blood-moon

വാനനിരീക്ഷകർ കാത്തിരിക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്നു വൈകുന്നേരം പൂർണ്ണചന്ദ്രനെ ഭൂമിയുടെ നിഴല്‍ മറയ്ക്കാന്‍ തുടങ്ങും. ഗ്രഹണം പൂര്‍ണതയിലെത്തുമ്പോള്‍ രാത്രിയുടെ ആകാശത്ത് ചുവന്ന് തുടുത്ത രക്ത ചന്ദ്രനെ (Blood Moon) കാണാനാകും. ഇനി മറ്റൊരു രക്ത ചന്ദ്രനെ കാണണമെങ്കില്‍ 2029 വരെ കാത്തിരിക്കേണ്ടിയും വരും. 

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയ ഉച്ചയ്ക്ക് 2.14 നാണ് ഗ്രഹണം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രഹണം ആരംഭം മുതല്‍ ഇന്ത്യയില്‍ കാണാന്‍ സാധിക്കില്ല. രാജ്യത്തെ മിക്ക നഗരങ്ങളിലും ചന്ദ്രൻ ഉദിക്കുമ്പോഴേക്കും ഗ്രഹണം അതിന്‍റെ അവസാനത്തോട് അടുത്തിരിക്കാം. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം വൈകീട്ട് 3.20 ആകുമ്പോള്‍ ഭാഗിക ഗ്രഹണം ആരംഭിക്കും. 4.34 ആകുമ്പോഴേക്കും പൂര്‍ണഗ്രഹണവും. ഈ സമയം ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. വൈകീട്ട് 6:47 നും 7:53 നും ഇടയിൽ ഗ്രഹണം അവസാനിക്കും. സൂര്യാസ്തമയത്തോടടുത്ത്, ഏകദേശം വൈകുന്നേരം 6:20 മുതൽ ഗ്രഹണം കണ്ടു തുടങ്ങാം.

ഈ കാഴ്ച കാണാനാകട്ടെ പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ലതാനും. എങ്കിലും‌ ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉണ്ടെങ്കിൽ കാഴ്ച കൂടുതല്‍ മിഴിവുള്ളതായിരിക്കും. സൂര്യപ്രകാശം മാത്രം പ്രതിഫലിപ്പിക്കുന്നതിനാല്‍ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സുരക്ഷിതമാണ്.

എന്താണ് ചന്ദ്രഗ്രഹണം?

ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുമ്പോള്‍, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണത്തില്‍ ഭൂമിയുടെ നിഴലിൽ ചന്ദ്രന്‍റെ ഒരു ഭാഗം മാത്രമേ മറയുകയുള്ളൂ. അതേസമയം, ‌സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലായിരിക്കും. ഈ സമയം ഭൂമിയുടെ നിഴലിന്‍റെ ഏറ്റവും ഇരുണ്ട ഭാഗമായ അംബ്ര ചന്ദ്രനെ മൂടുന്നു. ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പൂർണ്ണമായി മറയുകയും എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ ചന്ദ്രനെ ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ ദൃശ്യമാക്കുകയും ചെയ്യുന്നു.

ചുവപ്പ് നിറത്തിന് കാരണം

സമ്പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷമാണ് ചന്ദ്രനെ ‘രക്തചന്ദ്രനാ’ക്കി മാറ്റുന്നത്. ഈ സമയം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ ചന്ദ്രനില്‍ പതിക്കുന്നു. ഈ സൂര്യരശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രകീര്‍ണനത്തിന് വിധേയമാകും. ഇതോടെ ദൃശ്യപ്രകാശത്തിലെ പച്ച മുതൽ വയലറ്റ് തരംഗദൈർഘ്യം കുറഞ്ഞ കിരണങ്ങള്‍ ചിതറിത്തെറിക്കുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ചന്ദ്രനിലേക്കെത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ചന്ദ്രന്‍ രക്തചന്ദ്രനായി കാണപ്പെടുന്നത്. സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിനു സമാനമായിരിക്കും ഇത്.

ENGLISH SUMMARY:

A spectacular total lunar eclipse, also known as a Blood Moon, will occur tomorrow, March 3, 2026, coinciding with the festival of Holi. In India, the partial eclipse begins at 3:20 PM IST, with the totality starting at 4:34 PM IST. While the initial stages won't be visible due to daylight, skywatchers in India can witness the crimson moon shortly after moonrise, around 6:20 PM IST. This astronomical event happens when Earth aligns between the Sun and Moon, casting a deep red shadow through atmospheric refraction. This is the last total lunar eclipse until 2029, making it a must-watch event for stargazers. No special equipment is needed to view this safe celestial phenomenon, though binoculars can enhance the experience. Stay updated for city-wise moonrise timings and viewing tips for the 2026 lunar eclipse.