പുതുവത്സരത്തിലെ ആദ്യ  ഉപഗ്രഹ വിക്ഷേണത്തിനൊരുങ്ങി ഇസ്റോ. നാളെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ  ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷപണം.  പ്രതിരോധ സാങ്കേതിക വിദ്യമുതല്‍  ബഹിരാകാശത്തെ കലാപരമായ പരീക്ഷണങ്ങള്‍ വരെ നീളുന്നതാണ് ഈ ദൗത്യം.  പിഎസ്എല്‍വിയുടെ അറുപത്തിനാലാമത്തെ വിക്ഷേപണവും രണ്ട് സ്ട്രാപ്പ് ഓണ്‍ ബൂസ്റ്ററുകള്‍ ഘടിപ്പിച്ച് പിഎസ്എല്‍വി –DL എന്ന വകഭേദത്തിന്റെ അഞ്ചാം ദൗത്യം കൂടിയാണിത്.

ദൗത്യത്തിന്റെ പ്രധാന ഘടകങ്ങള്‍

1. EOS– N1 ( അന്വേഷ)

ഈ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപഗ്രഹം.  ഡിആര്‍ഡിഒ വികസിപ്പിച്ച ഹൈപ്പര്‍സ്പെക്ട്രല്‍ ഇമേജിങ് ഉപഗ്രമാണ് ഇഒഎസ് എന്‍1. ഇതിന്റെ കോഡ് നെയിമാണ് അന്വേഷ.

മനുഷ്യനേത്രങ്ങള്‍ക്ക് കാണാവുന്നതിലും അപ്പുറത്തേക്ക് കാണുന്ന ഒരു സൂപ്പര്‍ പവര്‍. ലാന്‍‍ഡ്സ്കേപ്പുകള്‍  പഠിക്കാന്‍ നൂതന സാങ്കേതിക വിദ്യ. അതാണ് ഹൈപ്പര്‍ സ്പെക്ട്രല്‍ റിമോട്ട് സെന്‍സിങ് . ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്ന തരത്തില്‍ അത്യാധുനിക ഇമേജിങ് കഴിവുകള്‍ ഉളളതാണ് അന്വേഷ ഉപഗ്രഹം. ദൃശ്യ പ്രകാശം മുതല്‍ നമുക്ക് കാണാന്‍ കഴിയാത്ത ഇന്‍ഫ്രാറെഡ്  കണങ്ങള്‍ വരെ ഇവ പകര്‍ത്തുന്നു.

ഭൂമിയിലുളളതെല്ലാം അതിന്റേതായ രീതിയില്‍ പ്രകാശവുമായി ഇടപഴകുന്നതിനാലാണ്  HRS പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്ത തരം മണ്ണ്, സസ്യങ്ങള്‍ , അല്ലെങ്കില്‍ മനുഷ്യനിര്‍മിത വസ്തുക്കള്‍  എന്നിവയെപോലും അവയുടെ തിളക്കംകൊണ്ട് തിരിച്ചറിയാന്‍ സാധിക്കും. ഇന്നത്തെ ലോകത്ത്  HRS സൈന്യത്തിന് ഒരു രഹസ്യ ആയുധമാണ്. ഗ്രൗണ്ട് മാപ്പിങ് , മറഞ്ഞിരിക്കുന്ന അപകടങ്ങള്‍ കണ്ടെത്തല്‍, ഒരു പ്രഫഷണലിനെപ്പോലെ ആസൂത്രണം ചെയ്യല്‍  എന്നിവയെല്ലാം ഇതിലൂടെ അനായാസം ചെയ്യാന്‍ സാധിക്കും.  ഇന്ത്യയുെട അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനൊടൊപ്പം കൃഷി, നഗരഭൂപടം. പരിസ്ഥിതി നിരീക്ഷണം തുടങ്ങിയവയിലും സഹായകമാകും.

2. ആയുള്‍സാറ്റ് (AAYULSAT)

ബെംഗളൂരു ആസ്ഥാനമായുള്ള  സ്റ്റാര്‍ട്ട് അപ് ആയ ഓര്‍ബിറ്റ് എയ്ഡ് എയറോസ്പേസ് വികസിപ്പിച്ചതാണിത്. ബഹിരാകശത്തില്‍ വെച്ച് തന്നെ ഉപഗ്രഹങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഭാവിയില്‍ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കാനും ആയുസ് വര്‍ധിപ്പിക്കാനും നിര്‍ണായകമാണ് ഈ ദൗത്യം.

