രാജ്യാന്തര ബഹിരാകാശ നിലയം കേരളത്തിന്റെ ആകാശത്തിലൂടെ കടന്നുപോകുന്നു എന്ന് അറിഞ്ഞതു മുതല്‍ കൗതുകത്തോടെ പലരും കാത്തിപ്പായിരുന്നു. അങ്ങിനെ ഇന്നലെയും ഇന്നുമായിട്ട് രാത്രി മാനം നോക്കിയ പലര്‍ക്കും മുന്നില്‍ ആ വിസ്മയ കാഴ്ച പ്രത്യക്ഷപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ഈ അപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. ടെലിസ്‌കോപ്പോ മറ്റ് പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ സാധിക്കും എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. പലരും മൈബൈലിലടക്കം വിഡിയോ പകര്‍ത്തകയും ചിത്രങ്ങളെടുക്കുകയും ചെയ്തു.
തെക്ക്- പടിഞ്ഞാറ് ദിശയിൽ തിളക്കമുള്ള പ്രകാശബിന്ദുവായാണ് ബഹിരാകാശ നിലയം കേരളത്തിന്‍റെ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. ഏതാനും മിനിറ്റുകളോളം ആകാശത്ത് തെളിഞ്ഞുനിന്ന ശേഷം പിന്നീട് വടക്ക് ഭാഗത്തായി മറഞ്ഞു. സാധാരണ ആകാശത്ത് കാണുന്ന നക്ഷത്രങ്ങളെക്കാൾ കൂടുതല്‍ തിളക്കത്തോടെയും കൂടതല്‍ വേഗത്തില്‍ നീങ്ങുന്ന രീതിയിലുമാണ് ഐഎസ്എസ് ദൃശ്യമായത്. മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശമുള്ള പ്രദേശങ്ങളിൽ ഈ കാഴ്ച വളരെ വ്യക്തമായിരുന്നു.
എന്നാല്‍ ചിലയിടങ്ങളില്‍ ആകാശം മേഘാവൃതമായതിനാല്‍ പലരും ഈ കാഴ്ച കാണാനാകാതെ നിരാശരാകേണ്ടി വന്നു. എന്നാല്‍ അങ്ങിനെയുള്ളവര്‍ക്കൊരു സന്തോഷ വാര്‍ത്ത... അടുത്ത ദിവസങ്ങളിലും കേരളത്തിന്‍റെ ആകാശത്ത് ബഹിരാകാശ നിലയമെത്തും. ദിവസങ്ങളോളം ഈ കാഴ്ച കാണുകയും ചെയ്യാം... സെപ്റ്റംബർ 10 വരെ വരും ദിവസങ്ങളിലും പുലർച്ചെയും സന്ധ്യാസമയങ്ങളിലുമായി കേരളത്തിന്‍റെ ആകാശത്ത് ബഹിരാകാശ നിലയം കാണാൻ സാധിക്കും.
Image: NASA
വരും ദിവസങ്ങളിലെ ദൃശ്യ സാധ്യത...
എങ്ങനെ കാണാം?
തെരുവ് വിളക്കുകളുടെ വെളിച്ചവും മറ്റ് പ്രകാശമലിനീകരണവും കുറഞ്ഞ തുറസ്സായ സ്ഥലങ്ങളിൽ നിന്ന് നോക്കിയാൽ ഇത് എളുപ്പത്തിൽ തിരിച്ചറിയാം. കൃത്രിമ ഉപഗ്രഹങ്ങളെ പോലെ കൃത്യമായ പാതയിലൂടെ അതിവേഗം നീങ്ങുന്ന പ്രകാശബിന്ദുവായാണ് ഇത് അനുഭവപ്പെടുക. കാലാവസ്ഥ അനുകൂലമാണെങ്കിൽ (കാർമേഘങ്ങൾ ഇല്ലെങ്കിൽ) ഈ വിസ്മയക്കാഴ്ച വരും ദിവസങ്ങളിലും മലയാളികൾക്ക് ആസ്വദിക്കാം.
രാജ്യാന്ത ബഹിരാകാശ നിലയം
ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ രാജ്യാന്ത സഹകരണത്തോടെ പ്രവർത്തിക്കുന്ന കൂറ്റൻ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ് ‘രാജ്യാന്തര ബഹിരാകാശ നിലയം (International Space Station - ISS). അമേരിക്കയിലെ നാസ (NASA), റഷ്യയിലെ റോസ്‌കോസ്‌മോസ് (Roscosmos), യൂറോപ്യൻ സ്‌പേസ് ഏജൻസി (ESA), ജപ്പാനിലെ ജാക്‌സ (JAXA), കാനഡയിലെ സിഎസ്എ (CSA) എന്നീ അഞ്ച് പ്രധാന ബഹിരാകാശ ഏജൻസികൾ ചേർന്നാണ് ഇത് നിയന്ത്രിക്കുന്നത്. നിലയത്തിന്റെ പൂർണ്ണമായ നിയന്ത്രണം ഒരു രാജ്യത്തിന് മാത്രമായിട്ടില്ല. മറിച്ച് ഓരോ രാജ്യവും അവർ നിർമ്മിച്ച ഭാഗങ്ങളുടെ മേൽനോട്ടം വഹിക്കുകയാണ് ചെയ്യുന്നത്. 1998-ൽ നിർമ്മാണം ആരംഭിച്ച ഈ വിണ്ണിലെ പരീക്ഷണശാലയിൽ 2000 നവംബർ മുതൽ മനുഷ്യര്‍ സ്ഥിരമായി താമസിച്ച് വരുന്നു. ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ അത്യാധുനിക പഠനങ്ങൾ നടത്തുന്ന ഐഎസ്എസ്, ഭാവിയിലെ ചന്ദ്ര-ചൊവ്വാ ദൗത്യങ്ങൾക്കുള്ള വലിയൊരു പരിശീലന കേന്ദ്രം കൂടിയാണ്.