ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം ഞായറാഴ്ച. ശ്രീഹരിക്കോട്ടയില്‍ നിന്ന് എല്‍.വി.എം–3 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഈവര്‍ഷം നടത്തിയ മൂന്നു വിക്ഷേപണങ്ങളില്‍ രണ്ടും പരാജയപ്പെട്ടതിനാല്‍ അതീവ ശ്രദ്ധയോടെയാണ് തയ്യാറെടുപ്പുകള്‍ മുന്നോട്ടുപോകുന്നത്.
നാവിക സേനയുടെ വാര്‍ത്താ വിനിമയ ആവശ്യങ്ങള്‍ക്കുള്ള സി.എം.എസ്.–3യാണ് വിക്ഷേപണത്തിനു തയാറാവുന്നത്. ആദ്യ സൈനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്–7ന്‍റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയതു തയാറാക്കിയത്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ജിയോസിക്രണസ് ഓര്‍ബിറ്റിലേക്കു വിക്ഷേപിക്കുന്ന ഏക്കാലത്തെയും ഭാരം കൂടിയ ഉപഗ്രഹം കൂടിയാണിത്. ഉപഗ്രഹം വിക്ഷേപണത്തറയിലേക്കു മാറ്റി. എന്നാല്‍ അടുത്തിടെ വിക്ഷേപിച്ച എന്‍.വി.എസ്–2 ഉം ഇ.ഒ.എസ്–9ഉനുമുണ്ടായ അപ്രതീക്ഷിത പരാജയങ്ങള്‍ ഇസ്റോയെ വേട്ടയാടുന്നുണ്ട്. ഇവയുടെ പരാജയ കാരണങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞെന്ന് ഇസ്റോ ചെയര്‍മാന്‍ അറിയിച്ചു.
നാവിക സേനയുടെ കരയിലുള്ള വിവിധ കമാന്‍ഡ് സെന്ററുകളും വിമാനവാഹനി കപ്പലുകള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ വ്യൂഹങ്ങളും തമ്മിലുള്ള വാര്‍ത്ത വിനിമയം ലക്ഷ്യമിട്ടുള്ള ഉപഗ്രഹം ദേശസുരക്ഷയില്‍ ഏറെ നിര്‍ണായകമാണ്.