ആകാശനിരീക്ഷകർ കാത്തിരിക്കുന്ന സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തിന് ഇനി ദിവസങ്ങള്‍ മാത്രം. 82 മിനിറ്റ് നീണ്ടു നില്‍ക്കുന്ന സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തിനാണ് ഇത്തവണ ലോകം സാക്ഷിയാകുക. ഈ സമയം ചുവപ്പ് നിറത്തില്‍ ചന്ദ്രനെകാണാം. ഈ രക്തചന്ദ്ര ദൃശ്യം തന്നെയാണ് സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തെ കൂടുതല്‍ മിഴിവുറ്റതാക്കുന്നത്. വരാനിരിക്കുന്ന വര്‍ഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയതും ദൃശ്യവുമായ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നായിരിക്കുമിത്.
എന്താണ് സമ്പൂര്‍ണ ചന്ദ്രഗ്രഹണം?
ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുമ്പോള്‍ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു. ഈ സമയമാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണത്തില്‍ ഭൂമിയുടെ നിഴലിൽ ചന്ദ്രന്‍റെ ഒരു ഭാഗം മാത്രമേ മറയുകയുള്ളൂ. അതേസമയം, സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലായിരിക്കും. ഈ സമയം ഭൂമിയുടെ നിഴലിന്‍റെ ഏറ്റവും ഇരുണ്ട ഭാഗമായ അംബ്ര ചന്ദ്രനെ മൂടുന്നു. ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പൂർണ്ണമായി മറയുകയും എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ ചന്ദ്രനെ ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ ദൃശ്യമാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ‘രക്തചന്ദ്രന്‍’ (Blood Moon) എന്നും പൂര്‍ണ ചന്ദ്രഗ്രഹണ സമയത്തെ ചന്ദ്രന്‍ അറിയപ്പെടുന്നു.
ചന്ദ്രന്‍റെ നിറം മാറ്റത്തിന് കാരണം
സമ്പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷം തന്നെയാണ് ചന്ദ്രനെ ‘രക്തചന്ദ്രനാ’ക്കി മാറ്റുന്നത്. ഈ സമയം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികളാണ് ചന്ദ്രനില്‍ പതിക്കുന്നത്. ഈ സൂര്യരശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രകീര്‍ണനത്തിന് വിധേയമാകുന്നു. ഇതോടെ ദൃശ്യപ്രകാശത്തിലെ പച്ച മുതൽ വയലറ്റ് തരംഗദൈർഘ്യം കുറഞ്ഞ കിരണങ്ങള്‍ ചിതറിത്തെറിക്കുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ചന്ദ്രനിലേക്കെത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ചന്ദ്രന്‍ രക്തചന്ദ്രനായി കാണപ്പെടുന്നത്. സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിനു സമാനമായിരിക്കും ഇത്.
എപ്പോള്‍, എവിടെ കാണാം?
സെപ്റ്റംബർ 7-8 തീയതികളിലായി ലോകത്ത് സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാകും. അതേസമയം, കാലാവസ്ഥ അനുകൂലമെങ്കില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും രക്തചന്ദ്രനെ കാണാം. ഇന്ത്യയിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, പൂനെ, ലഖ്‌നൗ, ഹൈദരാബാദ്, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളിലായിരിക്കും സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുക. ഇന്ത്യൻ സമയം സെപ്റ്റംബർ 7ന് രാത്രി 8:58 ന് (15:25 UTC) ഗ്രഹണം ആരംഭിച്ച് സെപ്റ്റംബർ 8 ന് ഇന്ത്യൻ സമയം പുലർച്ചെ 2:25 ന് (20:55 UTC) അവസാനിക്കും. സെപ്റ്റംബർ 7 ന് രാത്രി 11:00 IST (17:30 UTC) നും സെപ്റ്റംബർ 8 ന് ഇന്ത്യൻ സമയം രാവിലെ 12:22 നും ഇടയില്‍ ഉച്ചസ്ഥായിലെത്തുകയും ചെയ്യും. ഈ സമയം പൂർണ്ണതയിൽ, ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ ചന്ദ്രന്‍ ദൃശ്യമാകുകയും ചെയ്യും.
നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ രക്തചന്ദ്രനെ കാണാൻ സാധിക്കും. പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. എന്നാല്‍ ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉണ്ടെങ്കിൽ കാഴ്ച കൂടുതല്‍ മിഴിവുള്ളതായിരിക്കും. സൂര്യപ്രകാശം മാത്രം പ്രതിഫലിപ്പിക്കുന്നതിനാല്‍ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സുരക്ഷിതമാണ്.