കുതിക്കാന്‍ ഒരുങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം–1. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് നാലുവരെയുള്ള വിന്‍ഡോയിലായിരിക്കും വിക്ഷേപണം. സാധാരണ ഗതിയില്‍ വിന്‍ഡോയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ വിക്ഷേപണം നടത്തുന്ന രീതിയാണുള്ളത്. അങ്ങനെയെങ്കില്‍ അടുത്ത 12ന് തന്നെ വിക്രം–1 വിക്ഷേപിച്ചേക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്റററില്‍ നിന്നായിരിക്കും വിക്ഷേപണം.
ആഗമന്‍ വരുന്നു
ഹൈദരബാദ് ആസ്ഥാനമായുള്ള സ്കൈ റൂട്ട് എയറോസ്പേസിന്റേതാണ് വിക്രം–1. രാജ്യത്തെ ബഹിരാകാശ– ഗവേഷണ– വിക്ഷേപണ സംവിധാനങ്ങള്‍ സ്വകാര്യ േഖലയ്ക്കു തുറന്നു നല്‍കിയതിനു പിന്നാലെ റജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് സ്കൈ റൂട്ട് എയോസ്പേസ്. ആദ്യത്തെ വിക്ഷേപണത്തിന് ആഗമന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സംസ്കൃതത്തില്‍ ‘തുടക്കം’ എന്ന് അര്‍ഥം വരുന്ന ആഗമന്‍ രാജ്യത്തെ ബഹിരാകാശ വിക്ഷേപണ രംഗത്തെ വന്‍തുടക്കങ്ങളുടെ ആഗമന്‍ ആകുമെന്നാണു വിലയിരുത്തല്‍. ഇതിനകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെത്തിച്ച വിക്രം–1 ഒന്നാം വിക്ഷേപണത്തറയില്‍ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കി അവസാന ഘട്ട നിരീക്ഷണങ്ങളിലേക്ക് കടന്നു. നാലു വര്‍ഷം മുന്‍പ് രാജ്യത്തെ ആദ്യ സ്വകാര്യ സബ് ഓര്‍ബിറ്റല്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപിച്ച് സ്കൈറൂട്ട് വിസ്മയിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആഗമന്‍.
പരീക്ഷണ വിക്ഷേപണം, പക്ഷേ ചരിത്രം
വിക്രം–1 പരീക്ഷണ റോക്കറ്റായാണ് കമ്പനി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇസ്റോയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് വിക്ഷേപിക്കുന്ന റോക്കറ്റ് വിജയിച്ചാലും ഇല്ലെങ്കിലും ചരിത്രം കുറിക്കും. നിര്‍ണായകമായിട്ടുള്ള ഇന്‍ഫ്ലൈറ്റ് ഡേറ്റകള്‍ ശേഖരിക്കലാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. റോക്കറ്റിന്റെ രൂപകല്‍പന, പ്രൊപ്പല്‍ഷന്‍ സിസ്റ്റം, ഗൈഡന്‍സ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ എന്നിവയുടെ ഗുണവും പ്രവര്‍ത്തനക്ഷമതയും യഥാര്‍ഥ അന്തരീക്ഷത്തില്‍ പരിശോധിക്കാനാണ് പരീക്ഷണം. ഈ ഡേറ്റയുടെ വിലയിരുത്തല്‍ വഴി റോക്കറ്റിന്റെ പുതിയ പതിപ്പും ആവശ്യമായ പരിഷ്കാരങ്ങളും നടത്താന്‍ കഴിയും. മുന്‍രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേരിലുളള ഖര ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കലാം എന്‍ജിനാണ് വിക്രം–1ന്റെ ഹൃദയം. ഭൂമിയില്‍ നിന്നു കുതിച്ചുയരാനും അന്തരീക്ഷ വായുവിന്റെ മറികടന്ന് ലക്ഷ്യത്തിലേക്കു കുതിക്കാനും 85 സെക്കന്‍ഡ് മാത്രം പ്രവര്‍ത്തിക്കുന്ന 235 കിലോ ന്യൂട്ടന്‍ വാക്വം ത്രെസ്റ്റ് ശക്തി നല്‍കും.
പുതിയ സാങ്കേതിക വിദ്യ
പരമ്പരാഗത ഇസ്റോ സംവിധാനങ്ങളും രീതികളും വിട്ട് പൂര്‍ണമായി ന്യൂജെന്‍ രീതിയിലാണ് സ്കൈ റൂട്ടിന്റെ പ്രവര്‍ത്തനം. ആരംഭിച്ച് എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള കമ്പനിക്ക് സബ് ഓര്‍ബിറ്റല്‍ പരീക്ഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നു. തുടര്‍ച്ചയായി വിക്രം–1 ഓര്‍ബിറ്റല്‍ റോക്കറ്റിലേക്കെത്തുമ്പോഴും ഈ വേഗതയുണ്ട്. കാര്‍ബണ്‍ കോംബേസൈറ്റില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ വിക്രം–1ന് ഭാരം വളരെ കുറവാണ്. ദൗത്യത്തിനിടെയുണ്ടാകുന്ന കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ഇ.പി.ഡി.എം സിന്തറ്റിക് റബറിന്റെ ആന്തരിക ചട്ടക്കൂടുമുണ്ട്. അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന സമയത്ത് തന്നെ ഗതി നിയന്ത്രിക്കാന്‍ കഴിയുന്ന ഫ്ലക്സിബില്‍ നോസില്‍ സാങ്കേതിക വിദ്യയും പുതിയതാണ്. ഓണ്‍ഗൈഡ് കമ്പ്യൂട്ടറിന്റെ ഭാഗമായിട്ടുള്ള ഇലക്ട്രോ മെക്കാനിക്കല്‍ അക്ക്യുമുലേറ്ററിന്റെ സഹായത്താല്‍ കടുത്ത കാറ്റിനെയും ഭൂഗുരുത്വാകര്‍ഷണത്തെയും മറികടന്ന് ലക്ഷ്യത്തിലെത്താന്‍ റോക്കറ്റിനാവുമെന്നാണ് പരീക്ഷണ ഡേറ്റകള്‍ മുന്‍നിര്‍ത്തി കമ്പനി അവകാശപ്പെടുന്നത്. 350 കിലോ തൂക്കമുളള പേലോഡിനെ താഴ്ന്ന ഭ്രമണ പഥത്തിലേക്കെത്തിക്കാനാണ് (ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റ്) വിക്രം രൂപകല്‍പന ചെയ്തിരിക്കുന്നത്.