ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗന്‍യാന്‍ പദ്ധതി ഇനിയും വൈകിയേക്കുമെന്ന് സൂചന. മുന്‍പ് പ്രഖ്യാപിച്ചതനുസരിച്ച് ഡിസംബറില്‍ ആളില്ലാ ദൗത്യം നടക്കാനിടയില്ല. ജോലികള്‍ 90 ശതമാനം പൂര്‍ത്തിയായെന്നും 2028ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുമെന്നും ഇസ്റോ ചെയര്‍മാന്‍ വി.നാരായണന്‍ പറഞ്ഞു.
അഭിമാന ദൗത്യമായി 2022ലേക്കാണ് തുടക്കത്തില്‍ ഗഗന്‍യാന്‍ രൂപകല്‍പന ചെയ്തിരുന്നത്. കോവിഡും സാങ്കേതിക വിദ്യാ വികസനമടക്കമുള്ള പ്രശ്നങ്ങളുമായി വൈകി. ഒടുവില്‍ ഡിസംബറില്‍ മനുഷ്യരില്ലാതെ പേടകം ബഹിരാകാശത്തേക്ക് എത്തിക്കുമെന്നായിരുന്നു ഇസ്റോയുടെ അറിയിപ്പ്.
ഇസ്റോയെ സംബന്ധിച്ചു മനുഷ്യനു സഞ്ചരിക്കാന്‍ കഴിയുന്ന റോക്കറ്റെന്നതു പുതിയതാണ്. സാങ്കേതിക വിദ്യക്കൊപ്പം തന്നെ യാത്രികന്റെ സുരക്ഷയും ഉറപ്പാക്കിയേ ദൗത്യമുണ്ടാകൂ. തുടര്‍ച്ചയായി മൂന്ന് ആളില്ലാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മത്രമേ മനുഷ്യനെ വഹിച്ചുള്ള ദൗത്യത്തിലേക്ക് കടക്കാനാവൂ. ആദ്യ ആളില്ലാ ദൗത്യത്തില്‍ വ്യോമ മിത്രയെന്ന റോബോട്ടിനെയും കൂട്ടിയാണ് പേടകം ബഹിരാകാശത്തേക്ക് കുതിക്കുക.