തമിഴില്‍ ആയുള്‍സാറ്റിന്റെ അര്‍ഥം ജീവന്‍ എന്നാണ്. 25 കിലോ ഭാരമുളള ഉപഗ്രഹം ഭ്രമണപഥത്തിലെ ഇന്ധനം നിറയ്ക്കല്‍ , ഉപഗ്രഹ ലൈഫ് എക്സ്റെന്‍ഷന്‍ സാങ്കേതിക വിദ്യയുടെ പയനീറിങ്  പ്രദര്‍ശിപ്പിക്കുന്നതിനായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.  ഭൂമിയില്‍ നിന്ന് 800 കിമീ ഉയരത്തില്‍ സണ്‍ – സിന്‍ക്രണസ് ഭ്രമണപഥത്തില്‍ നിന്നാണ് ഇത് പ്രവര്‍ത്തിക്കുക.  ഉപഗ്രഹങ്ങള്‍ക്കും ബഹിരാകാശ പേടകങ്ങള്‍ക്കും ഇന്ധനം സംഭരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആശയമാണ് ഓര്‍ബിറ്റല്‍ പ്രൊപ്പല്ലന്റെ ഡിപ്പോകള്‍. ആയുള്‍സാറ്റിന്റെ വിജയം ഇന്ത്യയില്‍ ഒരു ഓണ്‍– ഓര്‍ബിറ്റ് സര്‍വീസ് വ്യവസായത്തിന് തുടക്കമിടും. വിക്ഷേപണങ്ങളുടെ ചെലവ് കുറയ്ക്കാനും പുനരുപയോഗിക്കാവുന്ന ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിലും നിര്‍ണായകമാകും.

3. MOI-1

ഹൈദരാബാദിലെ ടേക്ക് മീ ടു സ്പേസ്, ഇയോണ്‍ സ്പേസ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് 14 കിലോ ഭാരമുള്ള ഈ ഉപഗ്രഹം നിര്‍മിച്ചത്.  വേണമെങ്കില്‍ ഇന്ത്യയിലെ ആദ്യ AI ഇമേജ് ലാബ്  ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്നു എന്ന് പറയേണ്ടിവരും. 500 കിലോമീറ്റര്‍ മുകളില്‍ നിന്ന് ഫോട്ടോകള്‍ എടുക്കുക മാത്രമല്ല അവ പകര്‍ത്തിയ സ്ഥലത്തു നിന്ന് തന്നെ പ്രോസസ് ചെയ്യും . ഉപഗ്രഹങ്ങള്‍ പകര്‍ത്തുന്ന ഉയര്‍ന്ന റസല്യുഷനുളള ചിത്രങ്ങള്‍ പലപ്പോഴും മേഘങ്ങള്‍ കാരണം ഉപയോഗശൂന്യമാവുകയാണ് പതിവ്.  കോംപാക്ട് 3U ക്യൂബ്സാറ്റ് ബസില്‍ പ്രൊപ്രൈറ്ററി റേ‍ഡിയേഷന്‍ ഷീല്‍ഡും ഉയര്‍ന്ന പ്രകടനമുളള എന്‍വിഡിയ ജിപിയുവും സജ്ജീകരിച്ചിരിക്കുന്നു. ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഭാരം കുറ്ഞ തദ്ദേശീയ ഇമേജിങ് സംവിധാനമായ മിറ ബഹിരാകാശ ദൂരദര്‍ശിനിയാണ്.  ഇത് ചിത്രങ്ങള്‍ ഗ്രൗണ്ട് സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പുതന്നെ  തല്‍സമയം പ്രോസസ്  ചെയ്യുന്ന ഉയര്‍ന്ന് റെസല്യൂഷന്‍ ഇമേജറി ആണ്.

4. ഇന്‍ഡോ–മൗറീഷ്യസ് ജോയിന്റ് സാറ്റലൈറ്റ്

ഇന്ത്യയും മൗറീഷ്യസും തമ്മിലുളള ബഹിരാകാശ സഹകരണത്തിന്റെ ഭാഗമായാണ് ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്. 

5. കെസ്ട്രല്‍ ഇനിഷ്യല്‍ ഡെമോണ്‍സ്ട്രേറ്റര്‍

സ്പെയിനില്‍ നിന്നുളള ഊ ഉപഗ്രഹം ഒരു റീ എന്‍ട്രി കാപ്സ്യൂള്‍ ആണ്.  ബഹിരാകാശത്ത് നടത്തുന്ന പരീക്ഷണങ്ങളുടെ സാംപിളുകള്‍ വളരെ കുറഞ്ഞ ചെലവില്‍ ഭൂമിയില്‍ തിരികെ എത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത് പരീക്ഷിക്കുന്നത്.

ബഹിരാകാശത്തെ നിര്‍ണായക ശക്തിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് കരുത്തേകുന്നതാകും പിഎസ്എല്‍വിയുടെ വിക്ഷേപണം.

ENGLISH SUMMARY:

ISRO's PSLV-C58 mission marks a significant step in space exploration, launching several innovative satellites. This mission includes the EOS-N1 for advanced imaging, AAYULSAT for on-orbit refueling, and MOI-1 for AI-powered image processing.