡലമാണ്. ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന് പ്രധാന കാരണവും ഭൂമിയുടെ കാന്തികവലയമാണ്. അതുകൊണ്ടു തന്നെ മറ്റ് ഗ്രഹങ്ങളിലെ കാന്തികമണ്ഡലങ്ങളെക്കുറിച്ച് പഠിക്കുന്നത് വഴി അവിടെ അന്തരീക്ഷം നിലനിൽക്കാനുള്ള സാധ്യത മനസ്സിലാക്കാം. മറ്റ് ഗ്രഹങ്ങളുടെ കാന്തികമണ്ഡലം ഇത്രയും ശക്തമാകില്ലെന്നായിരുന്നു ശാസ്ത്രജ്ഞർ ഇതുവരെ കരുതിയിരുന്നത്. എന്നാൽ പുതിയ കണ്ടെത്തൽ പഴയ സങ്കൽപ്പങ്ങളെ തിരുത്തുന്നു. നിലവിൽ ഈ പഠനറിപ്പോർട്ട് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വരും മാസങ്ങളിൽ ഇത് അംഗീകരിക്കപ്പെടുന്നതോടെ, മറ്റ് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ ഇതൊരു വലിയ നാഴികക്കല്ലായി മാറും.

ENGLISH SUMMARY:

In a historic breakthrough, astronomers have detected radio waves directly originating from 'Beta Pictoris b', a massive gas giant exoplanet located 63 light-years away from Earth. According to Professor Edo Berger of Harvard University, these rare radio emissions do not indicate alien life, but rather prove the existence of an extraordinarily powerful magnetic field surrounding the planet. The signal was recorded using South Africa's MeerKAT telescope network and identified by Harvard research student Kevin Ortiz Ceballos during data analysis. Scientists believe these high-wavelength auroral radio emissions occur when charged particles get trapped in the planet's magnetic field, which is at least 200 times stronger than Jupiter's.