എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
‘നാന്റിയൻമെൻ’ എന്ന് കേട്ടിട്ടുണ്ടോ? ഭീമാകാരമായ ഒരു ബഹിരാകാശ വാഹനം, ചൈനയുടെ സ്വപ്ന പദ്ധതി! ചൈനയുടെ ബഹിരാകാശ ഗവേഷണത്തിന്‍റെ ഭാവി! 2019 ൽ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ചൈന അവതരിപ്പിച്ച ഒരു ആശയം മാത്രമായിരുന്നു ഇത്. ഭൂമിയെ അന്യഗ്രഹ ജീവികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പ്രതിരോധ പദ്ധതി. എന്നാല്‍ ഇന്ന് നാന്റിയൻമെൻ ഒരു സയന്‍സ് ഫിക്ഷന്‍ ആശയം മാത്രമല്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ നാന്റിയൻമെൻ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ചൈന ഒരുങ്ങുകയാണ്.
നാന്റിയൻമെൻ പ്രോജക്റ്റിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം 1,20,000 ടൺ ഭാരമുള്ള ഒരു ബഹിരാകാശ വാഹനം (Space-based aircraft carrier) നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. 242 മീറ്റർ നീളവും 64 മീറ്റർ വീതിയുമുള്ള ഈ ഭീമാകാരമായ ബഹിരാകാശ വാഹനത്തിന് 88 ഓളം പോർവിമാനങ്ങൾ വഹിക്കാൻ കഴിയുമത്രേ! ഹൈപ്പർസോണിക് വേഗത, എനർജി വെപ്പണുകൾ, ആര്‍ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളും ഇതിലുണ്ടായിരിക്കും. മണിക്കൂറിൽ 700 മുതൽ 800 കിലോമീറ്റർ വരെ വേഗതയില്‍ സഞ്ചരിക്കാനും കുറഞ്ഞ ഗുരുത്വാകർഷണത്തിലും വ്യത്യസ്ത അന്തരീക്ഷ സാഹചര്യങ്ങളും പ്രവര്‍ത്തിക്കാനും സാധിക്കുമത്രേ. ഭൂമിയുടെ അന്തരീക്ഷത്തിലും ബഹിരാകാശത്തും പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലുള്ള ഈ ബഹിരാകാശ വാഹനമായാണ് ഇതിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഭാവിയിലൊരു ബഹിരാകാശ യുദ്ധമുണ്ടായാല്‍, അത് അന്യഗ്രഹ ജീവികളോടായാലും ഭൂമിയിലെ രാജ്യങ്ങള്‍ പരസ്പരം ആയാലും, ഉറപ്പിച്ചോളൂ ചൈനയുടെ വജ്രായുധമായിരിക്കും നാന്റിയൻമെൻ. എന്നാല്‍ ഇത് കേവലം ഒരു പ്രതിരോധ പദ്ധതി മാത്രമായിരിക്കില്ല. മറിച്ച് ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ തന്ത്രപരമായ നീക്കം കൂടിയാണ്. പദ്ധതി യാഥാർത്ഥ്യമായാൽ അത് ബഹിരാകാശ യുദ്ധങ്ങളിൽ ഒരു പുതിയ അധ്യായം സൃഷ്ടിക്കും.
ഉപഗ്രഹങ്ങളെ നശിപ്പിക്കാനും, ശത്രുക്കളുടെ ആശയവിനിമയം തടസ്സപ്പെടുത്താനും, ബഹിരാകാശത്ത് സൈനിക നീക്കങ്ങൾ നടത്താനും ഈ ബഹിരാകാശ വിമാനത്തിനും അതിലെ പോര്‍ വിമാനങ്ങള്‍ക്കും സാധിച്ചേക്കും. ഇത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒരു പുതിയ ബഹിരാകാശ ആയുധ മത്സരത്തിന് വഴിവെക്കുമോ എന്ന ആശങ്കയുമുണ്ട്. അമേരിക്ക, റഷ്യ തുടങ്ങിയ വന്‍ ശക്തികളെ മറികടന്ന് ബഹിരാകാശ ഗവേഷണത്തിലും സൈനിക ശേഷിയിലും ലോകത്തിലെ മുൻനിര ശക്തിയായി മാറാനുള്ള ചൈനയുടെ അഭിലാഷം കൂടിയാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്.