ശനി, സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹം. യഥാര്‍ഥത്തില്‍ ശനിയുടെ വളയങ്ങളാണ് അതിനെ ഏറ്റവും മനോഹരമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് പണ്ടുമുതലേ ശാസ്ത്രജ്ഞരെയും വാനനിരീക്ഷകരെയും ആകര്‍ഷിക്കുന്നതും. എങ്കിലിതാ ശനിയെ കാണാന്‍ വീണ്ടും അവസരം ഒരുങ്ങുകയാണ്. ഈ മാസം 21ന് ശനി ഭൂമിയോട് ഏറ്റവും അടുത്ത സ്ഥാനത്തെത്തും. 'പ്ലാനറ്ററി ഒപ്പോസിഷൻ' എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. സൂര്യനും ശനിക്കും ഇടയിൽ നേര്‍രേഖയിലായിരിക്കും ഭൂമി. ഇത് ശനിയെ ഏറ്റവും തിളക്കത്തിലും വലിപ്പത്തിലും നിരീക്ഷിക്കാനുള്ള മികച്ച അവസരമാണ്.
എന്താണ് പ്ലാനറ്ററി ഒപ്പോസിഷൻ?
ഒരു ഗ്രഹം സൂര്യന്റെ നേരെ എതിർദിശയിൽ ആകാശത്ത് വരുന്ന പ്രതിഭാസമാണിത്. ഈ സമയം ഭൂമി ആ ഗ്രഹത്തിനും സൂര്യനും ഇടയിലായിരിക്കും. ഇതിന്റെ ഫലമായി ആ ഗ്രഹം സൂര്യാസ്തമയ സമയത്ത് കിഴക്ക് ഉദിച്ച്, രാത്രി മുഴുവൻ ആകാശത്ത് തിളങ്ങി നിൽക്കും. ഇത് ആ ഗ്രഹത്തെ നിരീക്ഷിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്. ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ തുടങ്ങിയ ബാഹ്യ ഗ്രഹങ്ങള്‍ക്ക് മാത്രമേ പ്ലാനറ്ററി ഒപ്പോസിഷൻ സംഭവിക്കുന്നുള്ളൂ.
നിരീക്ഷണത്തിന് അനുയോജ്യമായ സമയം
സന്ധ്യയോടെ കിഴക്കൻ ആകാശത്ത് ശനി ദൃശ്യമാകും. നേരിയ മഞ്ഞകലർന്ന നിറത്തില്‍ തിളക്കമുള്ള നക്ഷത്രമായി നഗ്നനേത്രങ്ങൾകൊണ്ട് തന്നെ കാണാൻ സാധിക്കും. അർദ്ധരാത്രിയോടെ ശനി ആകാശത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തെത്തും, ഇത് നിരീക്ഷണത്തിന് ഏറ്റവും മികച്ച അവസരമാണ്. ദൂരദർശിനികൾ ഉപയോഗിക്കുന്നവർക്ക് ശനിയുടെ മനോഹരമായ വളയങ്ങളും കാണാൻ സാധിക്കും. അതേസമയം, ഭൂമിയുമായുള്ള ശനിയുടെ ചരിവ് കുറഞ്ഞുവരുന്നതിനാല്‍ നിലവില്‍ ശനിയുടെ വളയങ്ങൾ നേർത്ത ഒരു വരപോലെ മാത്രമേ ഭൂമിയിൽ നിന്ന് അനുഭവപ്പെടുകയുള്ളൂ. വളയങ്ങള്‍ മാത്രമല്ല, ഏറെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ശനിയുടെ ഉപഗ്രഹങ്ങൾ ചലിക്കുന്നതിന്‍റെ നിഴലുകൾ പോലും കാണാൻ കഴിഞ്ഞേക്കാം.
ശനിയെക്കുറിച്ച്...
നമ്മുടെ സൗരയൂഥത്തിലെ വ്യാഴം കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും വലിയ ഗ്രഹമാണ് ശനി. സൂര്യനിൽ നിന്ന് ആറാമത്തെ ഗ്രഹവും. അതിമനോഹരമായ വളയങ്ങളാണ് ശനിയുടെ ഏറ്റവും വലിയ പ്രത്യേകത. വ്യാഴത്തിന് സമാനമായി ശനിയിലും പ്രാഥമികമായി അടങ്ങിയിരിക്കുന്നത് ഹൈഡ്രജനും ഹീലിയവുമാണ്. ശനി, വ്യാഴം, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെ ചേര്‍ത്ത് വാതകഭീമന്മാർ എന്നാണ് വിളിക്കുന്നത്.
വലുതും സങ്കീർണ്ണവുമായ ഘടനകളാണ് ശനിയുടെ വളയങ്ങൾ. അനേകം വളയങ്ങളുണ്ട് ശനിക്ക്. ഇതില്‍ ഏഴ് വളയങ്ങളാണ് പ്രധാനം. ഇവയെക്കൂടാതെ അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ ഉപവളയങ്ങളുമുണ്ട്. ഇവയ്ക്ക് ഓരോന്നിനും ഇടയില്‍ വിടവുകളുമുണ്ട്. ഇതിന്‍റെ ഭൂരിഭാഗവും ഐസുകട്ടികളും പാറക്കഷണങ്ങളും കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയില്‍ നിന്ന് ശനിയിലേക്ക് ഏകദേശം 135 കോടി കിലോമീറ്റർ ദൂരമുണ്ട്, അതുകൊണ്ടുതന്നെ ഈ പാറക്കഷണങ്ങൾക്കിടയിലുള്ള വിടവ് നമുക്ക് കാണാൻ സാധിക്കില്ല. അതിനാൽ അവ ഒന്നുചേർന്ന് ഒരു വളയമായി തോന്നിക്കുകയാണ് ചെയ്യുന്നത്.