ഇസ്രോയുടെ പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടതോടെ തുടർച്ചയായി രണ്ടാം തവണയാണ് പിഎസ്എൽവി റോക്കറ്റ് ദൗത്യത്തിന് തകരാര്‍ സംഭവിക്കുന്നത്. നിലവില്‍ റോക്കറ്റിന്‍റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.
മുന്‍പ് 2025 മേയില്‍ പിഎസ്എൽവി സി 61 ഇഒഎസ് 09 ( PSLV c61 EOS 09) ദൗത്യവും പരാജയപ്പെട്ടിരുന്നു. അന്നും വിക്ഷേപണത്തിന്‍റെ മൂന്നാം ഘട്ടത്തിലായിരുന്നു പരാജയം. 2025 മേയ് 18നായിരുന്നു പിഎസ്എൽവി സി 61 ഇഒഎസ് 09 ദൗത്യം വിക്ഷേപിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെൻ്ററിൽനിന്ന് പുലർച്ചെ 5:59നായിരുന്നു വിക്ഷേപണം. എന്നാല്‍ ഖര ഇന്ധന മോട്ടറിന്റെ തകരാറിനെ തുടര്‍ന്ന് മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ ഉണ്ടാകുകയും ദൗത്യം പരാജയപ്പെടുകയുമായിരുന്നു.
എസ്139 മെയിൻ കോർ എൻജിനും ചുറ്റുമുള്ള 6 പിഎസ്ഒഎം–എക്സ്എൽ സ്ട്രാപ് ഓൺ മോട്ടറുകളും ഉപയോഗിച്ചാണ് റോക്കറ്റ് വിക്ഷേപണത്തറയിൽനിന്ന് ഉയരുന്നത്. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന വികാസ് എൻജിനാണ് രണ്ടാംഘട്ടത്തിൽ റോക്കറ്റിനെ നയിക്കുക. തുടർന്നാണ് മൂന്നാം ഘട്ടമായ എച്ച്പിഎസ്3. ഈ ഘട്ടത്തില്‍ ഖര ഇന്ധനം ഉപയോഗിക്കുന്ന മോട്ടോറാണ് റോക്കറ്റിനെ നയിക്കേണ്ടത്. എന്നാല്‍ മേയില്‍ നടത്തിയ വിക്ഷേപണത്തില്‍ ഈ മോട്ടോറിന് തകരാര്‍ സംഭവിക്കുകയായിരുന്നു.
അതേസമയം, പിഎസ്എല്‍വിയുടെ അറുപത്തിനാലാമത്തെ വിക്ഷേപണമായിരുന്ന ഇന്നത്തേത്. രണ്ട് സ്ട്രാപ്പ് ഓണ്‍ ബൂസ്റ്ററുകള്‍ ഘടിപ്പിച്ച പിഎസ്എല്‍വി –DL എന്ന വകഭേദത്തിന്‍റെ അഞ്ചാം ദൗത്യം കൂടിയാണിത്. രാവിലെ 10.17 നായിരുന്നു വിക്ഷേപണം. അവസാന ഘട്ടത്തിൽ ഉപഗ്രഹങ്ങൾ വേർപെടേണ്ട സമയത്ത് സിഗ്നലുകൾ ലഭിക്കാതായതോടെ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായി. പിന്നാലെ ദൗത്യം പരാജയപ്പെട്ടെന്ന് സ്ഥിരീകരണവും വന്നു. ദൗത്യം പരാജയപ്പെട്ടതോടെ ഡിആർഡിഒയുടെ തന്ത്രപ്രധാന ഉപഗ്രഹമായ 'അന്വേഷ' (EOS-N1) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളും നഷ്ടമായെന്നാണ് സൂചന.
'അന്വേഷ' (EOS-N1)
ഈ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപഗ്രഹമായിരുന്നു അന്വേഷ. ഡിആര്‍ഡിഒ വികസിപ്പിച്ച ഹൈപ്പര്‍സ്പെക്ട്രല്‍ ഇമേജിങ് ഉപഗ്രമാണിത്. ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്ന തരത്തില്‍ അത്യാധുനിക ഇമേജിങ് കഴിവുകള്‍ ഉളളതായിരുന്നു ഈ ഉപഗ്രഹം. ദൃശ്യ പ്രകാശം മുതല്‍ നമുക്ക് കാണാന്‍ കഴിയാത്ത ഇന്‍ഫ്രാറെഡ് കണങ്ങള്‍ വരെ ഇവ പകര്‍ത്തുന്നു. 505 കിലോമീറ്റർ ഉയരത്തിൽ സ്ഥാപിച്ചാല്‍ അതിർത്തിയിലെയും മറ്റും കൃത്യമായ വിവരങ്ങൾ നല്‍കാന്‍ അന്വേഷയ്ക്ക് ആകുമായിരുന്നു. കൃഷി, നഗരഭൂപടം, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയവയിലും സഹായകമാകേണ്ടിയിരുന്ന ഉപഗ്രഹമാണിത്.
അന്വേഷയെ കൂടാതെ ബഹിരാകാശത്ത് വച്ചുതന്നെ ഉപഗ്രങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യ പരീക്ഷിക്കാനായുള്ള ആയുര്‍സാറ്റും ഈ ദൗത്യത്തിന്‍റെ ഭാഗമായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ് ആയ ഓര്‍ബിറ്റ് എയ്ഡ് എയറോസ്പേസാണ് ഇത് വികസിപ്പിച്ചത്. ഹൈദരാബാദിലെ ടേക്ക് മീ ടു സ്പേസ്, ഇയോണ്‍ സ്പേസ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് വികസിപ്പിച്ച MOI-1, ഇന്‍ഡോ–മൗറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്, സ്പെയിനില്‍ നിന്നുള്ള കെസ്ട്രല്‍ ഇനിഷ്യല്‍ ഡെമോണ്‍സ്ട്രേറ്റര്‍ എന്നീ ഉപഗ്രഹങ്ങളും ദൗത്യത്തിലുണ്ടായിരുന്നു.